Skip to main content

മാവിലാകടപ്പുറം വലിയപറമ്പ്പാലം റോഡ് ആധുനികവത്ക്കരിക്കുന്നതിന് അഞ്ച് കോടി രൂപയുടെ ഭരണാനുമതി

   തൃക്കരിപ്പൂർ മണ്ഡലത്തിലെ മാവിലാകടപ്പുറം വലിയപറമ്പ്പാലം റോഡ് ബി.എം. ആൻഡ്  ബി.സി. ചെയ്ത് ആധുനികവത്ക്കരിക്കുന്നതിന് അഞ്ച് കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. ഒരിയര പാലം മുതൽ വലിയപറമ്പ്പാലം വരെയുള്ള 7.5 കിലോമീറ്റർ റോഡ് ആണ് ആധുനിക നിലവാരത്തിൽ മെക്കാഡം ടാറിംഗ് നടത്തുന്നത്. ഒന്നാം പിണറായി സർക്കാറിന്റെ കാലത്ത് 2 കോടി രൂപ വിനിയോഗിച്ച് ഈ റോഡ് വീതിവർദ്ധിപ്പിച്ച് പുതുക്കിപ്പണിതിരുന്നു. സംസ്ഥാന സർക്കാറിന്റെ പ്രധാന പദ്ധതിയായ തീരദേശഹൈവ്വേ വലിയപറമ്പിലൂടെയാണ് കടന്നുപോകുന്നത്. 50 മീറ്ററിനും 500 മീറ്ററിനും ഇടയില്‍മാത്രം വീതിയുള്ള വലിയപറമ്പ് പഞ്ചായത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ കണക്കിലെടുത്ത് നിലവിലുള്ള മാവിലാകടപ്പുറം ഏഴിമല റോഡ് ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള അലൈന്‍മെന്റാണ് ആദ്യഘട്ടത്തില്‍ കിഫ്ബി തയ്യാറാക്കിയിരുന്നത്. ഈ കാരണത്താലാണ് ഈറോഡ് ഇതുവരെയായും മെക്കാഡം ടാറിംഗ് ചെയ്യാതിരുന്നത്.

  എന്നാൽ വലിയപറമ്പ് പാലം മുതൽ മാവിലാക്കടപ്പുറം വരെ നിലവിലുള്ള പി.ഡബ്ല്യു.ഡി. റോഡ് വിപുലപ്പെടുത്തി തീരദേശഹൈവേ നിർമ്മിക്കുമ്പോൾ റോഡിന് ഇരുഭാഗത്തുമുള്ള ജനങ്ങൾ ഏറെ പ്രയാസം അനുഭവിക്കുമെന്നും അതിനാൽ വലിയപറമ്പ്പാലം മുതൽ മാവിലാകടപ്പുറം വരെ കടൽത്തീരത്ത് കൂടി തീരദേശഹൈവേ കൊണ്ടുപോകണമെന്ന ജനങ്ങളുടെയും പൊതുവായ ആവശ്യം പരിഗണിച്ച് കിഫ്ബി തീരദേശഹൈവേയുടെ അലൈൻമെന്റ് കടൽ തീരത്തുകൂടി മാറ്റിനിശ്ചയിച്ചു. ഈ പശ്ചാത്തലത്തിലാണ് നിലവിലുള്ള റോഡ് ആധുനിക നിലവാരത്തിൽ പുനരുദ്ധാരണം നടത്തണമെന്ന് ആവശ്യപ്പെട് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസിന് നിവേദനം നൽകുകയും തുടർന്ന് പ്രവൃത്തി അനുവദിച്ചിട്ടുള്ളതുമെന്ന് എം.രാജഗോപാലൻ എം എൽ എ അറിയിച്ചു.

date