വീട്ടിലേക്ക് മടങ്ങുമ്പോള്‍ ജാഗ്രത പാലിക്കുക; ദുരിതാശ്വാസ ക്യാമ്പുകളിലുള്ളവര്‍ക്ക് ആരോഗ്യ വകുപ്പിന്റെ നിര്‍ദേശം
ദുരിതാശ്വാസ ക്യാമ്പുകളില്‍നിന്നും വീടുകളിലേക്ക് മടങ്ങുന്നവര്‍ക്ക് ആരോഗ്യ വകുപ്പിന്റെ ജാഗ്രതാ നിര്‍ദേശം. പാമ്പുകടി, വൈദ്യുതാഘാതം, പരുക്കുകള്‍, പകര്‍ച്ച വ്യാധികള്‍, തുടങ്ങിയവയ്ക്കെതരെ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി.വി. ഷേര്‍ളി അറിയിച്ചു.
പാമ്പുകടി ഏറ്റാല്‍ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വിഷം വ്യാപിക്കുന്നത് പരമാവധി തടയുന്നതിനുള്ള പ്രഥമശുശ്രൂഷ ലഭ്യമാക്കണം. പാമ്പു കടിച്ചെന്ന് മനസിലായാല്‍ പരിഭ്രാന്തരാവുകയോ കടിയേറ്റവരെ ഭയപ്പെടുത്തുകയോ അരുത്. ഭയപ്പെട്ടാല്‍ രക്തയോട്ടം കൂടുകയും അതുവഴി വിഷം ശരീരത്തില്‍ പെട്ടെന്ന് വ്യാപിക്കുകയും ചെയ്യും.
മുറിവേറ്റ ഭാഗം സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കഴുകുക. കടിയേറ്റ വ്യക്തിയെ ഒരു നിരപ്പായ പ്രതലത്തില്‍ കിടത്തണം. മുറിവിന് മുകളിലായി കയറോ തുണിയോ മുറുക്കി കെട്ടേണ്ടതില്ല. ഇത് രക്തയോട്ടം തടസപ്പെടുത്തി കോശങ്ങള്‍ നശിക്കുന്നതിന് കാരണമാകും. മുറിവിന് മുകളില്‍ തുണി കെട്ടണമെന്നുണ്ടെങ്കില്‍ ഒരു വിരല്‍ ഇടാവുന്ന അയവുണ്ടാകണം. പാമ്പുകടിക്കുള്ള വിദഗ്ധ ചികിത്സ എത്രയും വേഗം ലഭ്യമാക്കണം.
വൈദ്യുതാഘാതമേറ്റാല് വൈദ്യുതിയുമായുള്ള ബന്ധം സുരക്ഷിതമായി വേര്‍പെടുത്തണം. വൈദ്യുതാഘാതമേറ്റയാള്ക്ക് ബോധം നഷ്ടപ്പെട്ടിട്ടില്ലെങ്കില്‍ നിരപ്പായ പ്രതലത്തില്‍ കിടത്തി ഹൃദയസ്പന്ദനവും ശ്വാസോച്ഛാസവും സാധാരണ നിലയിലായെന്ന് ഉറപ്പ് വരുത്തി വിദഗ്ധ ചികിത്സ നല്‍കണം.
ബോധം നഷ്ടപ്പെട്ടെങ്കില്‍ നിരപ്പായ പ്രതലത്തില്‍ കിടത്തി കഴുത്ത് ഒരു വശത്തേക്ക് ചരിച്ച്, താടി അല്‍പ്പം ഉയര്‍ത്തി ശ്വാസതടസം ഇല്ലായെന്ന് ഉറപ്പു വരുത്തുകയും ഉടന്‍ വിദഗ്ധ വൈദ്യസഹായം നല്‍കുകയും ചെയ്യുക.
പരിക്കേല്‍ക്കുന്നവര്‍ക്ക് മെഡിക്കല്‍ ക്യാമ്പുകളിലോ മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുകളിലോ പരിചരണവും ടെറ്റനസ് ടോക്സോയ്ഡ് ഇന്‍ജക്ഷനും ലഭ്യമാണ്.
വയറിളക്കം, കോളറ, ടൈഫോയ്ഡ്, മഞ്ഞപ്പിത്തം തുടങ്ങിയ ജലജന്യരോഗങ്ങള്‍ ബാധിക്കുന്നവര്‍ തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക. വെള്ളം ബ്ലീച്ചിംഗ് പൗഡര്‍ ഉപയോഗിച്ച് സൂപ്പര്‍ ക്ലോറിനേറ്റ് ചെയ്യണം. പാത്രങ്ങളും പച്ചക്കറികളും കഴുകുന്ന വെള്ളവും ക്ലോറിനേറ്റ് ചെയ്തുവേണം ഉപയോഗിക്കാന്‍.
ഭക്ഷണം പാചകം ചെയ്യുംമുന്പും കഴിക്കുന്നതിന് മുന്‍പും മലമൂത്ര വിസര്‍ജ്ജനത്തിന് ശേഷവും കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുണം. വയറിളക്കം ബാധിച്ചാല്‍ ഒ.ആര്.എസ് ലായനി ആവശ്യാനുസരണം നല്‍കണം. കൂടെ ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിന് വെള്ളം എന്നിവയും കൂടുതല്‍ അളവില്‍ നല്‍കാം. വയറിളക്കം ബാധിച്ചാല്‍ ഭക്ഷണവും വെള്ളവും കൂടുതലായി നല്‍കേണ്ടതുണ്ട്.
വര്‍ധിച്ച ദാഹം, നാവും ചുണ്ടുകളും വരളുക, വരണ്ട ചര്‍മ്മം, മയക്കം, മൂത്രക്കുറവ്, കടുത്ത മഞ്ഞ നിറത്തില്‍ മൂത്രം തുടങ്ങിയ നിര്‍ജ്ജലീകരണ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ആശുപത്രിയില്‍ എത്തിക്കണം.
എലി, കന്നുകാലികള്‍, നായ്ക്കള്‍ എന്നിവയുടെ മൂത്രം കൊണ്ട് മലിനമായ വെള്ളവുമായുള്ള സമ്പര്‍ക്ക
മാണ് എലിപ്പനിക്ക് കാരണമാകുന്നത്. അതുകൊണ്ട് മലിനജലവുമായി സമ്പര്‍ക്കം പരമാവധി ഒഴിവാക്കണം.
മലിനജലത്തില്‍ ജോലി ചെയ്യേണ്ടി വരുന്നവരും ദുരിതാശ്വാസ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ശുചീകരണത്തില്‍ ഏര്പ്പെടേണ്ടിവരുന്നവരും എലിപ്പനി പ്രതിരോധ പ്രതിരോധ ഗുളികയായ ഡോകസിസൈക്ലിന് ആഴ്ച്ചയില്‍ ഒരിക്കല്‍ 200 മില്ലിഗ്രാം നിര്‍ബന്ധമായും കഴിക്കണം.
ഡെങ്കിപ്പനി, മലമ്പനി, ജപ്പാന് ജ്വരം മുതലായ കൊതുകജന്യ രോഗങ്ങള്‍ വെള്ളപ്പൊക്കത്തിന് ശേഷം കൂടുതലായി ബാധിക്കാന്‍ സാധ്യതയുണ്ട്. ഇത് തടയുന്നതിന് വളരാന്‍ സാധ്യതയുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കണം.
കൊതുകിന്റെയോ കൂത്താടിയുടെയോ സാന്നിധ്യം ശ്രദ്ധയില്‍പ്പെട്ടാല്‍ ആരോഗ്യപ്രവര്‍ത്തകരെ അറിയിക്കുകയും പ്രതിരോധ നടപടികള്‍ സ്വീകരിക്കുകയുംവേണം.
ചിക്കന്‍പോക്സ്, എച്ച്1 എന്‍1, വൈറല്‍പനി തുടങ്ങിയ വായൂജന്യ രോഗങ്ങള്‍ക്കും സാധ്യതയുണ്ട്. ഇവയെക്കുറിച്ച് ബോധവത്ക്കരണം നടത്തണം. രോഗ ലക്ഷണങ്ങള്‍ പ്രകടമായാല്‍ രോഗികളെ മാറ്റി പാര്‍പ്പിച്ച് പ്രതേ്യക ചികിത്സ നല്‍കണം.
ത്വക്ക് രോഗങ്ങളും, കണ്ണ്, ചെവി എന്നിവയിലെ അണുബാധകളും ഉണ്ടാകാതിരിക്കാന്‍ കഴിവതും ചര്‍മ്മം ഈര്‍പ്പരഹിതമായി സൂക്ഷിക്കണം. മലിനജലത്തില്‍ ഇറങ്ങേണ്ടി വരുമ്പോള്‍ അതിനു ശേഷം ക്ലോറിനേറ്റ് ചെയ്ത വെള്ളത്തില്‍ കൈകാലുകള്‍ കഴുകി വ്യത്തിയാക്കി ഉണക്കണം. വളംകടി പോലെയുള്ള രോഗങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍ വൈദ്യസഹായം ഉറപ്പാക്കണം. ചെങ്കണ്ണ്, ചെവിയിലുണ്ടാകുന്ന അണുബാധ എന്നിവയ്ക്കും ചികിത്സ ഉറപ്പാക്കണമെന്ന് ഡി.എം.ഒ നിര്‍ദേശിച്ചു.
(പി.ആര്.കെ. നമ്പര്‍ 1922/18)
- Log in to post comments