Skip to main content

ചെറുനഗരങ്ങളില്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അനന്തസാധ്യത ജില്ലയുടെ സ്റ്റാര്‍ട്ടപ്പ് കുതിപ്പിന് ചിറക് നല്‍കി ഇഗ്‌നൈറ്റ്

വന്‍കിട നഗരങ്ങളില്‍ മാത്രമല്ല, സംസ്ഥാനത്തിന്റെ ചെറുനഗരങ്ങളിലും ടെക്‌നോളജി സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അനന്തസാധ്യതയാണുള്ളതെന്ന് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സംഘടിപ്പിച്ച ഇഗ്നൈറ്റ് പരിപാടിയില്‍ പങ്കെടുത്ത വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. ചെറുനഗരങ്ങളില്‍ സ്റ്റാര്‍ട്ടപ്പ് നിക്ഷേപ സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്നതിനും സംരംഭകരെ നിക്ഷേപകരുമായി ബന്ധിപ്പിക്കുന്നതിനുമായി കെ.എസ്.യു.എം ആവിഷ്‌കരിച്ച പരിപാടിയായ ഇഗ്‌നൈറ്റില്‍ എഴുപതില്‍പ്പരം സ്റ്റാര്‍ട്ടപ്പുകളാണ് പങ്കെടുത്തത്. അതിവേഗം നാഗരികവത്കരണം സംഭവിച്ചു കൊണ്ടിരിക്കുന്ന സംസ്ഥാനമാണ് കേരളമെന്ന് ചര്‍ച്ചയില്‍ സംസാരിച്ച കെ.എസ്.യു.എം സി.ഇ.ഒ അനൂപ് അംബിക ചൂണ്ടിക്കാട്ടി. കേരളത്തിലെ മിക്ക ഗ്രാമപ്രദേശങ്ങളിലും മികച്ച ഇന്റര്‍നെറ്റ് സംവിധാനം നിലവിലുണ്ട്. ചെറുനഗരങ്ങളില്‍ ടെക്‌നോളജി സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങുന്നതിനെ കെ.എസ്.യു.എമ്മിന്റെ എല്ലാ സഹകരണവുമുണ്ടാകുമെന്നും ആദ്ദേഹം പറഞ്ഞു. സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപിക്കാനുള്ള ധനശേഷിയുള്ള വ്യക്തികളും സ്ഥാപനങ്ങളും ഈ നഗരങ്ങളിലുണ്ട്. ഇവര്‍ക്ക് സ്റ്റാര്‍ട്ടപ്പ് നിക്ഷേപങ്ങളെക്കുറിച്ചുള്ള അവബോധം വളര്‍ത്തിയെടുക്കുന്നതിനു വേണ്ടിയുള്ള നിരവധി പരിപാടികള്‍ സ്റ്റാര്‍ട്ടപ്പ് മിഷന്‍ നടപ്പാക്കി വരികയാണ്. കൊല്ലം, പാലക്കാട്, കണ്ണൂര്‍ എന്നിവിടങ്ങളിലെ ഇന്‍കുബേഷന്‍ സെന്ററുകളും ഈ ദൗത്യത്തില്‍ മുഖ്യപങ്ക് വഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിക്ഷേപക ശ്രദ്ധ പിടിച്ചു പറ്റുന്ന രീതിയില്‍ എങ്ങിനെ സ്വന്തം സ്റ്റാര്‍ട്ടപ്പിനെ അവതരിപ്പിക്കാമെന്ന വിഷയത്തില്‍ നടന്ന പിച്ച് ക്ലിനിക്കില്‍ പ്രീമാജിക്കിന്റെ സ്ഥാപകന്‍ അനൂപ് മോഹന്‍ സംസാരിച്ചു. ശൈശവ ദശയിലുള്ള സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളെ എങ്ങിനെ ഉയര്‍ത്തിക്കൊണ്ടു വരാം എന്ന വിഷയത്തില്‍ ഫ്രഷ് ടു ഹോം സ്ഥാപകന്‍ മാത്യു ജോസഫ് അനുഭവങ്ങള്‍ പങ്ക് വച്ചു. സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപം നടത്തുന്നതിന്റെ സങ്കീര്‍ണതകളും വിശദാംശങ്ങളുമാണ് മലബാര്‍ എയ്ഞ്ജല്‍ നെറ്റ് വര്‍ക്കിന്റെ സഹസ്ഥാപകന്‍ പി.കെ. ഗോപാലകൃഷ്ണന്‍ സംസാരിച്ചത്. വിവിധ വിഷയങ്ങള്‍ പ്രതിപാദിക്കുന്ന റൗണ്ട് ടേബിള്‍ ചര്‍ച്ചയും ഇഗ്‌നൈറ്റിന്റെ ഭാഗമായി നടത്തി. ജില്ലാ കളക്ടര്‍ ഡോ. എസ് ചിത്ര മുഖ്യപ്രഭാഷണം നടത്തി. ഗ്രാമീണ മേഖലകളിലേക്ക് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ ചിറക് വിരിക്കുമ്പോള്‍ എന്ന വിഷയത്തില്‍ അനൂപ് അംബിക സംസാരിച്ചു. കെ.എസ്.യു.എം പ്രൊജക്ട് ഡയറക്ടര്‍ കാര്‍ത്തിക് പരശുറാം, ഇന്‍കുബേഷന്‍ മാനേജര്‍ വിഗ്നേഷ് രാധാകൃഷ്ണന്‍, വിവിധ സ്റ്റാര്‍ട്ടപ്പ് പ്രതിനിധികള്‍ എന്നിവരും പരിപാടിയില്‍ സംസാരിച്ചു പ്രാരംഭ ദശയില്‍ നേരിടുന്ന പ്രശനങ്ങള്‍, സ്റ്റാര്‍ട്ടപ്പ് ആവാസ വ്യവസ്ഥ രൂപപ്പെടുത്തുന്നതിനുള്ള പദ്ധതികള്‍ എന്നീ വിഷയങ്ങളില്‍ റൗണ്ട് ടേബിള്‍ ചര്‍ച്ച നടന്നു. എഴുപതോളം സ്റ്റാര്‍ട്ടപ്പുകള്‍ പങ്കെടുത്ത പരിപാടിയില്‍ ഇന്ത്യയിലെ നാലു പ്രധാനപ്പെട്ട വെഞ്ച്വര്‍ ക്യാപിറ്റല്‍ സ്ഥാപനങ്ങളും പങ്കെടുത്തു. ഇരുപതോളം സ്റ്റാര്‍ട്ടപ്പുകള്‍ നിക്ഷേപകരുമായി സംവദിച്ചു. പ്രോഡക്ട് എക്‌സ്‌പോയില്‍ പത്ത് സ്റ്റാര്‍ട്ടപ്പുകളാണ് പങ്കെടുത്തത്. ഐഐഎടി പാലക്കാട്, പാലക്കാട് മാനേജ്‌മെന്റ് അസോസിയേഷന്‍, ദര്‍ശന, കഞ്ചിക്കോട് ഇന്‍ഡസ്ട്രീസ് ഫോറം എന്നിവരായിരുന്നു പരിപാടിയുടെ പങ്കാളികള്‍.

date