Skip to main content

ചാവക്കാട് ബീച്ച് ഫ്ലോട്ടിങ് ബ്രിഡ്ജ് പിളർന്നെന്ന വാർത്ത വ്യാജം: എം എൽ എ

ചാവക്കാട് ബീച്ചിൽ മാസങ്ങൾക്ക് മുൻപ് സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി ഉദ്ഘാടനം ചെയ്ത ഫ്ലോട്ടിങ് ബ്രിഡ്ജ് തകർന്നു എന്ന പേരിൽ പ്രചരിക്കുന്ന വാർത്തകൾ വസ്തുതാവിരുദ്ധം ആണെന്നും, യഥാർഥ്യവുമായി പുലബന്ധം പോലും ഇല്ലാത്തതാണ് എന്ന് എൻ. കെ. അക്ബർ എം.എൽ.എ പറഞ്ഞു.

സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രത്തിൽ നിന്നും ലഭിച്ച ജാഗ്രതാ നിർദേശപ്രകാരം ഉയർന്ന തിരമാല ഉള്ളതിനാൽ ഫ്ലോട്ടിങ് ബ്രിഡ്ജ് അഴിച്ചുമാറ്റാൻ തീരുമാനിച്ചിരുന്നു.രാവിലെ വേലിയേറ്റം ഉണ്ടായതിന്റെ ഭാഗമായി തിരമാലകൾ ശക്തമായിരുന്നതിനാൽ അഴിച്ചുമാറ്റാൻ സാധിച്ചില്ല. തുടർന്ന് ഉച്ചയ്ക്ക് ശേഷം അഴിച്ചുമാറ്റാൻ തീരുമാനിക്കുകയായിരുന്നു.ബീച്ചിൽ വന്ന സഞ്ചാരികൾക്ക് ഫ്ലോട്ടിങ് ബ്രിഡ്ജിൽ പ്രവേശനമില്ല എന്നും അറിയിച്ചിരുന്നു.ശേഷം ഓരോ ഭാഗങ്ങളായാണ് ഫ്ലോട്ടിങ് ബ്രിഡ്ജ് അഴിച്ചുമാറ്റിയത്. തെറ്റിദ്ധാരണ കൊണ്ട്മാത്രമാണ് പാലം പിളർന്നു എന്ന രീതിയിൽ വാർത്ത പ്രചരിപ്പിച്ചത്.

ഫ്ലോട്ടിങ് ബ്രിഡ്ജ് സെന്റർ പിന്നുകളാൽ ബന്ധിച്ചാണ് സ്ഥാപിച്ചിട്ടുള്ളത്. തിരമാല കൂടിയ സമയത്ത് ഇത്തരം സെന്റർ പിന്നുകൾ അഴിച്ചു ഫ്ലോട്ടിങ് ബ്രിഡ്ജ് വ്യത്യസ്ത ഭാഗങ്ങളായി കരയിലേക്ക് കയറ്റിവെക്കാനും സാധിക്കും.നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ സ്‌പോർട് ( NIWS ) ൽ നിന്നും പരിശീലനം ലഭിച്ച 11 സ്റ്റാഫുകളുടെ പൂർണമായ നിയന്ത്രണത്തിലാണ് ഫ്ലോട്ടിങ് ബ്രിഡ്ജ് പ്രവർത്തിക്കുന്നത്. കൂടാതെ റെസ്ക്യൂ ബോട്ട്, ലൈഫ് ജാക്കറ്റ്, എമർജൻസി ആംബുലൻസ് എന്നിവയുമുണ്ട് സുരക്ഷയ്ക്ക്.നിലവിൽ ഫ്ലോട്ടിങ് ബ്രിഡ്ജ് കരയിൽ സുരക്ഷിതമായി കയറ്റിവെച്ചിട്ടുണ്ട്.

കാലവർഷം ശക്തിപ്പെടുന്ന ജൂൺ, ജൂലൈ മാസങ്ങളിൽ ഫ്ലോട്ടിങ് ബ്രിഡ്ജിൽ സഞ്ചാരികളെ പ്രവേശിപ്പിക്കാറില്ല.ഇത്തരം വസ്തുതകൾ നിലനിൽക്കേ ടൂറിസം മേഖലയിൽ കേരളം കൈവരിക്കുന്ന നേട്ടങ്ങളെ ഇകഴ്ത്തി കാണിക്കാനുള്ള ചില ശക്തികളുടെ ശ്രമങ്ങൾ പൂർണമായി തള്ളിക്കളയണമെന്നും എം. എൽ എ പറഞ്ഞു.

ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) ജാഗ്രതാ നിർദേശം പിൻവലിക്കുന്ന മുറയ്ക്ക് ഫ്ലോട്ടിങ് ബ്രിഡ്ജ് പ്രവർത്തനം പുനരാരംഭിക്കുമെന്നും എം എൽ എ കൂട്ടിച്ചേർത്തു.

date