Skip to main content

കെ എസ് ഇ ബി സേവനങ്ങൾ വാതിൽപടിയിൽ എത്തിക്കാൻ സാധിച്ചത് വകുപ്പിന്റെ നേട്ടം - മന്ത്രി കെ. കൃഷ്ണൻകുട്ടി 

 

സെക്ഷൻ ഓഫീസുകൾ വഴി കെ എസ് ഇ ബി യിലെ എല്ലാ സേവനങ്ങളും വാതിൽ പടിയിൽ എത്തിക്കാൻ സാധിച്ചത് വകുപ്പ് കൈവരിച്ച വലിയ നേട്ടമാണെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി. പുതുപ്പാടി ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസിന്റെ പുതിയ കെട്ടിടം ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സെക്ഷൻ ഓഫീസിനോടുചേർന്ന് നിർമാണം പൂർത്തിയാക്കിയ ഇലക്ട്രിക് വെഹിക്കിൾ (ഇ.വി) ചാർജിങ് സ്റ്റേഷന്റെ ഉദ്ഘാടനവും മന്ത്രി നിർവ്വഹിച്ചു. സംസ്ഥാനത്തിനാവശ്യമായ വൈദ്യുതിയുടെ അൻപത് ശതമാനവും അടുത്ത നാല് വർഷത്തിനുള്ളിൽ ഉൽപാദിപ്പിക്കാനുള്ള നടപടികളാണ് വകുപ്പ് സ്വീകരിച്ചു വരുന്നതെന്നും മന്ത്രി വ്യക്തമാക്കി.

കെ എസ് ഇ ബി യുടെ അധീനതയിലുള്ള നാൽപ്പത് സെന്റ് സ്ഥലത്ത് അമ്പത് ലക്ഷം രൂപ ചെലവിലാണ് പുതിയ ഇരുനിലക്കെട്ടിടം നിർമാണം പൂർത്തിയാക്കിയത്. 15 കിലോവാട്ട് ശേഷിയുള്ള അഞ്ചും പത്ത് കിലോവാട്ട് ശേഷിയുള്ള രണ്ടും ഏഴ് കെ.ഡബ്ല്യൂ ശേഷിയുള്ള ഒരു ചാർജറുമാണ് ഇ.വി.ചാർജിങ് സ്റ്റേഷനിലുള്ളത്.

ലിന്റോ ജോസഫ് എം എൽഎ അധ്യക്ഷത വഹിച്ചു. കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഷ്റഫ് മാസ്റ്റർ, പുതുപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീനാ തങ്കച്ചൻ, കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് മോയത്ത്, പുതുപ്പാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷംസീർ പോത്താറ്റിൽ, കോഴിക്കോട് ജില്ലാ പഞ്ചായത്ത് മെമ്പർ അംബികമംഗലത്ത്, വാർഡ് മെമ്പർമാർ, കെ.എസ്.ഇ.ബി ഉദ്യേഗസ്ഥർ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ സംസാരിച്ചു.
ചീഫ്എഞ്ചിനിയർ സുരേന്ദ്രൻ പി. റിപ്പോർട്ട് അവതരിപ്പിച്ചു.  കെ എസ് ഇ ബി ഉത്തരമേഖല വിതരണ വിഭാഗം ചീഫ് എഞ്ചിനിയർ രെജിനി കെ എസ് സ്വാഗതവും ഡെപ്യൂട്ടി ചീഫ് എഞ്ചിനിയർ ഷാജി സുധാകരൻ നന്ദിയും പറഞ്ഞു.

date