Skip to main content

പത്തനംതിട്ടയിലും ചെങ്ങന്നൂരിലും 100 പേരുടെ സേവനം സമീപജില്ലകള്‍ക്കും സഹായഹസ്തമേകി കൊല്ലത്തെ അഗ്നിശമന സേന

 

ജില്ലയില്‍ വിവിധ കേന്ദ്രങ്ങളില്‍ നടന്നുവരുന്ന പ്രകൃതിക്ഷോഭ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കുപുറമെ സമീപ ജില്ലകള്‍ക്കും സഹായഹസ്തമേകുകയാണ് കൊല്ലത്തെ അഗ്നിശമന സേന. 

ഇവിടെനിന്നും നാല്‍പതിലധികം ജീവനക്കാരെയും ഫിഷിംഗ് ബോട്ടുകള്‍, ലൈഫ്‌ബോയ്കള്‍ എന്നിവയും  പത്തനംതിട്ട ജില്ലയിലേക്ക് അയച്ചിട്ടുണ്ട്. ചെങ്ങന്നൂരിലേക്ക് രണ്ട് സ്റ്റേഷന്‍ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ വിദഗ്ധ പരിശീലനം നേടിയ 40 അഗ്നിശമന സേനാംഗങ്ങള്‍ക്കൊപ്പം 20 കമ്മ്യൂണിറ്റി സര്‍വീസ് വോളന്റിയര്‍മാരേയും നിയോഗിച്ചു. കെ.എസ്.ആര്‍.ടി.സിയാണ് വാഹന സൗകര്യം നല്‍കിയത്. 

ഹോംഗാര്‍ഡുമാര്‍, കമ്മ്യൂണിറ്റി റെസ്‌ക്യൂ വോളണ്‍ന്റിയര്‍മാര്‍ എന്നിവര്‍ക്കൊപ്പം അടിയന്തിര രക്ഷാ-പ്രതിരോധ ഉപകരണങ്ങളും വിട്ടു നല്‍കി. ജില്ലയിലുള്ള ഹാം റേഡിയോ സംഘടനാംഗങ്ങളുടെയും ട്രാക്ക് ഉള്‍പ്പെടെയുള്ള സന്നദ്ധ സേവന സംവിധാനങ്ങളുടെയും പ്രവര്‍ത്തനം പത്തനംതിട്ടയില്‍ ഉറപ്പാക്കിയിട്ടുണ്ട്. 

  ജീവനക്കാരെയും സന്നദ്ധസേവകരെയും പ്രത്യേക സംഘങ്ങളായി തിരിച്ചാണ് ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നതെന്ന് ജില്ലാ ഓഫീസര്‍ കെ. ഹരികുമാര്‍ പറഞ്ഞു. ജില്ലയിലെ വെള്ളപ്പൊക്ക അപകടങ്ങള്‍ നേരിടുന്നതിന് ഡിങ്കികള്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ കൊല്ലം ഫയര്‍ സ്റ്റേഷനില്‍ സജജമാണ്. വെള്ളം ഉയര്‍ന്നതിനെത്തുടര്‍ന്ന് ഡിങ്കികള്‍ പന്തളത്ത് വിന്യസിച്ചിട്ടുമുണ്ട്. 

ജില്ലയില്‍ ഇതിനകം വെള്ളപ്പൊക്കത്തില്‍ അകപ്പെട്ട 65 പേരെയാണ് അഗ്നിശമന സേന രക്ഷിച്ചത്. അമ്പത് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. 563 പേരെ ദുരിതബാധിത മേഖലകളില്‍ നിന്ന് ഒഴിപ്പിച്ചു.   മാര്‍ഗതടസ്സമുണ്‍ണ്ടാക്കി കടപുഴകിയ 150        മരങ്ങള്‍ മുറിച്ചു നീക്കി ഗതാഗതം പുനസ്ഥാപിച്ചതായും ജില്ലാ ഓഫീസര്‍ വ്യക്തമാക്കി. 

(പി.ആര്‍.കെ. നമ്പര്‍ 1914/18)

 

date