ഓരോ പാര്‍ലമെന്റേറിയനും മാതൃകയാക്കേണ്ട ഒന്നാണ് വണ്‍ എം പി വണ്‍ ഐഡിയ: ശത്രുഘ്‌നന്‍ സിന്‍ഹ എംപി
രാജ്യത്തെ ഓരോ പാര്‍ലമെന്റേറിയനും മാതൃകയാക്കേണ്ട ഒന്നാണ് കോട്ടയത്തിന്റെ എം പി ജോസ് കെ മാണി ആവിഷ്‌കരിച്ച വണ്‍ എം പി വണ്‍ ഐഡിയ എന്ന് മുന്‍ ക്യാബിനറ്റ് മന്ത്രിയും എംപിയുമായ ശത്രുഘ്‌നന്‍ സിന്‍ഹ. മാന്നാനം കെ ഇ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ നടന്ന വണ്‍ എം പി വണ്‍ ഐഡിയ അവാര്‍ഡ് ദാന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു എം.പി എന്നതിലുപരിയായി ഒരു പൊതു പ്രവര്‍ത്തകന്‍ ജനങ്ങളോട് ഏറ്റവും അടുത്തു നില്‍ക്കണം ഇതിനു തെളിവാണ് ജോസ് കെ മാണി ആവിഷ്‌ക്കരിച്ച വണ്‍ എം പി വണ്‍ ഐഡിയ എന്ന ആശയം. കേരളത്തിന്റെ മാത്രമല്ല രാജ്യത്തിന്റെ തന്നെ ചരിത്രത്തിലാദ്യമായാണ് ഇങ്ങനെയൊരു ആശയം ഉടലെടുത്തതും പൂര്‍ത്തിയായതും. വളരെ ചുരുങ്ങിയ കാലയളവില്‍ ഇത്തരമൊരു മികച്ച ആശയത്തെ കണ്ടെത്തി നടപ്പിലാക്കി വിജയിപ്പിച്ചത് ഏറെ അഭിനന്ദനാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ ഏറെ നാശനഷ്ടം വരുത്തിയ മഴക്കെടുതിയെ അദ്ദേഹം അപലപിച്ചു. വളര്‍ന്നു വരുന്ന പുതിയ തലമുറയുടെ കൈവശം നാടിന്റെ വികസനത്തിനും ന•ക്കും വേണ്ടിയുള്ള ഒട്ടേറെ നൂതനമായ ആശയങ്ങള്‍ ഒളിഞ്ഞിരിപ്പുണ്ട് എന്നതിന് തെളിവാണ് വണ്‍ എം പി വണ്‍ ഐഡിയ മത്സരത്തിന്റെ വിജയം എന്ന് ജോസ് കെ മാണി എംപി പറഞ്ഞു. അത്തരം ആശയങ്ങളെ നാടിന്റെ താഴെ തട്ടില്‍ നിന്നും വിദ്യാര്‍ത്ഥികളില്‍ നിന്നും പുറത്ത് കൊണ്ട് വരാന്‍ വണ്‍ എം പി വണ്‍ ഐഡിയ മത്സരത്തിലൂടെ സാധിച്ചു. കേരളത്തിന്റെ ചരിത്രത്തിലെ അര്‍ത്ഥവത്തായ ശ്രമമായിരുന്നു ഇതെന്നും അദ്ദേഹം പറഞ്ഞു. പതിനെട്ടു മാസം കൊണ്ട് വണ്‍ എം പി വണ്‍ ഐഡിയ മത്സരം പൂര്‍ത്തിയാക്കിയത്. ഓരോ ആശയങ്ങളും ഒന്നിനൊന്നു മികച്ചതായിരുന്നു എന്നും അധ്യക്ഷ പ്രസംഗത്തിലൂടെ ജോസ് കെ മാണി പറഞ്ഞു. 500ല്‍ അധികം എന്‍ട്രികളാണു മത്സരത്തിന് ലഭിച്ചത്. ഇതില്‍ 99 എണ്ണമാണു തിരഞ്ഞെടുത്തത്. കളക്ടറുടെ നേതൃത്വത്തില്‍ വിവിധ മേഖലകളില്‍ നിന്നുള്ള വിദഗ്ധരായിരുന്നു മത്സരത്തിന്റെ വിധികര്‍ത്താക്കള്‍. പാത്താമുട്ടം സെയിന്റ് ഗിറ്റ്‌സ് കോളേജിലെ അല്‍ത്താഫ് മുഹമ്മദിന്റെ നേതൃത്വത്തിലുള്ള ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിങ് വിദ്യാര്‍ത്ഥികള്‍ ഒരുക്കിയ പവര്‍ അഡ്വാന്‍സ് മീറ്ററിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍ എന്ന ആശയം ഒന്നാം സ്ഥാനം കരസ്ഥമാക്കി. മണ്‍സൂണ്‍ കാലത്ത് ജില്ലയുടെ പടിഞ്ഞാറന്‍ താഴ്ന്ന പ്രദേശങ്ങളില്‍ ഉപയോഗിക്കാന്‍ കഴിയുന്ന സ്മാര്‍ട്ട് ഫ്‌ളഷ് സാനിറ്റേഷന്‍ സിസ്റ്റം എന്ന ആശയം രണ്ടാം സ്ഥാനം കരസ്ഥമാക്കി. പാമ്പാടി രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ വൈശാഖ് എസ് കുമാറിന്റെ നേതൃത്വത്തിലുള്ള ടീമാണ് ഈ ആശയം ഒരുക്കിയത്. നിലവിലെ 3ഉ പ്രിന്റിങ് യന്ത്രങ്ങള്‍ക്ക് വളരെ കുറഞ്ഞ വിലയില്‍ ഒരു ബദല്‍ നല്‍കുന്ന ഫ്യൂഷന്‍ 3 ഉ എന്ന ആശയത്തിനായിരുന്നു മൂന്നാം സ്ഥാനം. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടുന്നവര്‍ക്കു യഥാക്രമം രണ്ടരലക്ഷം, ഒന്നരലക്ഷം, ഒരു ലക്ഷം രൂപയുടെ അവാര്‍ഡും നല്‍കി.
ഐഡി ഫ്രഷ് ഫുഡ് സിഇഒ മുസ്തഫ പി.സി ചടങ്ങില്‍ വിശിഷ്ടാ തിഥിയായിരുന്നു. ജില്ലാ കളക്ടര്‍ ഡോ. ബി.എസ് തിരുമേനി, എം ജി യൂണിവേഴ്‌സിറ്റി പ്രൊ -വൈസ് ചാന്‍സലര്‍ ഡോ. സാബു തോമസ്, കേരളാ സ്റ്റാര്‍ട്ട് അപ് മിഷന്‍ ഡോ.സജി ഗോപിനാഥ്, കെ ഇ സ്‌കൂള്‍ പ്രിന്‍സിപ്പള്‍ റവ. ഫാ. ജെയിംസ് മുല്ലശേരി സിഎംഐ, കോളേജ് പ്രിന്‍സിപ്പല്‍മാര്‍, വിവിധ രാഷ്ട്രീയ പ്രതിനിധികള്‍, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ പങ്കെടുത്തു. ഓര്‍ഗനൈസിങ് കമ്മറ്റി ചെയര്‍മാന്‍ അഡ്വ. പ്രമോദ് നാരായണ്‍ സ്വാഗതവും ജില്ലാ പ്ലാനിങ് ഓഫീസര്‍ ടെസ് പി മാത്യു നന്ദിയും പറഞ്ഞു.
(കെ.ഐ.ഒ.പി.ആര്‍-1730/18)
- Log in to post comments