Skip to main content

ഉദ്ഘാടനത്തിനൊരുങ്ങി നേര്യമംഗലം ബോട്ട് ജെട്ടി

 

കോതമംഗലത്തിന്റെ വിനോദസഞ്ചാര സാധ്യതകൾക്ക് മുതൽക്കൂട്ടായി മറ്റൊരു പദ്ധതികൂടി യാഥാർത്ഥ്യമാവുകയാണ്.  നേര്യമംഗലത്ത് പുതിയതായി നിർമ്മിച്ച ബോട്ട് ജെട്ടി ഉദ്‌ഘാടത്തിന് തയ്യാറായിരിക്കുകയാണ്. ഏപ്രിൽ 18 ന് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവാണ് ബോട്ട് ജെട്ടി നാടിന് സമർപ്പിക്കുക. ആന്റണി ജോൺ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 50 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി പൂർത്തീകരിച്ചത്. 

കോതമംഗലത്തിന്റെ ടൂറിസം വികസനത്തിന് ഏറെ സാധ്യത നല്കുന്ന പദ്ധതിയാണ് നേര്യമംഗലം ബോട്ട് ജെട്ടി. നേര്യമംഗലം പാലത്തിനു സമീപം പുഴയുടെ ഇടതു കരയിലാണ് പുതിയ ബോട്ട് ജെട്ടി നിർമ്മിച്ചിരിക്കുന്നത്. മൂന്ന് വ്യത്യസ്ത ഉയരങ്ങളിൽ ക്രമീകരിച്ചിരിക്കുന്ന ലാന്റിങ്ങ് ഫ്ലോറോട് കൂടിയാണ് ബോട്ട് ജെട്ടി സജ്ജമാക്കിയിരിക്കുന്നത്. പെരിയാർ വാലിയുടെ നേതൃത്വത്തിലാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയത്. 

മൂന്നാർ, തേക്കടി തുടങ്ങി ഇടുക്കിയിലെ വിവിധ ടൂറിസം കേന്ദ്രങ്ങളിലേക്ക് പോകുന്നവർക്ക് കോതമംഗലത്ത് നിന്നും ഭൂതത്താൻകെട്ടിൽ എത്തി അവിടെ നിന്ന് ബോട്ട് മാർഗം കുട്ടമ്പുഴ, തട്ടേക്കാട്, ഇഞ്ചത്തൊട്ടി പ്രദേശങ്ങളെല്ലാം കണ്ട് നേര്യമംഗലത്ത് എത്തിച്ചേർന്ന് അവിടെ നിന്നും വീണ്ടും യാത്ര തുടരാം. 

അതുപോലെ തന്നെ തിരിച്ച് ഇടുക്കി ഭാഗത്ത് നിന്നും വരുന്നവർക്ക് നേര്യമംഗലത്ത് ഇറങ്ങിയാൽ അവിടെ നിന്ന് ബോട്ട് വഴി ഭൂതത്താൻകെട്ടിൽ എത്താം. പെരിയാറിന്റെ  സൗന്ദര്യം ആസ്വദിക്കുന്നതോടൊപ്പം വന്യ മൃഗങ്ങളെ അടുത്ത് കാണാനുള്ള അവസരവും ഈ യാത്ര സമ്മാനിക്കും.  ടൂറിസം സർക്യൂട്ട് അടക്കം ലക്ഷ്യമിട്ടു കൊണ്ടാണ് നേര്യമംഗലത്ത് ഇത്തരത്തിൽ ഒരു പദ്ധതി ആവിഷ്കരിച്ച് നടപ്പിലാക്കുന്നത്.

date