ടിക്കറ്റില്ല ബക്കറ്റ് മാത്രം; സ്വകാര്യ ബസുടമകളുടെ കാരുണ്യ മാതൃക
പ്രളയദുരിതം നേരിടുന്നവര്‍ക്കായി സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ചേരുകയാണ് സ്വകാര്യ മേഖലയിലുള്ളവരും. അതിജീവനത്തിന്റെ നാളുകള്‍ക്ക് കൈത്താങ്ങാവുകയാണ് ഈ പിന്തുണ.
ഒരു പ്രദേശത്ത് സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകള്‍ ഒന്നാകെ ദുരിതബാധിതരെ സഹായിക്കാനെടുത്ത വ്യത്യസ്തമായ മാര്‍ഗം ശ്രദ്ധേയമായി. ടിക്കറ്റ് എടുക്കാതെ യാത്രക്കാര്‍ക്ക് സഞ്ചരിക്കാവുന്ന പ്രത്യേക സര്‍വീസ്. പക്ഷേ യാത്ര ചെയ്യുന്നവര്‍ക്ക് മനസറിഞ്ഞ് സംഭാവന നല്‍കാനായി ബസില്‍ ഒരു ബക്കറ്റ് സ്ഥാപിച്ചിരിന്നു. ഇതുവഴി സമാഹരിക്കുന്ന തുകയാണ് ദുരിതാശ്വാസ പ്രവര്‍ത്തനത്തിനായി പങ്കിടുക.
പെരുമണില്‍ നിന്ന് സര്‍വീസ് നടത്തുന്ന ജീസസ്, തത്വമസി, ശ്രീ വിദ്യാധിരാജ, ശ്രീ ദുര്‍ഗ എന്നീ ബസുകളാണ് പ്രളയ ദുരിത ബാധിതര്‍ക്കായി പണം സ്വരൂപിക്കാന്‍ തയ്യാറായത്.
ബസുടമകളുടെ ഈ മാതൃകാ പ്രവര്‍ത്തനത്തെ അഭിനന്ദിക്കാന്‍ കൊല്ലം പോലീസ് വേദിയൊരുക്കി. ചിന്നക്കട ബസ്ബേയില്‍ ബസുകളിലെ ജീവനക്കാരേയും ഉടമകളേയും ഈസ്റ്റ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ മഞ്ജുലാല്‍ ഹസ്തദാനം നല്കി ഹാരവുമണിയിച്ച് അഭിനന്ദിച്ചു. മറ്റുള്ളവര്‍ക്ക് അനുകരിക്കാവുന്ന സദ്പ്രവര്ത്തിയാണ് ഇത്രയും ബസുടമകള്‍ ചേര്‍ന്ന് നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് ഇവിടയുണ്ടായിരുന്ന പോലീസുകാരും സംഭാവന നല്കി.
ഒരു ദിവസത്തെ വരുമാനം പൂര്‍ണമായും ദുരിതാശ്വാസ നിധിയിലേക്കു കൈമാറാനാണ് ബസുടമകളുടെ തീരുമാനം. ജീവനക്കാര്‍ ശമ്പളമില്ലാതെ ജോലി ചെയ്ത് കാരുണ്യയാത്രയ്ക്ക് പിന്തുണയുമേകി. പെരുമണ്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘടനയായ തണലിന്റെ സെക്രട്ടറി കെ. രവീന്ദ്രന് കാരുണ്യ യാത്ര ഫ്ളാഗ് ഓഫ് ചെയ്തു.
(പി.ആര്.കെ. നമ്പര്‍ 1950/18)
- Log in to post comments