Skip to main content

തൂക്കുപാലങ്ങള്‍ പുനര്‍നിര്‍മ്മിക്കാന്‍ കേന്ദ്ര സഹായം തേടും; താലൂക്ക് വികസനസമിതി

കാലവര്‍ഷക്കെടുതിയില്‍ തകര്‍ന്ന വെണ്ണക്കോട്, പൊയിലങ്ങാടി, പാലക്കുറ്റി എന്നീ തൂക്കുപാലങ്ങള്‍ പുനര്‍നിര്‍മ്മിക്കുന്നതിന് സഹായം അഭ്യര്‍ഥിച്ച് കേന്ദ്രസംഘത്തിന് റിപ്പോര്‍ട്ട് നല്‍കാന്‍ താമരശേരി താലൂക്ക് വികസന സമിതി യോഗം തീരുമാനിച്ചു. താമരശേരി പഞ്ചായത്തിലെ കോരങ്ങാട് ശ്മശാനത്തില്‍ ചകിരി ഉപയോഗിച്ചാണ് നിലവില്‍ ശവം ദഹിപ്പിക്കുന്നത്. ഇവിടെ വൈദ്യുതി ശ്മശാനം നിര്‍മ്മിക്കുന്നതിന് ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു. കൊടുവള്ളി, താമരശേരി അങ്ങാടികളില്‍ ഓവുചാല്‍ യഥാസമയം വൃത്തിയാക്കാത്തതിനാല്‍ വെള്ളക്കെട്ട് നിലനില്‍ക്കുന്നുണ്ടെന്നും ഇത് ഉടന്‍ പരിഹരിക്കാനും ദേശീയപാതയില്‍ ഭീഷണിയുയര്‍ത്തി നില്‍ക്കുന്ന മരങ്ങളുടെ കൊമ്പുകള്‍ മുറിച്ചുമാറ്റി ഭീഷണി ഒഴിവാക്കാനും പിഡബ്ല്യുഡി (ദേശീയപാത വിഭാഗം)ത്തിന് ദുരന്തനിവാരണ നിയമ പ്രകാരം ഉത്തരവ് നല്‍കാന്‍ ജില്ലാ  കലക്ടറോട് ശുപാര്‍ശ ചെയ്യാനും തീരുമാനിച്ചു. 
താമരശേരി ടൗണിലെ ഹൈമാസ് ലൈറ്റുകള്‍ പ്രകാശിപ്പിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കാന്‍  ഗ്രാമ പഞ്ചായത്തിന് നിര്‍ദ്ദേശം നല്‍കും. കോടഞ്ചരി വില്ലേജിലെ അടിവാരം പൊട്ടിക്കൈയില്‍ റവന്യൂ ഭൂമിയില്‍ കൈയേറ്റമുണ്ടായിട്ടുണ്ടെങ്കില്‍ എത്രയും പെട്ടെന്ന് ഒഴിപ്പിക്കാനുള്ള നടപടി സ്വീകരിക്കാനും തീരുമാനിച്ചു. യോഗത്തില്‍ കാരാട്ട് റസാക്ക് എംഎല്‍എ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്് ഏലിയാമ്മ ജോര്‍ജ്, കട്ടിപ്പാറ പഞ്ചായത്ത് പ്രസിഡന്റ് ബേബി രവീന്ദ്രന്‍, കൊടുവള്ളി നഗരസഭ വൈസ് ചെയര്‍മാന്‍ എ പി മജീദ് മാസ്റ്റര്‍, നരിക്കുനി പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി അബ്ദുല്‍ജബ്ബാര്‍, വിവിധ രാഷ്ട്രീയ പാര്‍ടി പ്രതിനിധികളായ സി ടി ഭരതന്‍, സലിം പുല്ലടി, ടി കെ മുഹമ്മദ്മാസ്റ്റര്‍ , ടി എം പൗലോസ്, കെ വി സെബസ്റ്റ്യന്‍, കെ റുഖിയാ ബീവി, പി ടി അഹമ്മദ്കുട്ടിഹാജി, അഡ്വ. കെ നിഷഥാന്ത് പി ജോസ് എന്നിവര്‍ സംസാരിച്ചു. 
 

date