ദുരിതാശ്വാസ പ്രവര്‍ത്തനം: വോളണ്ടിയര്‍മാര്‍ക്കും ജീവനക്കാര്‍ക്കും കലക്ടറുടെ അഭിനന്ദനം
രാപകല്‍ വ്യത്യാസമില്ലാതെ കഴിഞ്ഞ ദിവസങ്ങളില്‍ ടി.എം. വര്‍ഗീസ് ഹാളിലെ ദുരിതാശ്വാസ സമാഹരണ കേന്ദ്രത്തില്‍ സന്നദ്ധ സേവനം നടത്തിയ വോളണ്ടിയര്‍മാരെയും ജീവനക്കാരെയും ജില്ലാ കലക്ടര്‍ ഡോ. എസ്. കാര്‍ത്തികേയന്‍ അഭിനന്ദിച്ചു.
വലിയ ഒരു പ്രളയക്കെടുതിയുടെ നടുവിലും മനുഷ്യത്വത്തിന്റെ ഒരു മഹാസാഗരം കാണാന്‍ കഴിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു. രക്ഷാദൗത്യത്തിലൂടെ നാടിന്റെ അഭിമാനമായി മാറിയ മത്സ്യത്തൊഴിലാളികളെ ഒരിക്കലും മറക്കാന്‍ കഴിയില്ല. കൊല്ലത്തിന്റെ തീരദേശം ഉണര്‍ന്നു പ്രവര്‍ത്തിച്ചത് കൊണ്ടാണ് ഇത്രയധികം വള്ളങ്ങളെ നമുക്ക് അയയ്ക്കാന്‍ കഴിഞ്ഞത്. മത്സ്യത്തൊഴിലാളികളാണ് ഭൂരിപക്ഷം പേരെയും വെള്ളപ്പൊക്കത്തില്‍ നിന്ന് രക്ഷിച്ചത്. സാഹചര്യത്തിനനുസരിച്ച് ഉയര്‍ന്ന് പ്രവര്‍ത്തിക്കാന്‍ കൊല്ലത്തിന് കഴിഞ്ഞു. 500 ലേറെ വോളന്റിയര്‍മാരാണ് ടി.എം. വര്‍ഗീസ് ഹാളിലെ കേന്ദ്രീകൃത സമാഹരണ കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്നത്.
ആലപ്പുഴ, പത്തനംതിട്ട, എറണാകുളം എന്നിവിടങ്ങളിലേക്ക് ദുരിതാശ്വാസ സാധനങ്ങളുമായി 35 ട്രക്കുകള്‍ അയയ്ക്കാന്‍ കഴിഞ്ഞു. നൂറോളം വോളന്റിയര്‍മാരെ ജില്ലാ ഭരണകൂടം നേരിട്ട് മറ്റ് ജില്ലകളില്‍ എത്തിച്ചിട്ടുണ്ട്. നിരവധിയാളുകള്‍ സ്വയം സന്നദ്ധരായി അന്യജില്ലകളില്‍ ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ സഹകരിക്കുന്നുണ്ട്. ദുരിതാശ്വാസ സാധന സാമഗ്രികള്‍ ഇടതടവില്ലാതെ പൊതുജനങ്ങളും സംഘടനകളും സ്ഥാപനങ്ങളും എത്തിച്ചുകൊണ്ടിരിക്കുകയാണ്.
ദുരിതാശ്വാസം എന്ന ദൗത്യത്തില്‍ സര്‍ക്കാരിനൊപ്പം നിലയുറപ്പിച്ച പുതുതലമുറ വലിയ പ്രതീക്ഷയാണ് നാടിന് നല്‍കുന്നതെന്നും കലക്ടര്‍ പറഞ്ഞു. വിവിധ വകുപ്പുകളിലെ ഉദേ്യാഗസ്ഥര്‍ മറ്റെല്ലാം മാറ്റിവച്ച് രക്ഷാദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു - കലക്ടര്‍ പറഞ്ഞു. ടി.എം. വര്‍ഗീസ് ഹാളില്‍ നടന്ന കൂട്ടായ്മയില്‍ അസിസ്റ്റന്റ് കലക്ടര്‍ എസ്. ഇലക്കിയ, വോളന്റിയര്‍ കോ-ഓര്‍ഡിനേറ്റര്‍ ആസിഫ് അയൂബ്, വിവിധ ഉദേ്യാഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
(പി.ആര്‍.കെ. നമ്പര്‍ 1949/18)
- Log in to post comments