പ്രളയക്കെടുതി :ബാങ്ക് സേവനങ്ങള്‍ സൗജന്യമായി
പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ ബാങ്ക് സേവനങ്ങള്‍ സൗജന്യമായി ലഭ്യമാക്കുകയാണ് അധികൃതര്‍. ഡൂപ്ലിക്കേറ്റ് പാസ്ബുക്ക്, പുതിയ ഡെബിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ് ഹോട്ട്ലിസ്റ്റ് ചെയ്യല്‍, പുതിയ ചെക്ക്ബുക്ക് തുടങ്ങിയ സേവനങ്ങളാണ് സൗജന്യമായി ലഭ്യമാകുന്നത്. മാത്രമല്ല രേഖകള്‍ പൂര്‍ണമായും നഷ്ടപ്പെട്ടവര്‍ക്ക് ആധാര്‍ നമ്പര്‍ ഉപയോഗിച്ച് അക്കൗണ്ടുകള്‍ വീണ്ടെടുക്കാന്‍ സാധിക്കും. രേഖകളൊന്നും തിരിച്ചെടുക്കാന്‍ സാധിക്കാത്ത ആളുകള്‍ക്ക് ബേസിക് സേവിംഗ്സ് അക്കൗണ്ട് എന്ന ഒരു സംവിധാനം ബാങ്കുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതുവഴി പതിനായിരം രൂപ നിക്ഷേപിക്കാന്‍ സാധിക്കും. ഈ അക്കൗണ്ട് തുറക്കുന്നതിനായി തിരിച്ചറിയല്‍ രേഖകള്‍ പൂര്‍ണമായും നഷ്ടപ്പെട്ടവര്‍ക്ക് പേരും വിലാസവും തെളിയിക്കുന്ന പഞ്ചായത്ത് മെംമ്പറുടെ കത്ത് ഉപയോഗിക്കാന്‍ സാധിക്കും. കൂടാതെ, യാതൊരു വിധത്തിലുള്ള സെക്യൂരിറ്റിയുമില്ലാതെ പ്രളയബാധിതര്‍ക്ക് 10000 രൂപ വരെ കണ്‍സപ്ഷന്‍ ലോണ്‍ അനുവദിച്ചു കൊടുക്കുന്നു. 36 തവണകളായി തിരിച്ചടച്ചാല്‍ മതിയാകും. കൂടാതെ ഹ്രസ്വ കാലവായ്പകള്ക്ക് ഇപ്പോഴത്തെ കുടിശ്ശിക അടച്ചുതീര്‍ക്കാനും ലോണ്‍ അടച്ചുതീര്ക്കാനുമുള്ള കാലാവധി നീട്ടികൊടുക്കുകയും ചെയ്യും. വെള്ളം കയറിയ നോട്ടുകള്‍ മാറ്റിയെടുക്കാനും ബാങ്കുകളെ സമീപിക്കാവുന്നതാണ്. ആര്‍ക്കൈവ് വിഭാഗവുമായി ബന്ധപ്പെട്ട് പ്രളയക്കെടുതിയില്‍ നാശം സംഭവിച്ച രേഖകളെ വീണ്ടെടുക്കുന്നതിനുള്ള ശ്രമവും ആരംഭിച്ചിട്ടുണ്ട്. ഈ വര്‍ഷം ജൂലൈയില്‍ കുടിശ്ശിക ആകാത്ത കാര്‍ഷിക, കാര്‍ഷികേതര, വീട്, വിദ്യാഭ്യാസം, വ്യവസായ വായ്പകള്‍ക്ക് മോറട്ടോറിയം പ്രഖ്യാപിച്ചു. കൂടാതെ വായ്പകള്‍ പുനക്രമീകരിക്കുകയും ചെയ്തു. അക്കൗണ്ടുമായി മറ്റ് രേഖകള്‍ ലിങ്ക് ചെയ്തിട്ടുള്ളവര്‍ക്ക് നഷ്ടപ്പെട്ട രേഖകളുടെ പകര്‍പ്പ് ബാങ്കുകള്‍ വഴി വീണ്ടെടുക്കാന്‍ കഴിയും. വെള്ളം കയറിയ ബാങ്കുകള്‍ പ്രവര്‍ത്തനരഹിതമായെങ്കിലും മറ്റ് ശാഖകളുമായി ബന്ധപ്പെട്ടുത്തി പൊതുജനങ്ങള്‍ക്ക് സേവനം ലഭ്യമാക്കുന്നുണ്ട്.
റാന്നിയിലെ ഭൂരിപക്ഷം ബാങ്കുകളുടെ ബ്രാഞ്ചുകളും ഇതുവരെ പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ല. എസ്.ബി.ഐ റാന്നി, ബാങ്ക് ഓഫ് ബറോഡ കോര്പ്പറേഷന് ബാങ്ക് എന്നിവ ഭാഗികമായി പ്രവര്‍ത്തിക്കുന്നുണ്ട്. എസ്.ബി.ഐ ഇട്ടിയപ്പാറയിലും സേവനങ്ങള്‍ മന്ദമരുതി ബ്രാഞ്ചിലും തോട്ടമണ്‍ ബ്രാഞ്ചിലും ലഭ്യമാകും. ഇന്ത്യന്‍ ബാങ്കിന്റെ സേവനങ്ങള്‍ കോഴഞ്ചേരി പത്തനംതിട്ട ശാഖകളില്‍ ലഭ്യമാകും. ഫെഡറല്‍ ബാങ്ക് ഇട്ടിയപ്പാറ മന്ദമരുതി ബ്രാഞ്ചില്‍ സേവനങ്ങള്‍ ലഭ്യമാകുന്നുണ്ട്. എച്ച് ഡി എഫ് സി , ഐസിസിഐ ബാങ്കുകള്‍ കോഴഞ്ചേരിയിലും പത്തനംതിട്ടയിലും സേവനങ്ങള്‍ ലഭ്യമാകും. കാനറാ ബാങ്ക് പത്തനംതിട്ട ശാഖയില്‍ സേവനങ്ങള്‍ ലഭ്യമാണ്. അയിരൂരില്‍ നാല് ബാങ്കുകളാണ് പൂര്‍ണമായും പ്രവര്‍ത്തിക്കാതെ ഇരുന്നത്. ഐ.ഒ.ബി മാരാമണ്ണും എസ്.ബി.ഐ തടിയൂരും കേരളാഗ്രാമീണ് ബ്രാഞ്ച് പുല്ലാടും സേവനങ്ങള്‍ ലഭ്യമാകുന്നുണ്ട്. പത്തനംതിട്ട ജില്ലയില്‍ 67 എ.ടി.എമ്മുകള്‍ പ്രവര്‍ത്തനരഹിതമാണ്. ഇവയുടെ പുനരുജ്ജീവനപ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലാണ്.
(പിഎന്‍പി 2706/18)
- Log in to post comments