Skip to main content

സ്വാതന്ത്ര്യ ദിനാഘോഷം: മുഖ്യമന്ത്രി 8.30ന് പതാക ഉയര്‍ത്തും

 

തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ 15ന് രാവിലെ 8.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ദേശീയ പതാക ഉയര്‍ത്തുന്നതോടെ സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങുകള്‍ക്ക് തുടക്കമാവും. വിവിധ സേനാവിഭാഗങ്ങളുടെയും അശ്വാരൂഢ സേന, എന്‍.സി.സി, സ്‌കൗട്ട്, ഗൈഡ്സ്, സ്റ്റുഡന്റ്സ് പോലീസ് കേഡറ്റുകള്‍, സൈനിക് സ്‌കൂള്‍ തുടങ്ങിയ വിഭാഗങ്ങളുടെയും അഭിവാദ്യം മുഖ്യമന്ത്രി സ്വീകരിക്കുകയും സ്വാതന്ത്ര്യദിന സന്ദേശം നല്‍കുകയും ചെയ്യും. രാഷ്ട്രപതിയുടെ പോലീസ് മെഡലുകള്‍, ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വീസസ് മെഡലുകള്‍, ജീവന്‍ രക്ഷാപതക്കങ്ങള്‍, മുഖ്യമന്ത്രിയുടെ പോലീസ്, ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വീസസ്, പ്രിസണ്‍, ഫോറസ്റ്റ്, എക്സൈസ്, ട്രാന്‍സ്പോര്‍ട്ട് മെഡലുകള്‍ എന്നിവ മുഖ്യമന്ത്രി നല്‍കും. ഭാരതീയ വായുസേന ഹെലികോപ്റ്ററില്‍ പുഷ്പവൃഷ്ടി നടത്തും. പരേഡിനുശേഷം തിരുവനന്തപുരം നഗരത്തിലെ വിവിധ സ്‌കൂളുകളിലെ കുട്ടികള്‍ ദേശഭക്തിഗാനങ്ങള്‍ അവതരിപ്പിക്കും.

ജില്ലകളില്‍ രാവിലെ 8.30നോ അതിനു ശേഷമോ ജില്ലയുടെ ചുമതലയുള്ള മന്ത്രി പതാക ഉയര്‍ത്തും. ബ്‌ളോക്ക് തലത്തില്‍ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റോ ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റോ ആയിരിക്കും പതാക ഉയര്‍ത്തുക. പഞ്ചായത്ത്, നഗരസഭ, കോര്‍പറേഷന്‍ ആസ്ഥാനത്ത് പഞ്ചായത്ത് പ്രസിഡന്റ്, നഗരസഭാ ചെയര്‍പേഴ്‌സണ്‍, മേയര്‍ എന്നിവര്‍ യഥാക്രമം പതാക ഉയര്‍ത്തും. സര്‍ക്കാര്‍ ഓഫീസുകള്‍, സ്‌കൂളുകള്‍, കോളേജുകള്‍, ആരോഗ്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ബന്ധപ്പെട്ട വകുപ്പ് മേധാവികള്‍ രാവിലെ പതാക ഉയര്‍ത്തും. ആഘോഷവുമായി ബന്ധപ്പെട്ട് ഗ്രീന്‍ പ്രോട്ടോകോള്‍ പാലിക്കണം. പ്‌ളാസ്റ്റിക്കില്‍ നിര്‍മ്മിച്ച ദേശീയ പതാകകളുടെ വില്‍പനയും ഉപയോഗവും നിര്‍മാണവും സര്‍ക്കാര്‍ നിരോധിച്ചിട്ടുണ്ട്. 

പി.എന്‍.എക്‌സ്.3585/18

date