Skip to main content

കണക്ഷന്‍ പുനഃസ്ഥാപിക്കാന്‍  മിഷന്‍ റീ കണക്ട് ടാസ്‌ക് ഫോഴ്‌സ്

 

വൈദ്യുതി വിതരണ സംവിധാനം തകര്‍ന്ന പ്രദേശങ്ങളില്‍ അവ പുതരുദ്ധരിക്കുന്നതിനുള്ള നടപടികളും ആരംഭിച്ചതായി കെ.എസ്.ഇ.ബി. അറിയിച്ചു. വയറിംഗ് സംവിധാനങ്ങളുടെയും പൊതുജനങ്ങളുടെയും സുരക്ഷ ഉറപ്പാക്കിയ ശേഷം എത്രയും പെട്ടെന്ന് കണക്ഷനുകള്‍ പുന:സ്ഥാപിക്കും. തകര്‍ന്ന വൈദ്യുതി വിതരണ സംവിധാനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകീകരിച്ച് നടപ്പിലാക്കാന്‍ മിഷന്‍ റീകണക്റ്റ് എന്ന പേരില്‍ ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചു. വിതരണവിഭാഗം ഡയറക്ടറുടെ മേല്‍നോട്ടത്തില്‍ തിരുവനന്തപുരം വൈദ്യുതി ഭവനില്‍ 24 മണിക്കൂറും പ്രത്യേക വിഭാഗം ഇതിനായി പ്രവര്‍ത്തിക്കും.

കല്പറ്റ, തൃശ്ശൂര്‍, ഇരിഞ്ഞാലക്കുട, പെരുമ്പാവൂര്‍, എറണാകുളം,  തൊടുപുഴ, ഹരിപ്പാട്, ആലപ്പുഴ, പത്തനംതിട്ട  എന്നീ  ഇലക്ട്രിക്കല്‍ സര്‍ക്കിളുകളില്‍ ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍മാരുടെ നേതൃത്വത്തിലും, പ്രശ്‌ന ബാധിത പ്രദേശങ്ങളിലെ സെക്ഷനുകളില്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍മാരുടെ നേതൃത്വത്തിലും പ്രത്യേക സമിതികള്‍ പുനരുദ്ധാരണ പ്രവര്‍ത്തികള്‍ക്ക് മേല്‍നോട്ടം നല്‍കും.  എല്ലാ ജില്ലയിലും പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ ചീഫ് എന്‍ജിനീയര്‍മാരെയും നിയോഗിച്ചിട്ടുണ്ട്.

സര്‍വീസില്‍നിന്നും വിരമിച്ച ജീവനക്കാരുടേയും മറ്റ് ഇലക്ട്രിക്കല്‍ സെക്ഷനില്‍ നിന്നുള്ള ജീവനക്കാരുടെയും കരാറുകാരുടെയും  സേവനവും ലഭ്യമാക്കും. തമിഴ്‌നാട്, കര്‍ണ്ണാടക, തെലുങ്കാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നും ജീവനക്കാരെയും ട്രാന്‍സ്‌ഫോര്‍മറുകള്‍ അടക്കമുള്ള സാധനങ്ങളും നല്‍കാമെന്ന് അറിയിച്ചിട്ടുണ്ട്. പവര്‍ഗ്രിഡ്, എന്‍.ടി.പി.സി, റ്റാറ്റാ പവര്‍, എല്‍ ആന്‍ഡ്  ടി തുടങ്ങിയ സ്ഥാപനങ്ങളും സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.
(പി.ആര്‍.പി. 2179/2018)

date