Skip to main content

തൊഴിലുറപ്പ് തുണയായി;  നെല്‍ കതിര്‍ നിറവില്‍ കൊടുമണ്‍ ഏല

 

* തൊഴിലുറപ്പിന്റെ സഹായത്തോടെ നിലം ഒരുക്കലും വിത്ത് വിതക്കലും

ആറ്റിങ്ങല്‍ നഗരസഭയിലെ ചെറുവള്ളിമുക്ക് വാര്‍ഡില്‍പ്പെടുന്ന കൊടുമണ്‍ ഏലയില്‍ പതിറ്റാണ്ടുകള്‍ക്ക്  ശേഷം നെല്‍ കൃഷി ആരംഭിച്ചു. തരിശ് നിലങ്ങളില്‍ കൃഷി ഇറക്കുന്നതിന്റെ ഭാഗമായി അയ്യങ്കാളി ദേശീയ നഗര തൊഴിലുറപ്പ് പദ്ധതിയുടെ സഹായത്തോടെ ആറ്റിങ്ങല്‍ നഗരസഭയാണ് കൃഷിക്ക് നേതൃത്വം നല്‍കുന്നത്. 

 രണ്ട് ഏക്കര്‍ ഭൂമിയില്‍ നിലം ഒരുക്കുന്നതും വരമ്പ് വെട്ടുന്നതും തോട് കീറി വെള്ളം എത്തിക്കുന്നതും എല്ലാം തൊഴിലുറപ്പു പ്രവര്‍ത്തകര്‍ തന്നെയാണ് . 22 പേരടങ്ങുന്ന സംഘമാണ് 237 തൊഴില്‍ ദിനങ്ങള്‍ കൊണ്ട് ഈ പ്രദേശം കൃഷിയോഗ്യമാക്കി വിത്ത് വിതച്ചത്. വെള്ളം ലഭിക്കുന്നതിനായി നേരത്തെ തന്നെ തൊഴിലുറപ്പിന്റെ സഹായത്തോടെ ഇവിടെ കുളം നിര്‍മ്മിച്ച് കയര്‍ ഭൂവസ്ത്രം ചെയ്തിരുന്നു.   പണി ആയുധങ്ങളുടെ വാടക ഉള്‍പ്പെടെ ഒരു ലക്ഷം രൂപയാണ്  കൊടുമണ്‍ ഏലയിലെ നെല്‍ കൃഷിക്കായി നഗരസഭ വകയിരുത്തിയിട്ടുള്ളത്. 

ഇതോടൊപ്പം കൊല്ലംപുഴ ഏല, കിഴക്കുപുറം ഏല, മേലാറ്റിങ്ങല്‍ ഏല തുടങ്ങി 30 ഏക്കറോളം തരിശ് നിലങ്ങളില്‍ നെല്‍ കൃഷിയും പച്ചക്കറി കൃഷിയും പദ്ധതിയിലൂടെ നഗരസഭ നടത്തി വരുന്നുണ്ട്. 
(പി.ആര്‍.പി. 2086/2018)

date