സ്മാര്‍ട്ട് വില്ലേജ് ഓഫീസുകള്‍ നാടിന്റെ വികസനം വേഗത്തിലാക്കും: രാജു എബ്രഹാം എം എല്‍ എ
സംസ്ഥാനത്തെ വില്ലേജ് ഓഫീസുകള്‍ സ്മാര്‍ട്ട് ആക്കുന്നതിലൂടെ നാടിന്റെ വികസനം വേഗത്തിലാക്കാന്‍ കഴിയുമെന്ന് രാജു എബ്രഹാം എംഎല്‍എ പറഞ്ഞു . അയിരൂര്‍ ഗ്രാമപഞ്ചായത്തില്‍ പുതുതായി നിര്‍മിക്കുന്ന സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു എംഎല്‍എ. സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളിലൂടെ കാലതാമസം കൂടാതെ സേവനങ്ങള്‍ ലഭ്യമാകും.
അയിരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തോമസ് തമ്പി അദ്ധ്യക്ഷത വഹിച്ചു. എഡിഎം പി.ടി. എബ്രഹാം, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോര്‍ജ്ജ് മാമ്മന്‍ കൊണ്ടൂര്‍, കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡന്റ് അക്കാമ്മ ജോണ്‍സണ്‍, അയിരൂര്‍ ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് വത്സമ്മ തോമസ്, ഗ്രാമപഞ്ചായത്ത് മെമ്പര്‍ പ്രീത ബി. നായര്‍, റാന്നി തഹസില്‍ദാര്‍ കെ.വി. രാധാകൃഷ്ണന്‍ നായര്‍, അയിരൂര്‍ വില്ലേജ് ഓഫീസര്‍ ജി. ആനന്ദകുമാര്‍, വിവിധ രാഷ്ട്രീയകക്ഷി നേതാക്കളായ മനോജ് ചരളേല്‍, വിക്ടര്‍ റ്റി. തോമസ്, വിദ്യാധരന്‍ അമ്പലാത്ത്, റ്റി. പ്രദീപ്കുമാര്‍, കെ. ബാബുരാജ്, ആര്‍.ആനന്ദക്കുട്ടന്‍, സുരേഷ് കുഴിവേലില്‍, നിര്‍മിതി കേന്ദ്രം ഉദ്യോഗസ്ഥര്‍, പഞ്ചായത്തംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
നിലവിലെ വില്ലേജ് ഓഫീസിന് മുമ്പിലാണ് പുതിയ ഓഫീസ് നിര്‍മിക്കുന്നത്. ഇതിനായി റവന്യൂ വകുപ്പില്‍ നിന്ന് 44 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്. വരാന്ത, ഫ്രണ്ട്ഓഫീസ്, ഓഫീസര്‍മാര്‍ക്ക് ഇരിക്കാനുള്ള ഹാള്‍, വില്ലേജ് ഓഫീസറുടെ മുറി, റെക്കോര്‍ഡ് മുറി, ഓഫീസര്‍മാര്‍ക്ക് ഭക്ഷണം കഴിക്കുന്നതിനുള്ള മുറി, ഒരു ടോയ്ലറ്റ് എന്നിവയാണ് പുതിയ ഓഫീസില്‍ നിര്‍മിക്കുക. ഫ്രണ്ട് ഓഫീസില്‍ സേവനങ്ങള്‍ക്കായെത്തുന്ന പൊതുജനങ്ങള്‍ക്ക് ഇരിക്കുന്നതിനുള്ള ഇരിപ്പിടവും, കുടിവെള്ള സൗകര്യവും ഒരുക്കുന്നുണ്ട്. ഒന്‍പത് ജീവനക്കാരുള്ള വില്ലേജ്ഓഫീസില്‍ എല്ലാവര്‍ക്കും കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നതിന് ആവശ്യമായ അടിസ്ഥാനസൗകര്യവും ഒരുക്കും. ഓഫീസിന് പുറത്തായി പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കുമായി രണ്ട് ടോയ്ലറ്റുകള്‍ നിര്‍മിക്കുന്നുണ്ട്. ഇതില്‍ അംഗപരിമിതരായവര്‍ക്കായി ടോയ്ലറ്റ് സംവിധാനവും പ്രത്യേക റാമ്പും നിര്‍മിക്കും. ഇന്റര്‍ലോക്ക് ടൈലുകള്‍ മുറ്റത്ത് പാകും. കൂടാതെ ചുറ്റുമതിലും കെട്ടുന്നുണ്ട്. 1300 സ്‌ക്വയര്‍ഫീല്‍ നിര്‍മിക്കുന്ന അയിരൂര്‍ സ്മാര്‍ട് വില്ലേജ് ഓഫീസിന്റെ നിര്‍മാണചുമതല നിര്‍മിതികേന്ദ്രത്തിനാണ്. ആറുമാസം കൊണ്ട് നിര്‍മാണം പൂര്‍ത്തീകരിക്കും.
(പിഎന്‍പി 2245/18)
- Log in to post comments