Skip to main content

ആറ്റുകാൽ പൊങ്കാല പ്രകൃതി സൗഹൃദമാക്കാൻ ശുചിത്വ മിഷൻ

*ഹരിതചട്ടം പാലിക്കണമെന്ന് മാർഗനിർദേശം

ആറ്റുകാൽ പൊങ്കല ഉത്സവത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കെ, പരിസ്ഥിതി സൗഹൃദമാക്കാൻ മാർഗനിർദേശങ്ങളുമായി ജില്ലാ ശുചിത്വ മിഷൻ. ഭക്തജനങ്ങളും കടയുടമകളും ഭക്ഷണ-കുടിവെള്ള വിതരണം നടത്തുന്നവരും വിവിധ സംഘടനകളും ഹരിതചട്ടങ്ങൾ പാലിക്കണമെന്നും പാസ്റ്റിക് മാലിന്യമില്ലാത്ത പൊങ്കാല ഉത്സവത്തിനായി സഹകരിക്കണമെന്നും ജില്ലാ കോർഡിനേറ്ററുടെ നിർദേശത്തിലുണ്ട്.   

പൊങ്കാലയ്‌ക്കെത്തുന്ന ഭക്തജനങ്ങൾ അരിയും സാധനങ്ങളും പ്ലാസ്റ്റിക് കവറിന് പകരം ഇലയിലോ, പേപ്പറിലോ, പുനരുപയോഗിക്കാവുന്ന പാത്രങ്ങളിലോ, തുണി സഞ്ചിയിലോ കൊണ്ടുവരണം. കുടിവെള്ളം സ്റ്റീൽ കുപ്പിയിൽ കരുതണം. സ്റ്റീൽ പ്ലേറ്റും സ്റ്റീൽ ഗ്ലാസും തുണിസഞ്ചിയും കൊണ്ടുവരണം.

ഭക്ഷണം വിതരണം ചെയ്യുന്നവർ കോർപ്പറേഷനിൽ നിന്നുള്ള രജിസ്ട്രേഷൻ നേടണം. ഭക്തജനങ്ങൾക്ക് വിതരണം ചെയ്യുന്ന കുടിവെള്ളവും ഭക്ഷണസാധനങ്ങളും വൃത്തിയുള്ളതും ഭക്ഷ്യയോഗ്യമാണെന്നും ഉറപ്പുവരുത്തണം. ഭക്ഷണം വിതരണം ചെയ്യുന്നതിന് കഴുകി ഉപയോഗിക്കാവുന്ന ഗ്ലാസുകളും പാത്രങ്ങളും ഉപയോഗിക്കണം.

ആറ്റുകാൽ പൊങ്കാലയുടെ ഭാഗമായുള്ള ആശംസാ ബോർഡുകൾ പ്രിന്റ് ചെയ്യുന്നതിന് പരിസ്ഥിതി സൗഹൃദ വസ്തുക്കൾ (ഓല, വാഴയില, പനയോല, പായ എന്നിവ) ഉപയോഗിക്കണം. തുണിയിൽ പ്രിന്റ് ചെയ്യുകയോ എഴുതുകയോ ആകാം.  

കടയുടമകൾ കുടിവെള്ളവും ഭക്ഷ്യവസ്തുക്കളും കഴുകി ഉപയോഗിക്കാവുന്ന പാത്രങ്ങളിൽ മാത്രം വിതരണം ചെയ്യണം. പ്ലാസ്റ്റിക് പാക്കറ്റുകൾ, വെള്ളക്കുപ്പികൾ എന്നിവ വലിച്ചെറിയാതെ ശേഖരിക്കുന്നതിന് കടയുടെ സമീപത്തായി വേസ്റ്റ് ബിൻ സ്ഥാപിക്കണമെന്നും നിർദേശത്തിലുണ്ട്.

date