കലക്ടറേറ്റിലെ അഴിമതി നിവാരണ പരാതിപ്പെട്ടി തുറന്നു
അഴിമതി നിവാരണത്തിന്റെ ഭാഗമായി കലക്ടറേറ്റില്‍ സ്ഥാപിച്ച പരാതിപ്പെട്ടി തുറന്നു. അഞ്ച് പരാതികളാണ് ലഭിച്ചത്. അഴിമതിയുമായി ബന്ധപ്പെട്ട പരാതികള്‍ അറിയിക്കുന്നതിനാണ് പെട്ടി സ്ഥാപിച്ചിരിക്കുന്നതെങ്കിലും അഴിമതിയുമായി ബന്ധപ്പെട്ട് ഒരു പരാതി മാത്രമാണ് ലഭിച്ചത്. കാവനൂര്‍ പഞ്ചായത്തില്‍ ചട്ടംലംഘിച്ച് കെട്ടിട നിര്‍മാണത്തിന് അനുമതി നല്‍കുന്നുവെന്ന് ചൂണ്ടിക്കാട്ടി ലഭിച്ച പരാതി അന്വേഷണം നടത്താന്‍ തദ്ദേശസ്വയംഭരണ ജോയന്റ് ഡയറക്ടര്‍ക്ക് കൈമാറി. നിയമം മറികടന്ന് കെട്ടിടം നിര്‍മിക്കാന്‍ അനുമതി നല്‍കുന്നുവെന്നായിരുന്നു പരാതി. നിര്‍മാണത്തിന് അനുമതി നല്‍കിയ കെട്ടിങ്ങളെ കുറിച്ചും പരാതിയില്‍ സൂചിപ്പിച്ചിട്ടുണ്ട്.
മഞ്ചേരി ലാന്‍ഡ് ട്രൈബ്യൂണല്‍ തഹസില്‍ദാര്‍ അപമര്യാദയായി പെരുമാറിയെന്ന് കാണിച്ച് ലഭിച്ച പരാതി സീനിയര്‍ സൂപ്രണ്ടിന് കൈമാറി. സിഡിഎസ് ചെയര്‍പേഴ്‌സന്റെ രാജി സ്വീകരിക്കാത്തതുമായി ബന്ധപ്പെട്ട പരാതി കുടുംബശ്രീ ജില്ലാ മിഷന്‍ കോഡിനേറ്റര്‍ക്കും കൈമാറി. ആരോഗ്യ പ്രശ്‌നം ഉള്ളതിനാല്‍ ഹെല്‍മറ്റ് ധരിക്കുന്നതില്‍ നിന്നും ഒഴിവ് നല്‍കണമെന്നാവശ്യപ്പെട്ട് ലഭിച്ച പരാതി ആര്‍ടിഒക്ക് കൈമാറി.
ജില്ലാ അഴിമതി നിവാരണ സമിതി അംഗങ്ങളായ പി. നാരായണന്‍ കുട്ടി മേനോന്‍, ഡെപ്യൂട്ടി കലക്ടര്‍ എംസി റെജില്‍, ഹുസൂര്‍ ശിരസ്തദാര്‍ കെ. അലി, ജൂനിയര്‍ സൂപ്രണ്ട് പികെ വിനില്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് പരാതിപ്പെട്ടി തുറന്നത്.
- Log in to post comments