Skip to main content

ആസ്പിരേഷണല്‍ വിഭാഗംഃ ജില്ലയ്ക്ക് 47-ാം സ്ഥാനം

    ജില്ലയിലെ പിന്നോക്ക വിഭാഗങ്ങളുടെ മാനവിക വികസന സൂചിക നിലവാരം ഉയര്‍ത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പ്രഥമ പരിഗണനയോടെ ആരംഭിക്കണമെന്ന് ആസ്പിരേഷണല്‍ ജില്ലാ കേന്ദ്ര നോഡല്‍ ഓഫീസര്‍ ഡോ. വി.പി. ജോയി തദ്ദേശഭരണ സ്ഥാപന ഭാരവാഹികളോട് ആവശ്യപ്പെട്ടു. വിളര്‍ച്ച-പോഷകാഹാരക്കുറവ്, വിദ്യാഭ്യാസം, കൃഷി-ജലവിഭവം, സാമ്പത്തിക നില, അടിസ്ഥാന സൗകര്യങ്ങള്‍ എന്നീ ആറ് മേഖലകളിലെ നിലവാരം അടിസ്ഥാനമാക്കി തയ്യാറാക്കിയിട്ടുള്ള ഇന്ത്യയിലെ 115 പിന്നോക്ക ജില്ലകളില്‍ 47 ാം സ്ഥാനമാണ് വയനാടിനെന്നും ആദ്ദേഹം ഓര്‍മ്മിപ്പിച്ചു. ജില്ലാ ആസൂത്രണ ഭവന്‍ എ.പി.ജെ ഹാളില്‍ തദ്ദേശഭരണ സ്ഥാപന അധികൃതരുടേയും ഉദ്യോഗസ്ഥരുടേയും പദ്ധതി അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രൂപരേഖ സമര്‍പ്പിച്ചാല്‍ ജില്ലയ്ക്ക് നൈപുണ്യ വികസന കേന്ദ്രം അനുവദിക്കാമെന്നും അദ്ദേഹം അറിയിച്ചു.
    ആദിവാസികളെ വിശ്വാസത്തിലെടുക്കുന്നതിന് അവര്‍ക്ക് ആവശ്യമായവ എന്തെന്ന് കണ്ടെത്തി നല്‍കാന്‍ കഴിയുന്ന വിധത്തിലുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യണം. ഇതിന്  നിലവിലുള്ള നടപടിക്രമങ്ങളില്‍ എന്തെങ്കിലും തടസ്സങ്ങളുണ്ടെങ്കില്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തി പരിഹരിക്കണമെന്നും ജില്ലാ ഭരണകൂടത്തോട് അദ്ദേഹം നിര്‍ദ്ദേശിച്ചു. 
    ആദിവാസി മേഖലയിലെ സൂചികയില്‍ സമഗ്രവളര്‍ച്ച കൈവരിക്കാന്‍ കഴിഞ്ഞാല്‍ മാത്രമേ ആസ്പിരേഷനല്‍ ഡിസ്ട്രിക്ട് പദ്ധതിയില്‍ ജില്ലയ്ക്ക് മുന്നേറാന്‍ കഴിയൂ. ആദിവാസി മേഖലയില്‍ സ്‌കില്‍ ഡവലെപ്പ്‌മെന്റ്, പോഷകാഹാര കുറവ് പരിഹരിക്കല്‍, അടിസ്ഥാന സൗകര്യവികസനം തുടങ്ങിയ പദ്ധതികള്‍ക്ക് പ്രത്യേക പരിഗണന നല്‍കണം. ജില്ലയിലെ ഏറ്റവും പിന്നാക്കം നില്‍ക്കുന്ന ആദിവാസി വിഭാഗമായ പണിയ, കാട്ടുനായ്ക്ക, ഊരാളി സമൂദായത്തല്‍പ്പെട്ട എസ്.എല്‍.എല്‍.സി, പ്ലസ്ടു പാസ്സായവരുടെ സമഗ്ര വിവരങ്ങള്‍ ശേഖരിച്ച് ജില്ലാ പ്ലാനിംഗ് ഓഫിസര്‍ക്ക് നല്‍കാന്‍ ട്രൈബല്‍ വകുപ്പിനോട് ആവശ്യപ്പെട്ടു. ഐ.ടി.ഐ പ്രവേശനം ലഭിക്കാതെ പോയ ആദിവാസി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ കൈമാറാന്‍ പ്രിന്‍സിപ്പാള്‍മാരേയും ചുമതലപ്പെടുത്തി. നിലവില്‍ ജില്ലയില്‍ ടെക്‌നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകളുടെ കുറവ് നൈപുണ്യ പരിശീലനത്തിന് പ്രധാന പ്രശ്‌നമാണ്. ഇതു പരിഹരിക്കാന്‍ കുടുംബശ്രീയുടെയും മറ്റ് ഏജന്‍സികളുടെയും സ്ഥാപനങ്ങളുടെയും സഹായം തേടും. ലഭിച്ച ജോലി കുറച്ചുനാളുകള്‍ക്കുള്ളില്‍ ഉപേക്ഷിക്കുന്ന പതിവും ആദിവാസികളുടെയിടയിലുണ്ട്. ഇതിനു പരിഹാരം കാണാന്‍ കഴിയുന്ന വിധത്തിലുള്ള ബോധവല്‍ക്കരണം കൂടി പരിശീലനത്തില്‍ ഉല്‍പ്പെടുത്തണമെന്നും യോഗം നിര്‍ദ്ദേശച്ചു. സമീപപ്രദേശങ്ങളിലെ ഏറെ സാധ്യതയുള്ള ടൂറിസം മേഖലയില്‍കൂടി ആദിവാസി ഉദ്യോഗാര്‍ത്ഥികള്‍ക്ക് പരിഗണന നല്‍കണമെന്നും ഫണ്ട് പ്രശ്‌നമാവില്ലെന്നും ഡോ. വി.പി ജോയി പറഞ്ഞു.  
    ഹെല്‍ത്ത് ആന്‍ഡ് ന്യൂട്രീഷന്‍, അടിസ്ഥാന സൗകര്യ വികസനം, പ്രൈമറി ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ കണക്ക് എന്നിവയിലും ഏറെ പിറകിലാണ്. കാര്‍ഷിക മേഖലയില്‍ നിലവിലെ പദ്ധതികള്‍ ഉപയോഗിച്ച് ജോലിഭാരം ലഘൂകരിക്കുന്നതിന് യന്ത്രവല്‍ക്കരണം നടപ്പിലാക്കണം. കര്‍ഷകര്‍ക്ക് ഉത്പന്നങ്ങള്‍ നേരിട്ട് മാര്‍ക്കറ്റില്‍ വില്‍ക്കാന്‍ സംവിധാനമൊരുക്കാനും കഴിയണം. ഉജ്ജ്വല യോജന ഗ്യാസ് കണക്ഷന്‍ പദ്ധതി വഴി പുതുതായി പന്ത്രണ്ടായിരത്തോളം അപേക്ഷകരില്‍ നിന്നും പതിനായിരത്തോളം പേര്‍ക്കു കണക്ഷന്‍ നല്‍കി. ആദിവാസി മേഖലയില്‍ ലഹരി ബോധവത്കരണത്തിനുള്ള പരിപാടികള്‍ ശക്തമാക്കും. കോളനികളിലെ അടിസ്ഥാന സൗകര്യം വികസനം ത്വരിതപ്പെടുത്താന്‍ വകുപ്പുകള്‍ക്കു നിര്‍ദ്ദേശം നല്‍കിയുട്ടുണ്ടെന്നും തദ്ദേശഭരണ സാരഥികള്‍ യോഗത്തില്‍ അറിയിച്ചു.
    നിലവില്‍ പദ്ധതി നടത്തിപ്പിന്റെ ഭാഗമായി വിവിധ വകുപ്പുകള്‍ നേരിടുന്ന പ്രശ്‌നങ്ങളും സംശയങ്ങളും നോഡല്‍ ഓഫിസറെ അറിയിക്കാനും പരാതികള്‍ ക്രോഡീകരിച്ച്  കൈമാറാനും നിര്‍ദ്ദേശിച്ചു. വിവരങ്ങള്‍ അപ് ലോഡ് ചെയ്യുന്നതില്‍ കാലതാമസം ഉണ്ടാകരുത്. അംഗന്‍വാടികള്‍ വഴിയുള്ള പോഷകാഹാരം വിതരണം ത്വരിതപ്പെടുത്താന്‍ ഐ.സി.ഡി.എസ്, സോഷ്യല്‍ വെല്‍ഫയര്‍ വകുപ്പ് എന്നിവരുടെ യോഗം വിളിക്കാനും തീരുമാനിച്ചു. ജില്ലയുടെ മാനവിക വികസന സൂചികയുയര്‍ത്താന്‍ സംഭാവന നല്‍കാന്‍ തയാറായ എല്ലാവരെയും പദ്ധതിയുടെ ഭാഗമാക്കും. ഓരോ മാസവും റാങ്കിംഗ് പുരോഗതി വിലയിരുത്താന്‍ ജില്ലാതല യോഗം ചേരും. യോഗത്തില്‍ കേന്ദ്ര ഇലക്ട്രോണിക് ആന്‍ഡ് ഐടി സെക്രട്ടറി ഒ. ആനന്ദന്‍, ജില്ലാ പ്ലാനിംഗ് ഓഫിസര്‍ കെ.എം സുരേഷ്, എ.ഡി.എം ഇന്‍ ചാര്‍ജ് ഇ.പി മേഴ്‌സി തുടങ്ങിയവര്‍ പങ്കെടുത്തു. 

date