Skip to main content

മത്സ്യതൊഴിലാളി വിധവകള്‍ക്ക്  ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വം നല്‍കും

മത്സ്യതൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ ഉത്തരമേഖലാതല വിദ്യാഭ്യാസ കായിക അവാര്‍ഡ് വിതരണം സി.കെ നാണു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളില്‍ നിന്നുമുളള ദേശീയ കായികതാരങ്ങള്‍ ഉള്‍പ്പെടെ 285 ഓളം ജേതാക്കള്‍ അവാര്‍ഡ് സ്വീകരിച്ചു. ക്യാഷ് അവാര്‍ഡ് ഇനത്തില്‍ 27 ലക്ഷത്തോളം രൂപയും മെറിറ്റ് സര്‍ട്ടിഫിക്കറ്റ്, മൊമെന്റോ എന്നിവയും വിതരണം ചെയ്തു. മത്സ്യതൊഴിലാളി പെണ്‍കുട്ടികളുടെ വിവാഹധനസഹായമായി 10000 രൂപ വീതം 2017 ഡിസംബര്‍വരെയുളള അപേക്ഷകളില്‍ 161 പേര്‍ക്കും വിതരണം ചെയ്തു. ഈ ഇനത്തില്‍ ആകെ 16 ലക്ഷത്തിലധികം രൂപ വിതരണം ചെയ്തു.
മത്സ്യതൊഴിലാളിയുടെ മരണത്തോടെ നിരാലംബരാകുന്ന ആശ്രിതരില്‍ ഭാര്യയ്ക്ക് മത്സ്യതൊഴിലാളി അംഗത്വം നല്‍കുമെന്ന് മത്സ്യബോര്‍ഡ് ചെയര്‍മാന്‍ സി.പി കുഞ്ഞിരാമന്‍ പറഞ്ഞു. മടപ്പളളി ഗവ. കോളേജില്‍ നടന്ന മത്സ്യബോര്‍ഡ് വിദ്യാഭ്യാസ പ്രോത്സാഹന അവാര്‍ഡ് പരിപാടിയില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. അംഗത്വം ലഭിക്കുന്നതിലൂടെ മത്സ്യതൊഴിലാളി വിധവകള്‍ക്ക് അപകട ഇന്‍ഷൂറന്‍സ്, രോഗചികിത്സ, കുട്ടികളുടെ വിദ്യാഭ്യാസ ഗ്രാന്റുകള്‍ തുടങ്ങി   മത്സ്യതൊഴിലാളികള്‍ക്ക് ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും ലഭിക്കും.
 മടപ്പളളി കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കോട്ടയില്‍ രാധാകൃഷ്ണന്‍, ഒഞ്ചിയം ഗ്രാമപഞ്ചായത്ത് വികസന കാര്യ ചെയര്‍പേഴ്‌സണ്‍ ബേബി ഗിരിജ, ജില്ലാ പഞ്ചായത്ത് മെമ്പര്‍ എ.ടി ശ്രീധരന്‍, വാര്‍ഡ് മെമ്പര്‍ ശശികല ദിനേശ്, മത്യബോര്‍ഡ് മെമ്പര്‍ എ,കെ ജബ്ബാര്‍, മത്സ്യഫെഡ് മെമ്പര്‍ സി.പി രാമദാസന്‍, ടി.പി ബിനിഷ്, സുനില്‍ മടപ്പളളി, ബാബുകക്കാട്ട്, ശ്രീധരന്‍, കെ.വി ഖാലിദ് മാസ്റ്റര്‍, രജനീഷ് ബാബു, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍മാരായ ടി.എം മറിയം ഹസീന, കെ ശ്രീകണ്ഠന്‍, മത്സ്യഫെഡ് ജില്ലാ മാനേജര്‍ വല്‍സാ ജോസഫ്, ജൂനിയര്‍ എക്‌സിക്യൂട്ടീവ് പി.പി അഷ്‌റഫ്, സി.ആര്‍.സത്യവതി, ജൂനിയര്‍ എക്‌സിക്യൂട്ടീവ് സി.ആദര്‍ശ് എന്നിവര്‍ സംസാരിച്ചു. മേഖല എക്‌സിക്യൂട്ടീവ് ഒ.രേണുകാദേവി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

date