Skip to main content

പുനരുജ്ജീവനത്തിന് കൈകോര്‍ത്ത് വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത്

 

പ്രളയത്തില്‍ തകര്‍ന്ന സഹജീവികള്‍ക്ക് പുനരുജ്ജീവനത്തിന് കൈത്താങ്ങുമായി വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത്. ചെങ്ങന്നൂരിലെ പാണ്ടനാട് പ്രദേശത്തെ വീടുകളും കിണറുകളും പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ശുചീകരിച്ചു. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കു പുറമേ പത്ത് വീടുകള്‍ക്ക് ഒരു മെഡിക്കല്‍ ക്യാമ്പ് എന്ന രീതിയില്‍ ക്യാമ്പുകള്‍ സജ്ജീകരിച്ച് പ്രദേശത്ത് പരിശോധന നടത്തിയതായി വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.എസ് അജിതകുമാരി പറഞ്ഞു.
 
വെള്ളനാട് സി.എച്ച്.സിയിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് മെഡിക്കല്‍ ക്യാമ്പിന് നേതൃത്വം നല്‍കിയത്. ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശപ്രകാരമാണ് ബ്ലോക്ക് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ പഞ്ചായത്ത് മെമ്പര്‍മാര്‍, വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാര്‍, ജോയിന്റ് ബി.ഡി.ഒ, ജീവനക്കാര്‍ എന്നിവരടങ്ങിയ 42 അംഗ സന്നദ്ധ പ്രവര്‍ത്തകര്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി ചെങ്ങന്നൂരെത്തിയത്. ഒപ്പം ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെട്ടവരും ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തു.

പമ്പ്, ജനറേറ്റര്‍, ഇന്ധനം, ശുചീകരണ വസ്തുക്കള്‍, പണിയായുധങ്ങള്‍, ഭക്ഷ്യ വസ്തുക്കള്‍ എന്നിങ്ങനെ സുസജ്ജമായാണ് സംഘം ചെങ്ങന്നൂരെത്തിയത്. സംഘത്തെ രണ്ട് ഗ്രൂപ്പായി തിരിച്ചാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്.

 

date