ജില്ലയില്‍ 10 ക്യാമ്പുകളിലായി 1147 പേര്‍
കഴിഞ്ഞ ദിവസങ്ങളില്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിഞ്ഞിരുന്നവര്‍ മഴ ശമിച്ചു തുടങ്ങിയതോടെ സ്വന്തം വീടുകളിലേക്കു മടങ്ങി തുടങ്ങി. വെള്ളം ഇറങ്ങി തുടങ്ങിയയതോടെ വീടുകളുടെ ശുചീകരണം പൂര്‍ത്തിയാക്കിയ ശേഷമാണ് മടങ്ങി തുടങ്ങിയത്. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കു ശേഷം ശുചിത്വ മാനദണ്ഡങ്ങള്‍ പൂര്‍ത്തിയാക്കിയതായി ആരോഗ്യ വകുപ്പ് അധികൃതര്‍ സാക്ഷ്യപ്പെടുത്തിയ ശേഷമാണ് ക്യാമ്പുകളില്‍ നിന്ന് വീടുകളിലേക്ക് മാറ്റുന്നത്. ഒരു ക്യാമ്പിലെ മുഴുവന്‍ പേരും ഇന്നലെ സ്വന്തം വീടുകളിലേക്കു മടങ്ങി. വണ്ടൂര്‍ എലിപ്പറ്റയിലെ ഭാസ്‌കരന്റെ വീട്ടില്‍ പ്രവര്‍ത്തിച്ചിരുന്ന ക്യാമ്പിലുണ്ടായിരുന്നവരാണ് വീടുകളിലേക്കു മടങ്ങിയത്.
നിലവില്‍ നാല് താലൂക്കുകളിലായി 10 ദുരിതാശ്വാസ ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. ഇവിടങ്ങളില്‍ 291 കുടുംബങ്ങളാണ് താമസിക്കുന്നത്. 1147 പേരാണ് ക്യാമ്പുകളിലുള്ളത്. കൂടുതല്‍ കുടുംബങ്ങള്‍ ക്യാമ്പുകളിലുള്ളത് നിലമ്പൂര്‍ താലൂക്കിലാണ്. ഏഴ് ക്യാമ്പുകളാണ് നിലമ്പൂര്‍ താലൂക്കില്‍ പ്രവര്‍ത്തിക്കുന്നത്. കൊണ്ടോട്ടി, ഏറനാട്, പൊന്നാനി താലൂക്കുകളില്‍ ഓരോ ക്യാമ്പുകളും പ്രവര്‍ത്തിക്കുന്നു. ചേലശ്ശേരിക്കുന്ന് ചര്‍ച്ച് (69 പേര്‍), നമ്പൂരിപ്പൊട്ടി മസ്ജിദ് (79 പേര്‍), പുള്ളിപ്പാടം കരിക്കാട്ടുമണ്ണ സിദ്ധീഖിന്റെ വീട് ( 22 പേര്‍), കുറുമ്പലങ്ങോട് എരഞ്ഞിമങ്ങാട് യത്തീംഖാന(284), കരുവാരക്കുണ്ട് നളന്ദ കോളേജ്(47 പേര്‍), കരുവാരക്കുണ്ട് തരിശ് ജി.എല്‍.പി.എസ് (492 പേര്‍), ചോക്കാട് പുല്ലങ്കോട് ജി.എച്ച്.എസ്.സ്‌കൂള്‍ (42 പേര്‍), എന്നിവയാണ് നിലമ്പൂര്‍ താലൂക്കില്‍ പ്രവര്‍ത്തിക്കുന്ന ക്യാമ്പുകള്‍.
ഏറനാട് താലൂക്കില്‍ വെറ്റിലപ്പാറ ഓടക്കയം ജി.യു.പി.എസ് (90 പേര്‍), കൊണ്ടോട്ടി താലൂക്കില്‍ വാഴയൂര്‍ എ.യു.പി സ്‌കൂള്‍ (15പേര്‍) എന്നിവിടങ്ങളിലും പൊന്നാനി താലൂക്കില്‍ ഈഴവതുരുത്തി ചമ്രവട്ടം പ്രോജക്ട് ഓഫീസിലും (7 പേര്‍) ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നു. ക്യാമ്പുകളില്‍ കഴിയുന്നവരില്‍ 477 പേര്‍ പുരുഷന്‍മാരും 445 പേര്‍ സ്ത്രീകളും 225 കുട്ടികളുമാണ്. ക്യാമ്പുകളിലെല്ലാം ഭക്ഷണം, മരുന്ന്, വസ്ത്രം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങളെല്ലാം സര്‍ക്കാര്‍ യഥേഷ്ടം ഉറപ്പു വരുത്തിയിട്ടുണ്ട്. ഓരോ ക്യാമ്പുകളിലും റവന്യൂ, പഞ്ചായത്ത്, ആരോഗ്യ വകുപ്പുകളിലെ ഓരോ ഉദ്യോസ്ഥരുടെ മേല്‍നോട്ടം മുഴുസമയം ക്യാമ്പിലുണ്ട്.
മഴക്കെടുതി: സമൂഹമാദ്ധ്യമങ്ങളിലൂടെ തെറ്റായ പ്രചാരണം നടത്തിയാല്‍ നടപടി
മഴക്കെടുതിയുമായി ബന്ധപ്പെട്ട് ഫേസ്ബുക്ക്, വാട്‌സ് ആപ് തുടങ്ങിയ സമൂഹമാദ്ധ്യമങ്ങളിലൂടെ തെറ്റായ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും. ജില്ലാ കലക്ടര്‍ അമിത് മീണയുടെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമുണ്ടായത്. തെറ്റായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ അധികാരികളുടെ ശ്രദ്ധയില്‍ പെടുത്തണമെന്നും കളക്ടര്‍ അഭ്യര്‍ത്ഥിച്ചു.
സ്‌കൂളുകള്‍ക്ക് ഫിറ്റ്‌നസ് നിര്‍ബന്ധം
സ്‌കൂളുകള്‍ക്ക് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റുണ്ടെന്ന് പ്രധാന അദ്ധ്യാപകര്‍ ഉറപ്പു വരുത്തണം. ഫിറ്റ്‌നസില്ലാതെ സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ പ്രധാന അദ്ധ്യാപകര്‍ക്കെതിരെ നടപടിയുണ്ടാകും.
ജിയോളജി വകുപ്പ് പരിശോധിക്കും
ജില്ലയില്‍ ഉരുള്‍പൊട്ടലുണ്ടായ സ്ഥലങ്ങളിലും ശക്തമായ മഴ പെയ്യുന്ന പ്രദേശങ്ങളിലും ജിയോളജി വകുപ്പ് പരിശോധന നടത്തും. ദുരന്തസാധ്യതയുള്ള പ്രദേശങ്ങളുണ്ടെങ്കില്‍ അവിടെ നിന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിക്കും. മൂന്നിയൂര്‍ വില്ലേജിലെ വെളിമുക്ക് കുറ്റിയില്‍ അലവിയുടെ വീട്ടുവളപ്പിലെ കിണറ്റിലെ വെള്ളം പെട്ടെന്ന് അപ്രത്യക്ഷമായത് സംബന്ധിച്ചും ജിയോളജി വകുപ്പിലെ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തും.
മഞ്ചേരി- എടവണ്ണ- നിലമ്പൂര്‍ പാതയില്‍ മമ്പാടിനടുത്ത് അപകടാവസ്ഥയിലായ പൊങ്ങല്ലൂര്‍ പാലം ബലപ്പെടുത്തുന്ന പ്രവൃത്തികള്‍ ഉടന്‍പൂര്‍ത്തിയാക്കാനും കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.
വെറ്റിലക്കൊല്ലി ആദിവാസി കോളനിയിലെ ഗുരുതരാവസ്ഥയിലായ രോഗിയെ തണ്ടര്‍ബോള്‍ട്ട് സേനയുടെ സഹായത്തോടെ ആശുപത്രിയിലെത്തിക്കും.
കുടുംബശ്രീയുടെയും സന്നദ്ധ സംഘടനകളുടെയും സഹായത്തോടെ ദുരന്തബാധിത പ്രദേശങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തും.
അവലോകന യോഗത്തില്‍ ജില്ലാ പൊലീസ് മേധാവി പ്രതീഷ് കുമാര്‍, എഡിഎം വി രാമചന്ദ്രന്‍, നിലമ്പൂര്‍ നോര്‍ത്ത്, സൗത്ത് ഡി.എഫ്.ഒമാര്‍, ആര്‍ഡിഒ ജെ. മോബി, ഡെപ്യൂട്ടി കലക്ടര്‍മാരായ ഡോ. ജെ ഒ അരുണ്‍, സി അബ്ദുല്‍ റഷീദ്, എ നിര്‍മലകുമാരി പി പ്രസന്നകുമാരി, രഘുനാഥ് ഡിഎംഒ ഡോ. കെ സക്കീന, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments