Skip to main content

അമ്പൂരിയിലെ ആദിവാസി ഊരുകളിലേക്ക് ഇനി ഡോക്ടറും സംഘവും എത്തും

 

പനിയോ ഛര്‍ദിയോ വന്നാല്‍ ഊരുകളില്‍ നിന്ന് കിലോ മീറ്ററുകള്‍ താണ്ടി ഇനി പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ എത്തണമെന്നില്ല. മൊബൈല്‍ ആശുപത്രിയും ഡോക്ടറും നേഴ്‌സും അടങ്ങുന്ന സംഘം  ആദിവാസി ഊരുകളിലേക്ക് എത്തും.  പട്ടികവര്‍ഗ വികസന വകുപ്പും കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷനും (കെ.എം.എസ്.സി.എല്‍) സംയുക്തമായി ആരംഭിച്ച  'മൊബൈല്‍  മെഡിക്കല്‍ ക്ലിനിക്കുകളുടെ സേവനം അമ്പൂരിയിലെ ആദിവാസി മേഖലയില്‍ ലഭിച്ചു തുടങ്ങി.

അമ്പൂരി ഗ്രാമപഞ്ചായത്തില്‍  12 സെറ്റില്‍മെന്റുകളിലായി അഞ്ഞൂറില്‍പ്പരം ആദിവാസി  കുടുംബങ്ങളുണ്ട്.  മായം വാര്‍ഡിലെ അമ്പൂരി പ്രാഥമിക ആരോഗ്യ കേന്ദ്രമാണ് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന ആശുപത്രി.  കൊമ്പയ്യ് കാണി സെറ്റില്‍മെന്റില്‍ നിന്ന് ഇവിടേക്ക് എത്താന്‍ ഏകദേശം രണ്ടു മണിക്കൂര്‍ നടത്തവും, വള്ളത്തില്‍ യാത്രയും ചെയ്യണം. ഇതിന്  പരിഹാരമായി കോട്ടൂര്‍ മാര്‍ഗം മൊബൈല്‍ ക്ലിനിക്ക് കൊമ്പയ്യ് കാണിയിലേക്ക് എത്തിക്കാനും പരിശ്രമിക്കുന്നുണ്ട്.

മൊബൈല്‍ ക്ലിനിക്കില്‍ ഒരു ഡോക്ടറും, നേഴ്‌സും, ലാബ് ടെക്‌നീഷ്യനും ഉണ്ടാകും. ഇതു കൂടാതെ അത്യാവശ്യം വേണ്ട മരുന്നുകളും ലാബും വാഹനത്തില്‍ ഒരുക്കിയിട്ടുണ്ട്. സ്ഥിരമായി രക്ത പരിശോധന ആവശ്യമുള്ള പ്രമേഹ രോഗികള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് ഈ സജ്ജീകരണം ഏറെ ഗുണം ചെയ്യും. കുട്ടികളിലെ പോഷകാഹാരക്കുറവ് യഥാസമയം കണ്ടെത്താനും ചികിത്സ ലഭ്യമാക്കാനും സാധിക്കും. 

മാസത്തില്‍ രണ്ടു തവണ എല്ലാ സെന്റില്‍ മെന്റിലും  വാഹനം എത്താന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് സി.കെ. ഹരീന്ദ്രന്‍ എം.എല്‍.എ പറഞ്ഞു.  ആശ വര്‍ക്കര്‍മാര്‍, ഫീള്‍ഡ് ജെ.പി.എച്ച്.എന്‍ എന്നിവര്‍ മുഖാന്തിരം എല്ലാ വീടുകളിലും മൊബൈല്‍ മെഡിക്കല്‍ വാഹനം വരുന്ന ദിവസം മുന്‍കൂട്ടി അറിയിക്കും.

ആദിവാസി ഊരുകളില്‍ നിന്ന് ആശുപത്രികളിലേക്ക് വരാന്‍  വിമുഖത കാട്ടുന്നവര്‍ക്ക് കൃത്യമായ രോഗ നിര്‍ണയം നടത്താനും ചികിത്സാ സഹായം ലഭ്യമാക്കാനും ഇതുവഴി സാധിക്കുമെന്ന്  അമ്പൂരി പ്രാഥമികാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് ഡോ. നവജീവന്‍ പറഞ്ഞു.  പലപ്പോഴും മെഡിക്കല്‍ ക്യാമ്പുകള്‍ക്ക്  പ്രതീക്ഷിക്കുന്ന വിധത്തില്‍ ആളുകള്‍ എത്താറില്ല.   ഊരുകളില്ലേക്ക് സ്ഥിരമായി ക്ലിനിക്ക് എത്തുമ്പോള്‍ കൂടുതല്‍ പേര്‍ ഈ സൗകര്യം പ്രയോജനപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നവെന്നും അദ്ദേഹം പറഞ്ഞു. ഡോ.അസിതയുടെ നേതൃത്വത്തിലാണ് ഇപ്പോള്‍ മൊബൈല്‍ മെഡിക്കല്‍ ക്ലിനിക്ക് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്.

ഇതു കൂടാതെ കിടപ്പിലായ രോഗികളെ ശുശ്രൂഷിക്കാന്‍ അമ്പൂരി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍   പാലിയേറ്റീവ് കെയര്‍ യൂണിറ്റുകളും  ഈ മേഖലകളില്‍  പ്രവര്‍ത്തിക്കുന്നുണ്ട്.  ഗര്‍ഭിണികള്‍ക്ക്  സൗജന്യമായി സ്‌കാനിംഗ് നടത്താന്‍ വേണ്ട സജ്ജീകരണങ്ങളും അമ്പൂരി പ്രാഥമിക ആരോഗ്യ കേന്ദ്രം നടപ്പിലാക്കുന്നുണ്ട്.
(പി.ആര്‍.പി. 2088/2018)
 

date