Skip to main content

ന്യൂ ഇയര്‍ ലൈറ്റ്ഷോ; നാളെ (ബുധൻ) കോഴിക്കോട് ദീപാലംകൃതമാകും

 

നഗരത്തിന്റെ അടയാളങ്ങളായ അഞ്ചു കെട്ടിടങ്ങളിൽ സ്ഥിരമായി ദീപാലങ്കാരം

പുതുവത്സര ആഘോഷങ്ങള്‍ക്ക് തുടക്കമിട്ട്  കോഴിക്കോട് ദീപാലംകൃതമാകുന്നു.  'ഇലുമിനേറ്റിങ് ജോയി സ്‌പ്രെഡിങ് ഹാര്‍മണി' എന്ന പേരില്‍ വിനോദസഞ്ചാരവകുപ്പാണ് ന്യൂ ഇയര്‍ ലൈറ്റ് ഷോയും വിവിധ കലാപരിപാടികളും സംഘടിപ്പിക്കുന്നത്. ദീപാലങ്കാരങ്ങളുടെ  സ്വിച്ച് ഓണ്‍ വിനോദസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഡിസംബര്‍ 27 ന് വൈകീട്ട് ഏഴ് മണിക്ക് മാനാഞ്ചിറയില്‍ നിര്‍വഹിക്കും.

വൈകുന്നേരം ആറ് മണി മുതല്‍ വൈവിധ്യമാര്‍ന്ന കലാപരിപാടികളും മാനാഞ്ചിറയില്‍ സംഘടിപ്പിക്കും. കോളേജ്, സ്കൂൾ തലങ്ങളിൽ മികവ് തെളിയിച്ച വിദ്യാർത്ഥികളുടെ കലാപ്രകടനം ഉണ്ടാകും. ബീച്ചിലെ ഫ്രീഡം സ്‌ക്വയറിലും പുതുവത്സരാഘോഷത്തിന്റെ ഭാഗമായി ദീപാലംകൃതമൊരുക്കും.

100 കിലോ തൂക്കവും 30 അടി നീളവുമുള്ള കേക്ക് മുറിച്ചായിരിക്കും പരിപാടിയുടെ ഉദ്ഘാടനം. മേയർ ബീന ഫിലിപ്പ്, രാഷ്ട്രീയ, സാമൂഹ്യമേഖലയിലെ പ്രമുഖരും മതമേലധ്യക്ഷന്മാരും പങ്കെടുക്കും.

നഗരത്തിന്റെ അടയാളങ്ങളായ കോർപ്പറേഷൻ പഴയ കെട്ടിടം, പട്ടാളംപള്ളി, സി.എസ്.ഐ ചർച്ച്,  ലൈറ്റ് ഹൗസ്, മിശ്കാൽ പള്ളി എന്നിവയിൽ പുതുവർഷത്തിൽ സ്ഥിരമായി വൈദ്യുതാലങ്കാരം നടത്താൻ ടൂറിസം വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. ഈ കെട്ടിടങ്ങളുടെ അറ്റാകുറ്റപണി പൂർത്തിയായശേഷമായിരിക്കും ഇത്.

date