Skip to main content

സിനിമ ചരിത്രം പറയുന്ന പുസ്തകങ്ങളുമായി ബുക്ക് സ്റ്റാൾ

കോട്ടയം: സിനിമ കാണാനും ആസ്വദിക്കാനും മാത്രമല്ല, ചരിത്രമറിയാനും പഴയകാല സിനിമകളെപ്പറ്റി പഠിക്കാനുമുള്ള അവസരം കൂടിയാണ് അനശ്വര തിയേറ്ററിൽ ചലച്ചിത്ര ആരാധകർക്കായി ഒരുക്കിയിട്ടുള്ളത്. കോട്ടയം രാജ്യാന്തര ചലച്ചിത്രമേളയോട് അനുബന്ധിച്ച് കേരള ചലച്ചിത്ര അക്കാദമിയുടെ നേതൃത്വത്തിലാണ് അനശ്വര തിയേറ്ററിൽ സിനിമവിഷയങ്ങളിൽ ആഴത്തിൽ അറിവു പകരാനുതകുന്ന ബുക്ക് സ്റ്റാൾ സജ്ജീകരിച്ചിട്ടുള്ളത്.
 1928 മുതൽ ഇറങ്ങിയിട്ടുള്ള എല്ലാ മലയാള സിനിമകളുടേയും യഥാർത്ഥ പോസ്റ്ററുകൾ, സംവിധായകർ, അഭിനേതാക്കൾ, പിന്നണി പ്രവർത്തകർ, തുടങ്ങി ഒരു സിനിമയ്ക്കു വേണ്ടി പ്രവർത്തിച്ച മുഴുവൻ ആളുകളുടേയും വിവരങ്ങൾ അടങ്ങിയ പുസ്തകം 'മലയാള സിനിമ നാൾവഴികൾ' ആണ് സ്റ്റാളിലെ പ്രധാന ആകർഷണം.

ചലച്ചിത്ര അക്കാദമി ഈ വർഷം പുറത്തിറക്കിയ വിടപറയാത്ത ജോൺ പോൾ, കാലത്തിന്റെ ഇരുൾ ഭൂപടങ്ങൾ, നിത്യ ലളിത, ഋതുഭേദങ്ങളിലൂടെ പ്രതാപ് പോത്തൻ, ആകാശത്തിലേക്കുള്ള വാതിലുകൾ എന്നീ പുസ്തകങ്ങളും സ്റ്റാളിൽ ലഭ്യമാണ്. മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള 2018ലെ ദേശീയ പുരസ്‌കാരം ലഭിച്ച പുസ്തകം 'മൗന പ്രാർത്ഥന പോലെ'യും സ്റ്റാളിലുണ്ട്. സംവിധായകൻ അരവിന്ദനെക്കുറിച്ച് എസ്. ജയചന്ദ്രൻ നായർ രചിച്ച പുസ്തകമാണ് മൗനപ്രാർഥന പോലെ. ചലച്ചിത്ര അക്കാദമിയുടെ വിവിധ പ്രസിദ്ധീകരണങ്ങളുടെ വാർഷിക വരിക്കാരാകാനുള്ള അവസരവുമുണ്ട്. അറുപതോളം പുസ്തകങ്ങളാണ് സ്റ്റാളിൽ ലഭ്യമാക്കിയിട്ടുള്ളത്. തിരഞ്ഞെടുത്ത പുസ്തകങ്ങൾക്ക് 50 ശതമാനം വരെ കിഴിവ് ലഭിക്കും.

date