Skip to main content

സംസ്ഥാനതല വയോജന സൗഹൃദ സംഗമം; ക്ലസ്റ്റർ യോഗങ്ങൾ സംഘടിപ്പിച്ചു

സംസ്ഥാനതല വയോജന സൗഹൃദ സംഗമ പ്രവർത്തനങ്ങളുടെ ഭാഗമായി അരിമ്പൂർ പഞ്ചായത്തിൽ ക്ലസ്റ്റർ യോഗങ്ങൾ സംഘടിപ്പിച്ചു. വയോജനങ്ങൾ, ആശാപ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ, വായനശാല പ്രതിനിധികൾ എന്നിവരുടെ ക്ലസ്റ്റർ തല പ്രവർത്തക യോഗമാണ് സംഘടിപ്പിച്ചത്. പഞ്ചായത്തിലെ വാർഡുകൾ മൂന്ന് ക്ലസ്റ്ററുകളായി തിരിച്ച് നടന്ന യോഗങ്ങൾ യഥാക്രമം പഞ്ചായത്ത് പ്രസിഡന്റ് സ്മിത അജയകുമാർ, വൈസ് പ്രസിഡന്റ് ഷിമി ഗോപി, സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ സിന്ധു സഹദേവൻ എന്നിവർ ഉദ്ഘാടനം ചെയ്തു.

അംഗൻവാടി തല സംഘാടക സമിതികൾ രൂപീകരിച്ച് വയോജന സൗഹൃദ ക്ലബുകളുടെ പ്രവർത്തന റിപ്പോർട്ടുകൾ  തയ്യാറാക്കി വാർഡ് തലങ്ങളിൽ വയോജന സൗഹൃദം ഉറപ്പ് വരുത്തിയുള്ള ഭാവി പ്രവർത്തനങ്ങൾക്കാണ് പഞ്ചായത്ത് നേതൃത്വം കൊടുക്കുന്നത്.

സംസ്ഥാന തല വയോജന സംഗമം മെയ് 13, 14 തിയതികളിൽ അരിമ്പൂർ ഗവ. യു പി സ്കൂളിലാണ് സംഘടിപ്പിക്കുന്നത്. 200 പേരുടെ വയോസൗഹൃദ ആരോഗ്യ പ്രവർത്തക സംഗമത്തിൽ മറ്റു ജില്ലകളിൽ നിന്നും 150 വിദഗ്ധരും  ജില്ലയിൽ നിന്ന് 50 വിദഗ്ധരുമാണ് പങ്കെടുക്കുന്നത്.

ഗ്രാമപഞ്ചായത്തിനൊപ്പം കേരള ശാസ്ത്ര സാഹിത്യ പരിഷത്തും തിരുവനന്തപുരം ഹെൽത്ത് ആക്ഷൻ ബൈ പീപ്പിളും ചേർന്നാണ് വയോജന സംഗമം ഒരുക്കുന്നത്.

ക്ലസ്റ്റർ യോഗങ്ങളിൽ ഗോപിദാസൻ, കെ എൻ പുഷ്പലത, ഡോ. കെ വിദ്യാസാഗർ എന്നിവർ വയോജന സൗഹൃദത്തിന്റെ പ്രാധാന്യത്തെ കുറിച്ച് വിശദീകരണം നടത്തി. വാർഡ് മെമ്പർമാർ, കുടുംബശ്രീ പ്രവർത്തകർ, വയോജന ക്ലബ് അംഗങ്ങൾ, വായനശാല പ്രതിനിധികൾ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

date