Skip to main content

'കിളികൊഞ്ചൽ 2023' അങ്കണവാടി കലോത്സവത്തിന് തുടക്കമായി

 

ജില്ലാതല അങ്കണവാടി കലോത്സവം 'കിളികൊഞ്ചൽ 2023' ന് നടുവണ്ണൂർ ഗവ. ഹയർ സെക്കന്ററി സ്‌കൂളിൽ തുടക്കമായി. സംസ്ഥാനത്ത് ആദ്യമായി കോഴിക്കോട് ജില്ലയിലാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിക്കുന്നത്. ജില്ലാ പഞ്ചായത്തിൻ്റെയും ജില്ലാ വനിതാ ശിശു വികസന ഓഫീസിന്റെയും ആഭിമുഖ്യത്തിൽ നടത്തുന്ന കാലോത്സവം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്തു. വൈസ്പ്രസിഡന്റ് അഡ്വ പി ഗവാസ് അധ്യക്ഷത വഹിച്ചു. 

അങ്കണവാടികളെ കൂടുതൽ ജനകീയമാക്കുന്നതിനും അങ്കണവാടികളിൽ പ്രീ സ്കൂൾ വിദ്യാഭ്യാസത്തിന് ഹാജരാകുന്ന മൂന്നു മുതൽ ആറു വയസ്സ് വരെ പ്രായമുള്ള കുട്ടികളുടെ നൈസർഗിക ശേഷികളെ  പരിപോഷിക്കുന്നതിനുമാണ് അങ്കണവാടി കലോത്സവങ്ങൾ സംഘടിപ്പിക്കുന്നത്.  രണ്ടായിരത്തിലധികം വരുന്ന അങ്കണവാടിക്കുട്ടികളെയും ജീവനക്കാരെയും ഉൾപ്പെടുത്തിയാണ് രണ്ട് ദിവസം നീണ്ടു നിൽക്കുന്ന കലാപരിപാടി നടത്തുന്നത്.

വനിതാ ശിശു വികസന വകുപ്പിലെ ജീവനക്കാരുടെ കലാപരിപാടികൾ, എക്സിബിഷൻ, ഘോഷയാത്ര തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു. നാളെ (ഡിസംബർ 27) ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ് പരിപാടികൾക്ക് പതാകയുയർത്തും. രണ്ടായിരത്തിലധികം കുട്ടികളുടെ ഒൻപതിനങ്ങളിലായുള്ള പരിപാടികളാണ് നാളെ സംഘടിപ്പിക്കുന്നത്. 

 ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി പി നിഷ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ മുക്കം മുഹമ്മദ്, നാസർ എസ്റ്റേറ്റ്മുക്ക്, ബ്ലോക്ക് പഞ്ചായത്ത് അംഗം എം. കെ ജലീൽ, ജില്ലാ വനിതാ ശിശു വികസന ഓഫീസർ സബീന ബീഗം, നടുവണ്ണൂർ ഗവ. ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ ഇ. കെ ഷാമിന, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി പി ദാമോദരൻ സ്വാഗതവും ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുരേന്ദ്രൻ മാസ്റ്റർ നന്ദിയും പറഞ്ഞു

date