Skip to main content

ജില്ലയില്‍ 22288 കിണറുകള്‍ അണുവിമുക്തമാക്കി

കൊല്ലം ജില്ലയില്‍ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ 22288 കിണറുകള്‍ ക്ലോറിനേഷന്‍ നടത്തി അണുവിമുക്തമാക്കി. ഇതില്‍ 165 പൊതു കിണറുകളും 22123 സ്വകാര്യ കിണറുകളും ഉള്‍പ്പെടുന്നു. 

ജില്ലയിലെ എല്ലാ ദുരിതാശ്വാസ ക്യാമ്പുകളിലും ആരോഗ്യ വകുപ്പിന്റെ സംഘം സന്ദര്‍ശിക്കുകയും ആവശ്യമായവര്‍ക്ക് മെഡിക്കല്‍ സേവനം ലഭ്യമാക്കുകയും ചെയ്തു. ഇതുവരെ ക്യാമ്പുകളില്‍ പകര്‍ച്ചവ്യാധികള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി.വി. ഷേര്‍ളി അറിയിച്ചു.

വകുപ്പിന്റെ നേതൃത്വത്തില്‍ വ്യാപകമായി ക്ലോറിനേഷന്‍ കാമ്പയിനും ബോധവത്കരണവും നടന്നുവരുന്നു. ശുചീകരണ ജോലികള്‍ക്കായി മറ്റു ജില്ലകളിലേക്ക്  പോകുന്നവര്‍ക്ക് ഫസ്റ്റ് എയ്ഡ് കിറ്റുകളും പ്രതിരോധ ഗുളികളും നല്‍കുന്നുണ്ട്. പാരാസെറ്റാമോള്‍, ഡോക്‌സിസൈറ്റിന്‍, റാന്റാക്, എമിസെറ്റ്  ഗുളികകള്‍, ബിറ്റാഡിന്‍, ക്ലോട്രിമസോള്‍ ഓയിന്റ്‌മെന്റുകള്‍, ഗ്ലൗസ് എന്നിവയാണ് കിറ്റുകളിലുള്ളത്. 

ജില്ലയില്‍നിന്ന് മറ്റു ജില്ലകളില്‍ രക്ഷാപ്രവര്‍ത്തനത്തിന് പോയ മത്സ്യത്തൊഴിലാളികള്‍ക്ക് എലിപ്പനിക്കെതിരെയുള്ള പ്രതിരോധ മരുന്നുകള്‍ നല്‍കി. ഈ മാസം 29ന് ഇവര്‍ക്ക് ത്വക് രോഗ വിദഗ്ധന്റെയും ഫിസിഷ്യന്റെയും സേവനം ലഭ്യമാക്കും.

പ്രളയ ബാധിത മേഖലകളിലെ വിദ്യാര്‍ഥികള്‍ സ്‌കൂളുകളില്‍  മടങ്ങിയെത്തുമ്പോള്‍ അവര്‍ക്ക് ആവശ്യമായ സേവനം ലഭ്യമാക്കുന്നതിന് സ്‌കൂള്‍ കൗണ്‍സിലര്‍മാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കി.

(പി.ആര്‍.കെ. നമ്പര്‍ 1969/18)

date