കയർ ഭൂവസ്ത്രം ഉപയോഗിച്ചുള്ള റോഡ് നിർമ്മാണം കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കും - മന്ത്രി പി.എ മുഹമ്മദ് റിയാസ്
കയർ വ്യവസായത്തിന് കൂടി ഗുണകരമായ രീതിയിൽ റോഡ് നിർമ്മാണത്തിന് കയർ ഭൂവസ്ത്രം ഉപയോഗിക്കുന്ന പദ്ധതി നടപ്പിലാക്കി വരികയാണെന്നും ഇത് കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് വകുപ്പ് ആലോചിക്കുന്നതെന്നും ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. ഇരിങ്ങല്ലൂർ കയർ വ്യവസായ സഹകരണ സംഘം കെട്ടിടം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
ജൈവ ഉൽപ്പന്നമായ കയർ മേഖലയ്ക്ക് വളരെയധികം പ്രയോജനം ലഭിക്കാൻ ഇത്തരം നീക്കം സഹായകരമാകും. കുട്ടനാട് പോലെ വെള്ളക്കെട്ടുള്ള പ്രദേശങ്ങളിൽ 21 റോഡുകളുടെ അടിത്തറ കയർ ജിയോ ടെക്സ്റ്റൈൽസ് ഉപയോഗിച്ച് ബലപ്പെടുത്തി. അതിനുമുകളിൽ റോഡ് ഉയർത്തി ബിഎം ആൻഡ് ബിസി നിലവാരത്തിൽ ടാറിങ് നടത്തുകയാണ് ചെയ്തിട്ടുള്ളത്. ഇത് കുട്ടനാട് നിർമ്മാണ പ്രവർത്തനത്തെ ഏറെ ശ്രദ്ധയാകർഷിക്കുന്ന രീതിയിലേക്ക് മാറ്റി. ഇത്തരം പദ്ധതി കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് ആലോചിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
സർക്കാർ അധികാരത്തിൽ വന്നതിനുശേഷം എല്ലാ കയർ മേഖലയെയും കൈപിടിച്ച് ഉയർത്താൻ ഒട്ടേറെ കാര്യങ്ങൾ ചെയ്തു. കയർ സഹകരണ സംഘങ്ങൾ ശക്തിപ്പെടുത്തി. കയർ മേഖലയിലെ ക്ഷേമപ്രവർത്തനങ്ങൾക്കായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മുഖേന വിവിധ പദ്ധതികൾക്കും രൂപം നൽകി. കാലത്തിന്റെ മാറ്റത്തിന് അനുസരിച്ച് യന്ത്രവൽക്കരണ പരിപാടികളും കൊണ്ടുവന്നു. 100 കോടിയിലധികം രൂപയുടെ കയർ ഭൂവസ്ത്രങ്ങളാണ് കേരളത്തിലുടനീളം മണ്ണ്, ജലസംരക്ഷണ പദ്ധതികളിലും റോഡ് നിർമ്മാണത്തിനുമായി ഉപയോഗിച്ചിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
ജില്ലാ പഞ്ചായത്ത് വികസന ഫണ്ടിൽ നിന്നും 30 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിട നിർമ്മാണം പൂർത്തീകരിച്ചത്.
ഒളവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ശാരുതി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് ബാബു പറശ്ശേരി ഫോട്ടോ അനാച്ഛാദനം നിർവഹിച്ചു. സംഘം പ്രസിഡന്റ് എം.എം ദാസൻ റിപ്പോർട്ട് അവതരിപ്പിച്ചു.
ജില്ലാ പഞ്ചായത്ത് മെമ്പർ രാജീവ് പെരുമൺപുറ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷീന, ഒളവണ്ണ ഗ്രാമപഞ്ചായത്ത് മെമ്പർ റാഹില എം.എ, ജില്ലാ വ്യവസായ കേന്ദ്രം മാനേജർ കെ.ടി ആനന്ദകുമാർ, കയർ പ്രൊജക്ട് ഓഫീസർ ശശികുമാർ, സി.വി.സി.എസ് സെക്രട്ടറി സി ത്രിവേണി, വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.
- Log in to post comments