Skip to main content

സീറോ വേസ്റ്റ് മലപ്പുറം; പദ്ധതി കൂടുതല്‍ ഓഫീസുകളിലേക്ക്

ജില്ലയെ സമ്പൂര്‍ണ മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന ' സീറോ വേസ്റ്റ് മലപ്പുറം' പദ്ധതി കൂടുതല്‍ സര്‍ക്കാര്‍ ഓഫീസുകളിലേക്ക് വ്യാപിപ്പിക്കുന്നു. മലപ്പുറം സിവില്‍ സ്റ്റേഷനില്‍ തുടങ്ങിയ പദ്ധതി ജില്ലയിലെ മറ്റു ഓഫീസുകളിലും നടപ്പാക്കി തുടങ്ങി. മഞ്ചേരി മിനി സിവില്‍സ്റ്റേഷനിലാണ് രണ്ടാംഘട്ടത്തില്‍ നടപ്പാക്കുന്നത്. അടുത്ത ദിവസങ്ങളിലായി ജില്ലയിലെ മുഴുവന്‍ ഓഫീസുകളിലേക്കും ഇത് വ്യാപിപ്പിക്കും.    
മാലിന്യം ശേഖരിക്കുന്നതിനായി ഓഫീസുകള്‍ക്ക് ചാക്കുകള്‍ നല്‍കിയിട്ടുണ്ട്. ഇവ നിറയുമ്പോള്‍ സീറോ വേസ്റ്റ് വളന്റിയര്‍മാര്‍ ശേഖരിച്ച് സംസ്‌കരണ കേന്ദ്രത്തില്‍ എത്തിക്കും. അവിടെ നിന്നും തരം തിരിച്ച് പുനരുപയോഗിത്തിനായി നല്‍കും. പേപ്പര്‍മാലിന്യങ്ങള്‍ പേപ്പര്‍ പള്‍പ്പുണ്ടാക്കുതിനും പ്ലാസ്ററിക് മാലിന്യങ്ങള്‍ പ്ലാസ്റ്റിക് കയര്‍ ,പൈപ്പ് എന്നിവ ഉണ്ടാക്കുതിനുമാണ് ഉപയോഗിക്കുന്നത്  ജൈവ മാലിന്യങ്ങള്‍ വളമാക്കി മാറ്റുകയാണ് ചെയ്യുക. ജൈവ മാലിന്യം ഇടുന്നതിനായി വേസ്റ്റ് ബിന്നുകള്‍ നല്‍കിയിട്ടുണ്ട്. പദ്ധതി നടപ്പാക്കുന്നതിന് മുന്നോടിയായി സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കിയിരുന്നു. ഇതിന് പുറമെ എല്ലാ വകുപ്പ് ജീവനക്കാര്‍ക്കും പ്രത്യേകം ബോധവത്കരണ ക്ലാസുകളും നല്‍കി. മേല്‍നോട്ടത്തിനായി എല്ലാ ഓഫീസിലും ഗ്രീന്‍പ്രോട്ടോകോള്‍ കോഡിനേറ്ററെ നിയമിക്കുകയും ചെയ്തിട്ടുണ്ട്.

പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് മഞ്ചേരി മിനി സിവില്‍ സ്റ്റേഷന്‍ ജീവനക്കാര്‍ക്ക് നല്‍കിയ പരിശീലനം ഏറനാട് തഹസില്‍ദാര്‍ പി സുരേഷ്, ഡെപ്യൂട്ടി തഹസില്‍ദാര്‍ എം മുകുന്ദന്‍, സീറോവേസ്റ്റ് ജില്ലാ കോഡിനേറ്റര്‍ പി മുഹമ്മദ് റസീന്‍ എന്നിവര്‍ സംസാരിച്ചു.

 

date