Skip to main content

പൂനൂര്‍ ഗവണ്മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളിനെ ഹരിതാഭമാക്കി ഭൂമിത്രസേനാക്ലബ്

 

പ്രകൃതി സംരക്ഷണ പ്രവര്‍ത്തനത്തില്‍ മാതൃകയായി പൂനൂര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ഭൂമിത്രസേനാ ക്ലബ്. 
 കേന്ദ്രപരിസ്ഥിതി മന്ത്രാലയത്തിന്റെയും കേരള കാലാവസ്ഥ വ്യതിയാനവകുപ്പിന്റെയും കീഴില്‍ പ്രവര്‍ത്തിക്കുന്നതാണ് ഭൂമിത്രസേന ക്ലബ്. 2007മുതല്‍ വിദ്യാര്‍ഥികളുടെയും പിടിഎ കമ്മിറ്റിയുടെയും സഹകരണത്തോടെ നടപ്പിലാക്കുന്ന ജൈവ വൈവിധ്യ സംരക്ഷണ പ്രവര്‍ത്തനത്തിലൂടെ ഒട്ടേറെ നാടുനീങ്ങുന്ന ചെടികള്‍ക്ക് സംരക്ഷകരായി മാറിയിരിക്കുകയാണ് ക്ലബ്. 
ഓരോ വര്‍ഷവും ഓരോ തരം ചെടികള്‍ എന്ന രീതിയില്‍ നട്ടുവളര്‍ത്തിയാണ് ഈ നേട്ടം കൈവരിക്കാന്‍ കഴിഞ്ഞത്. 
2007ല്‍ തെച്ചി, മന്താരം, തുളസി. 2009ല്‍ കടലാസുപൂക്കളുടെ ഉദ്യാനം, 2010ല്‍ നാട് നീങ്ങുന്ന നാടന്‍ ചെടികള്‍, ചെമ്പരത്തി, 2011ല്‍ മുള, നെല്ലി. മരുത്, വേങ്ങ, പേര എന്നിങ്ങനെ 7 ലക്ഷം രൂപയുടെ പ്രകൃതി സംരക്ഷണപ്രവര്‍ത്തനങ്ങള്‍ ഇതിനകം ക്ലബ് പൂര്‍ത്തീകരിച്ചു. 
2018ല്‍ ആല്‍ മരങ്ങളുടെ സംരക്ഷണം ലക്ഷ്യമാക്കിയുള്ള പദ്ധതി 'ആല്‍ 2018' ന്റെ ഉദ്ഘാടനം തൊഴില്‍ വകുപ്പ് മന്ത്രി ടി. പി. രാമകൃഷ്ണന്‍ നിര്‍വഹിച്ചു. പദ്ധതിയുടെ ഭാഗമായി ആല്‍, അരയാല്‍, പാല, കുടപ്പന, കരിമ്പന, ഈരുമ്പന, മുതലായ വംശനാശ ഭീഷണി നേരിടുന്ന ചെടികള്‍ സംരക്ഷിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നതായി ക്ലബ് ചെയര്‍പേഴ്സണ്‍ അഞ്ജന ഗണേഷ്, സെക്രട്ടറി അര്‍ജുന്‍ എന്നിവര്‍ പറഞ്ഞു. 
കൂടാതെ വൃക്ഷങ്ങള്‍ക്ക് ചുറ്റും തറ കെട്ടി  ഗ്രാനൈറ്റ് പതിച്ചു കുട്ടികള്‍ക്ക് തണല്‍ ഇരിപ്പിടങ്ങള്‍ ഒരുക്കുന്ന പദ്ധതി പുരുഷന്‍ കടലുണ്ടി എംഎല്‍എ ഉദ്ഘാടനം ചെയ്തു. പുറം ഇരിപ്പിടങ്ങള്‍ കുട്ടികളുടെ പഠന വിരസത ഒഴിവാക്കാന്‍ ഏറെ സഹായകരമാണെന്ന് അധ്യാപകര്‍ പറയുന്നു. ഭൂമിത്രസേനയുടെ പ്രകൃതി സംരക്ഷണപ്രവര്‍ത്തനത്തിന് പ്രത്യേക ബ്രോഷറും ആക്ടിവിറ്റി കലണ്ടറും 50 പേരടങ്ങുന്ന ക്ലബ് അംഗങ്ങള്‍   തയ്യാറാക്കിയിട്ടുണ്ട് .
മനോഹരമായി പരിപാലിക്കപ്പെടുന്ന ഒരു ഉദ്യാനമാക്കി ക്യാമ്പസ് തന്നെ പാഠപുസ്തകമെന്ന സങ്കല്‍പ്പത്തിലേക്ക് സ്‌കൂളിനെ മാറ്റിയെടുക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചത് സ്‌കൂളിലെ ഇംഗ്ലീഷ് അധ്യാപകനും ഭൂമിത്ര സേന കോ-ഓര്‍ഡിനേറ്ററുമായ പി രാമചന്ദ്രന്‍ മാസ്റ്ററാണ്. ജില്ലാ പഞ്ചായത്ത് സഹകരണത്തോടെ ഇവിടം മനോഹരമായഒരു പാര്‍ക്കാക്കി മാറ്റുന്നതിനും പദ്ധതി തയാറാക്കുന്നതായി ക്ലബ് അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ ടി വിനീഷ് മാസ്റ്റര്‍ പറഞ്ഞു.

 

date