Skip to main content
കലക്ടറേറ്റ് ആസൂത്രണ ഭവൻ ഹാളിൽ നടന്ന ആസൂത്രണ സമിതി യോഗത്തിൽ കലക്ടർ വി ആർ കൃഷ്ണതേജ സംസാരിക്കുന്നു

വരവായി 'ശുചിത്വ പൂരം'

മാലിന്യമുക്ത ജില്ലയാവാനൊരുങ്ങി തൃശൂർ

സംസ്ഥാന സർക്കാരിന്റെ "നവകേരളം വൃത്തിയുള്ള കേരളം " ക്യാമ്പയിന്റെ ഭാഗമായി മാലിന്യമുക്ത ജില്ലയ്ക്കായി ശുചിത്വ പൂരം പദ്ധതി നടപ്പാക്കുന്നു. മെയ് 19, 20, 21 തിയതികളിലായി ഘട്ടം ഘട്ടമായി ജില്ലയിൽ ശുചീകരണം  നടത്തി  ശുചിത്വ പൂരം ആചരിക്കും. 2024 മാർച്ച് 31 ന് മുമ്പായി മാലിന്യമുക്ത ജില്ലയായി തൃശൂരിനെ മാറ്റുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവീസ് മാസ്റ്റർ പറഞ്ഞു. ജില്ലാ ആസൂത്രണ ഭവൻ ഹാളിൽ സംഘടിപ്പിച്ച പ്രത്യേക ആസൂത്രണ സമിതി യോഗത്തിൽ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മെയ് 19ന് സർക്കാർ, അർദ്ധ സർക്കാർ, പൊതു, സ്വകാര്യ, വാണിജ്യം, വ്യവസായ, ചെറുകിട സ്ഥാപനങ്ങളും ഇതിനോട് ചേർന്നുള്ള പൊതു ഇടങ്ങളും മാലിന്യ മുക്തമാക്കും. രണ്ടാം ദിവസം മെയ് 20 ന് പ്രാദേശിക തലത്തിൽ പൊതുയിടങ്ങളും ജലാശയങ്ങളും മാലിന്യമുക്തമാക്കി ആഘോഷിക്കും. മൂന്നാം ദിവസം സ്വന്തം വീടും പരിസരവും സമ്പൂർണ്ണ മാലിന്യമുക്തമാക്കിക്കൊണ്ട് ശുചിത്വ പൂരത്തിന് കൊടിയിറങ്ങും. തുടർന്ന് ശുചീകരണം നടത്തിയ സ്ഥലങ്ങളിൽ ഘട്ടം ഘട്ടമായി ജനകീയ ഓഡിറ്റ് സംഘടിപ്പിച്ച് ജില്ലാ ആസൂതണ സമിതി അവലോകനം ചെയ്യും. മാലിന്യമുക്ത ജില്ലയായി തൃശൂരിനെ മാറ്റാനുള്ള ലക്ഷ്യത്തിന്റെ ആദ്യ പടിയാണ് ശുചിത്വ പൂരം.

ക്യാമ്പയിന്റെ പൊതുരൂപരേഖയും കർമ്മ പദ്ധതിയും തയ്യാറാക്കുന്നതിനായി രേഖ ഡേവീസ് മാസ്റ്റർ അവതരിപ്പിച്ചു. ഇതിന്റെ ഭാഗമായി മെയ് രണ്ടിന് ജില്ലയിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഭരണസമിതി യോഗങ്ങൾ ചേരും. മെയ് 4ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജില്ലയിലെ ജനപ്രതിനിധികൾ, ജില്ലാ കളക്ടർ എന്നിവരെ പങ്കെടുപ്പിച്ചുകൊണ്ട് ഓൺലൈൻ യോഗം ചേരും. മെയ് 11 വരെ തിയ്യതികളിൽ വിവിധ തലങ്ങളിൽ യോഗങ്ങൾ ചേർന്ന് പരിപാടികൾ ആസൂത്രണം ചെയ്യും.

ഏപ്രിൽ 30നകം മാലിന്യ കൂനകൾ ജിയോ ടാഗ് ചെയ്ത് പട്ടിക തയ്യാറാക്കും. കൂടാതെ ബ്ലോക്ക്, പഞ്ചായത്ത്,  വാർഡ് തലത്തിൽ സാനിറ്റേഷൻ സമിതി രൂപീകരിച്ച് ക്യാമ്പയിൻ പ്രവർത്തനങ്ങൾ ഏറ്റെടുക്കും. മഴക്കാലപൂർവ്വ ശീചീകരണത്തിന്റെ ഭാഗമായി ജലസ്രോതസ്സുകളും ശുചീകരിക്കും.

യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റുമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാർ, ജില്ലാ പഞ്ചായത്തംഗങ്ങൾ, ജില്ലാ കളക്ടർ വി ആർ കൃഷ്ണ തേജ, ജില്ലാ മെഡിക്കൽ ഓഫീസർ, ശുചിത്വ മിഷൻ കോർഡിനേറ്റർമാർ, തദ്ദേശ സ്ഥാപന സെക്രട്ടറിമാർ തുടങ്ങിയവർ പങ്കെടുത്തു.

date