ജീവന്‍ തിരിച്ചു കിട്ടിയത് വിശ്വസിക്കാനാകാതെ ഗീത; വീരനായക•ാരായി കടലിന്റെ മക്കള്‍
ഓച്ചിറ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിലെത്തിയ ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മയ്ക്ക് മുന്നില്‍ ഗീത നിറകണ്ണുകളോടെ കൈകൂപ്പി. മരണമുഖത്തുനിന്നും ജീവിതത്തിന്റെ തീരത്തേക്ക് കൂട്ടിക്കൊണ്ടുവരാന്‍ മത്സ്യത്തൊഴിലാളികളെ അയച്ചതിന് നന്ദി പറയുമ്പോള്‍ അവരുടെ വാക്കുകള്‍ മുറിഞ്ഞു. എല്ലാം നഷ്ടപ്പെട്ടെങ്കിലും ജീവന്‍ ബാക്കി കിട്ടിയതിന്റെ ആശ്വാസത്തിലാണ് ഗീതയും കുടുംബവും.
പത്തനംതിട്ട ജില്ലയിലെ കടപ്രയാണ് ഇവരുടെ സ്വദേശം. ഭര്‍ത്താവ് കമലാസനന്‍ വീടിനു സമീപം നടത്തിയിരുന്ന കടയായിരുന്നു രണ്ടു മക്കളുള്ള ഇവരുടെ ഏക വരുമാന മാര്‍ഗം. പ്രളയജലം കടയും വിഴുങ്ങി വീട്ടിലേക്ക് കയറിയപ്പോള്‍ എല്ലാം അവസാനിച്ചെന്ന് ഉറപ്പിച്ചിരിക്കെയാണ് കടലിന്റെ മക്കള്‍ രക്ഷകരായി ഇവര്‍ക്കുമുന്നിലെത്തിയത്.
ഇവരെപ്പോലെ ഒരുപാടു പേര്‍ക്ക് പറയാനുണ്ട് മത്സ്യത്തൊഴിലാളികള്‍ നടത്തിയ സ്വപ്നതുല്യമായ രക്ഷാപ്രവര്‍ത്തനത്തിന്റെ അനുഭവസാക്ഷ്യങ്ങള്‍. കലിതുള്ളിയ പ്രളയജലത്തില്‍ സ്വന്തം ജീവന്‍ പണയംവച്ച് ആയിരങ്ങളെ രക്ഷപ്പെടുത്തിയവര്‍ക്ക് ലോകമെങ്ങും നിന്ന് നന്ദിയും അഭിനന്ദനവും പ്രവഹിക്കുകയാണ്. ഫേസ്ബുക്കിലും വാട്‌സാപ്പിലും അക്കൗണ്ടില്ലാത്തവര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വീരനായകന്‍മാരായി നിറഞ്ഞുനില്‍ക്കുന്നു. മത്സ്യത്തൊഴിലാളികളോടു മുഖംതിരിച്ച നാളുകളെക്കുറിച്ച് തുറന്നു പറഞ്ഞ് പലരും മാപ്പു ചോദിക്കുന്നു. ഇനി എന്നും അവര്‍ക്കൊപ്പമുണ്ടാകുമെന്ന് ഉറപ്പു നല്‍കുന്നു.
മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശമനുസരിച്ച് ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മയുടെ നേരിട്ടുള്ള ഏകോപനത്തിലാണ് സംസ്ഥാനത്തെ വിവിധ ജില്ലകളില്‍നിന്നുള്ള മത്സ്യത്തൊഴിലാളികള്‍ ദുരന്തമുഖത്ത് വള്ളങ്ങളുമായെത്തിയത്. കൊല്ലത്ത് തങ്കശ്ശേരി, വാടി, നീണ്ടകര, ആലപ്പാട് മേഖലകളില്‍നിന്ന് ലോറികളില്‍ കയറ്റിയാണ് ഇരുന്നൂറോളം വള്ളങ്ങള്‍ പത്തനംതിട്ടയിലും ചെങ്ങന്നൂരിലുമെത്തിച്ചത്.
കടലില്‍ നാളിതുവരെ നേരിട്ടിട്ടില്ലാത്ത പ്രതിബന്ധങ്ങളാണ് പ്രളയം വിഴുങ്ങിയ കരയില്‍ അവരെ കാത്തിരുന്നത്. കനത്ത മഴയും, ശക്തമായ ഒഴുക്കും, സ്ഥലപരിചയമില്ലായ്മയുമൊക്കെ കടലിന്റെ മക്കളുടെ നിശ്ചയദാര്‍ഢ്യത്തിനു മുന്നില്‍ വഴിമാറിയപ്പോള്‍ അത് രാജ്യത്തുതന്നെ സമാനതകളില്ലാത്ത രക്ഷാപ്രവര്‍ത്തനമായി മാറുകയായിരുന്നു. ഉള്‍പ്രദേശങ്ങളിലെ വീടുകളിലും ടെറസിലും തുരുത്തുകളിലുമൊക്കെ രക്ഷാപ്രവര്‍ത്തകരെ കാത്തിരുന്ന് ആശയറ്റ ആയിരങ്ങള്‍ തീരദേശങ്ങളില്‍നിന്നെത്തിയ വള്ളങ്ങളില്‍ ജീവിതത്തിന്റെ തീരത്തടുത്തു.
ഓഖി ദുരന്തത്തിന്റെ കെടുതികള്‍ ഏറ്റുവാങ്ങിയവരാണ് തീരദേശവാസികള്‍. അതുകൊണ്ടുതന്നെ ദുരിതബാധിത മേഖലകളിലേക്ക് പോകണമെന്ന സര്‍ക്കാരിന്റെ നിര്‍ദേശം സ്വീകരിക്കാന്‍ ഇവര്‍ക്ക് അധികം ആലോചിക്കേണ്ടതില്ലായിരുന്നു. ഒട്ടും പരിചിതമല്ലാത്ത നാടുകളിലേക്ക് തിരികെ ഒന്നും പ്രതീക്ഷിക്കാതെയായിരുന്നു യാത്ര.
കൊല്ലം വാടി സ്വദേശി ഹിലര്‍മി ജെയിംസും കൂട്ടരും വേളാങ്കണ്ണി മാതാ എന്ന വള്ളത്തില്‍ റാന്നി മേഖലയിലാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. വള്ളത്തില്‍ പൊട്ടല്‍ വീണ് വെള്ളം കയറുന്നതുവരെ ഒട്ടേറെപ്പേരെ രക്ഷപ്പെടുത്തി. കഴിഞ്ഞ ദിവസം വാടിയില്‍ തിരിച്ചെത്തിയ ഹിലര്‍മി രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കുചേരാനായി വീണ്ടും പത്തനംതിട്ടയിലേക്ക് പോയി. മത്സ്യത്തൊഴിലാളികള്‍ നടത്തുന്ന രക്ഷാപ്രവര്‍ത്തനത്തിന് സര്‍ക്കാരിന്റെ കൃത്യമായ ഏകോപനവും പിന്തുണയും ലഭിച്ചെന്ന് ഹിലര്‍മി പറഞ്ഞു.
പ്രളയത്തില്‍പ്പെട്ടവരില്‍ 70 ശതമാനം പേരെയും രക്ഷപെടുത്തിയത് മത്സ്യത്തൊഴിലാളികളാണെന്ന് പത്തനംതിട്ടയിലെ ദുരിതാശ്വാസ നടപടിയുടെ സ്‌പെഷ്യല്‍ ഓഫീസര്‍ എസ്. ഹരികിഷോര്‍ അറിയിച്ചതായി ജില്ലാ കലക്ടര്‍ ഡോ. എസ്. കാര്‍ത്തികേയന്‍ അറിയിച്ചു.
(പി.ആര്‍.കെ. നമ്പര്‍ 1932/18)
- Log in to post comments