മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ കൂടുതൽ ഊർജിതമാക്കണം
ജില്ലാതല കോർ കമ്മിറ്റി യോഗം
മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് ജില്ലയിൽ നടപ്പിലാക്കി വരുന്ന പ്രവർത്തനങ്ങൾ കൂടുതൽ ഊർജിതമാക്കണമെന്ന് ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ്. മാലിന്യ സംസ്കരണ പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്താൻ കളക്ടറുടെ നേതൃത്വത്തിൽ ചേർന്ന കോർ കമ്മിറ്റി യോഗത്തിലാണ് ബസപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയത്.
മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് ഈ വർഷം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതിയിൽ 1771 പദ്ധതികളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ജില്ലയിൽ ടോയ്‌ലറ്റ് മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിനാവശ്യമായ എഫ്.എസ്.ടി.പി പ്ലാൻ്റ് സ്ഥാപിക്കുന്നതിൻ്റെ ഭാഗമായി ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പ്രത്യേക യോഗം ചേരുന്നതിനും തീരുമാനമായി.
മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് എംഎൽഎമാരുടെ നേതൃത്വത്തിലുള്ള മോണിറ്ററിങ് കമ്മിറ്റികൾ എത്രയും വേഗത്തിൽ ചേരണം. ഇതുവരെ യോഗം ചേരാത്ത മണ്ഡലങ്ങളിൽ ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥരുടെയും എംഎൽഎമാരുടെയും നേതൃത്വത്തിൽ യോഗം ചേരണം.
ജില്ലയിലെ അതിഥി തൊഴിലാളി ക്യാമ്പുകളില്‍ മാലിന്യ സംസ്‌കരണം ഉറപ്പാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാൻ യോഗത്തിൽ കളക്ടര്‍ നിര്‍ദേശം നല്‍കി. നിലവിൽ ആരോഗ്യവകുപ്പിൻ്റെ നേതൃത്വത്തിൽ നടപ്പിലാക്കി വരുന്ന അതിഥി ദേവോ ഭവ പദ്ധതിയിൽ ഉൾപ്പെടുത്തി മാലിന്യ സംസ്കരണത്തിൽ അതിഥി തൊഴിലാളികൾക്കിടയിൽ ബോധവൽക്കരണ പ്രവർത്തനങ്ങൾ നടപ്പിലാക്കും. നിലവിൽ ഹിന്ദി ഭാഷ കൈകാര്യം ചെയ്യുന്ന ഏഴുപേർ പദ്ധതിയുടെ ഭാഗമായി അതിഥി തൊഴിലാളികൾക്കിടയിൽ ആരോഗ്യപരമായ വിഷയങ്ങളെ സംബന്ധിച്ച് ക്ലാസുകൾ നയിക്കുന്നുണ്ട്. ഇവർ മുഖേന മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പ്രവർത്തനങ്ങൾ ഏകോപിക്കാൻ ആരോഗ്യ വകുപ്പ്, തൊഴിൽ വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ് എന്നിവർക്ക് നിർദേശം നൽകി.
ജില്ലാ കളക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തില്‍ അസിസ്റ്റന്റ് കളക്ടർ നിഷാന്ത് സിഹാര, തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ പി. എം ഷഫീഖ്, ജില്ലാ പ്ലാനിങ് ഓഫീസര്‍ പി.എ ഫാത്തിമ, ഹരിത കേരളം മിഷൻ ജില്ലാ കോ-ഓഡിനേറ്റർ എസ് രഞ്ജിനി, കുടുംബശ്രീ ജില്ലാ കോർഡിനേറ്റർ ടി എം റജീന, ജില്ലാ ലേബർ ഓഫീസർ പി ജി വിനോദ് കുമാർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments