അയല്‍ ജില്ലകളിലെ പ്രളയ ബാധിത മേഖലകളില്‍ സഹായഹസ്തവുമായി കൊല്ലം കോര്‍പ്പറേഷന്‍
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ പ്രളയബാധിത മേഖലകള്‍ക്ക് കൊല്ലം കോര്‍പ്പറേഷന്റെ സഹായഹസ്തം. ചെങ്ങന്നൂരില്‍ വീടുകളുടെ ശുചീകരണ ജോലികളില്‍ പങ്കാളികളായ കോര്‍പ്പറേഷന്‍ സംഘം കുട്ടനാട്ടിലെയും കോട്ടയത്തെയും ദുരിതാശ്വാസ ക്യാമ്പുകളില്‍ അവശ്യ സാധനങ്ങള്‍ എത്തിച്ചുകൊടുക്കുകയും ചെയ്തു.
മേയര്‍ അഡ്വ. വി. രാജേന്ദ്ര ബാബുവിന്റെ നേതൃത്വത്തില്‍ 89 ജീവനക്കാരാണ് ചെങ്ങന്നൂരിലെത്തിയത്. നഗരത്തിലെ പ്രധാന മേഖലകളിലെയും ഐ.എച്ച്.ആര്‍.ഡി കോമ്പൗണ്ട് ഉള്‍പ്പെടെയുള്ള അഞ്ച് ദുരിതാശ്വാസ ക്യാമ്പുകളിലെയും ചെളിയും മാലിന്യങ്ങളും നീക്കം ചെയ്തു. എട്ടു വീടുകള്‍ ശുചീകരിച്ച് വാസയോഗ്യമാക്കി.
കോര്‍പ്പറേഷന്‍ സെക്രട്ടറി വി.ആര്‍. രാജു, അഡീഷണല്‍ സെക്രട്ടറി ആര്‍.എസ്. അനു, ഡെപ്യൂട്ടി സെക്രട്ടറി സുധീര്‍, റവന്യൂ ഓഫീസര്‍ ജി. മുരളി, രജിസ്ട്രാര്‍ എന്‍.എസ്. ഷൈന്‍ എന്നിവര്‍ ശുചീകരണപ്രവര്‍ത്തനങ്ങളുടെ ഏകോപനം നിര്‍വഹിച്ചു.
കൊല്ലം കോര്‍പ്പറേഷനില്‍നിന്നും ബ്ലീച്ചിംഗ് പൗഡര്‍, കുമ്മായം, ലോഷന്‍ തുടങ്ങിയ ശുചീകരണ സാമഗ്രികള്‍ ചെങ്ങന്നൂര്‍ നഗരസഭയ്ക്ക് കൈമാറി. കോട്ടയം നഗരസഭയ്ക്ക് ലോഷനും ഹരിപ്പാട് നഗരസഭയ്ക്ക് ബ്ലീച്ചിംഗ് പൗഡറും എത്തിച്ചു നല്‍കി. ചങ്ങനാശേരി ടൗണ്‍ ഹാള്‍, കുറിച്ചി ഔട്ട്‌പോസ്റ്റ് എന്നിവിടങ്ങളിലെ ക്യാമ്പുകളില്‍ കോര്‍പ്പറേഷന്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ അവശ്യ സാധനങ്ങള്‍ എത്തിച്ചു.
കൊല്ലം നഗരസഭയുടെ രണ്ട് കുടിവെള്ള ടാങ്കറുകള്‍ ചെങ്ങന്നൂരിലെ കുടിവെള്ള വിതരണത്തിനായി വിട്ടു നല്‍കിയിട്ടുണ്ട്. നഗരസഭയിലെ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും മുന്‍കൈ എടുത്ത് സമാഹരിച്ച ഭക്ഷണസാധനങ്ങള്‍ ഉള്‍പ്പെടെയുള്ള അവശ്യവസ്തുക്കള്‍ കൊല്ലം ജില്ലാ ഭരണകൂടത്തിന് കൈമാറിയിരുന്നു.
ചെങ്ങന്നൂര്‍ നഗരസഭാ ചെയര്‍പേഴ്‌സണുമായി ചര്‍ച്ച നടത്തിയ മേയര്‍ വി. രാജേന്ദ്രബാബു തുടര്‍ന്നും ശുചീകരണ സാമഗ്രികളും ഭക്ഷ്യവസ്തുക്കളും ലഭ്യമാക്കാമെന്ന് വാഗ്ദാനം ചെയ്തു. നഗരസഭയിലെ ദുരിതാശ്വാസ കൗണ്ടറില്‍ കിട്ടുന്ന സാധനങ്ങള്‍ പ്രളയ ബാധിത മേഖലകളിലേക്ക് കൊണ്ടുപോകുന്നുണ്ട്.
(പി.ആര്‍.കെ. നമ്പര്‍ 1970/18)
- Log in to post comments