Skip to main content

പാലക്കാട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് 29/12/2023 ലെ ഒന്നാം പത്രക്കുറിപ്പ് നവകേരള സദസ്: പരാതിയില്‍ പരിഹാരം പോസ്റ്റ് മാറ്റി സ്ഥാപിച്ച് കെ.എസ്.ഇ.ബി

ഒലവക്കോട് കാവില്‍പാട് ഇരുപ്പശ്ശേരി ഹൗസില്‍ രാജന്റെ ഭാര്യ സീത നവകേരള സദസില്‍ നല്‍കിയ പരാതിയില്‍ പരിഹാരം. പത്തു വര്‍ഷങ്ങള്‍ക്കു മുന്‍പ് സീതയുടെ വീടിനടുത്തുള്ള പോസ്റ്റ് പൊട്ടിയത് പുന:സ്ഥാപിച്ചത് ഇവരുടെ വീടിനോട് ചേര്‍ന്നായിരുന്നു. കെട്ടിടവും പോസ്റ്റും തമ്മില്‍ ദൂരമില്ല എന്ന കാരണത്താല്‍ പുതിയ വീടിന് പഞ്ചായത്തില്‍നിന്നും വീട്ടുനമ്പര്‍ ലഭിച്ചിരുന്നില്ല. കെ.എസ്.ഇ.ബിയില്‍ പരാതി നല്‍കിയപ്പോള്‍ 10,000 രൂപ അടക്കണമെന്ന് മറുപടി ലഭിച്ചതിനെ തുടര്‍ന്നാണ് നവകേരള സദസില്‍ പരാതിയുമായി എത്തിയത്. പരാതിയില്‍ നടപടിയെടുത്ത് പഴയ സ്ഥാനത്തേക്ക് തന്നെ പോസ്റ്റ് സ്ഥാപിച്ചു നല്‍കി.

ഹരിതമിത്രം ആപ്പിന്റെ ക്യു.ആര്‍ കോഡ് പതിപ്പിച്ച് കേരളശ്ശേരി ഗ്രാമപഞ്ചായത്ത്

മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി കേരളശ്ശേരി ഗ്രാമപഞ്ചായത്തില്‍ ഹരിത മിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് മോണിറ്ററിങ് ആപ്പിന്റെ ക്യു.ആര്‍ കോഡ് പതിപ്പിക്കലും വിവരശേഖരണവും നടത്തി. കേരളശ്ശേരി ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബ സുനില്‍ ഉദ്ഘാടനം ചെയ്തു. ശുചിത്വമിഷന്‍ കെല്‍ട്രോണിന്റെ സാങ്കേതിക സഹായത്തോടെയാണ് ഖരമാലിന്യ സംസ്‌കരണത്തിനുള്ള നിരീക്ഷണ സംവിധാനത്തിനായി ഹരിത മിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് മോണിറ്ററിങ് സിസ്റ്റം എന്ന അപ്ലിക്കേഷന്‍ സ്ഥാപിച്ചത്. വീട് ഉള്‍പ്പെടെ പൊതുസ്ഥലങ്ങളിലെ മാലിന്യ സംസ്‌കരണ സംവിധാനങ്ങളുടെ വിവരങ്ങള്‍ ഇതിലൂടെ ലഭ്യമാവും. ഹരിതകര്‍മ്മ സേനയുടെ യൂസര്‍ഫീ ശേഖരണം, കലണ്ടര്‍ പ്രകാരമുള്ള പാഴ്‌വസ്തു ശേഖരണം തുടങ്ങിയ വിവരങ്ങളും അറിയാന്‍ സാധിക്കും.
ആപ്പ് വഴി യൂസര്‍ഫീ നല്‍കാത്ത വീടുകളെയും സ്ഥാപനങ്ങളെയും എളുപ്പത്തില്‍ കണ്ടുപിടിക്കാനും വാതില്‍പ്പടി ശേഖരണം കൃത്യമായി നടപ്പാക്കാനും സാധിക്കും. മാലിന്യസംസ്‌കരണത്തിനായി പൊതുജനങ്ങള്‍ക്ക് സേവനങ്ങള്‍ ആവശ്യപ്പെടാനും കാലതാമസം വരുമ്പോള്‍ അത് അധികാരികളുടെ ശ്രദ്ധയില്‍ പെടുത്താനും പരാതി നല്‍കാനും ഫീസ് അടക്കാനും സാധിക്കും. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എം. രമ അധ്യക്ഷയായ പരിപാടിയില്‍ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ശാലിനി, ക്ഷേമകാര്യ കമ്മിറ്റി ചെയര്‍മാന്‍ ഒ.കെ രാമചന്ദ്രന്‍, ഒമ്പതാം വാര്‍ഡ് മെമ്പര്‍ ടി. ഷീല, ഹരിതകര്‍മ്മ സേനാംഗങ്ങള്‍, മറ്റ് ഉദ്യോഗസ്ഥര്‍, പൊതുജനങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

ഫോട്ടോ: മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി കേരളശ്ശേരി ഗ്രാമപഞ്ചായത്തില്‍ ഹരിതമിത്രം ആപ്പിന്റെ ക്യു.ആര്‍ കോഡ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബ സുനില്‍ പതിപ്പിക്കുന്നു.

ക്ടായോട്ട്കാവ്-പ്ലാക്കുണ്ട് കോളനി റോഡ് ഉദ്ഘാടനം ചെയ്തു

കടമ്പഴിപ്പുറം ഗ്രാമപഞ്ചായത്തിലെ ക്ടായോട്ട്കാവ്-പ്ലാക്കുണ്ട് കോളനി റോഡിന്റെ ഉദ്ഘാടനം ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുനിത ജോസഫ് നിര്‍വഹിച്ചു. ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി അഞ്ച് ലക്ഷം രൂപ വകയിരുത്തിയാണ് റോഡ് കോണ്‍ക്രീറ്റ് നിര്‍വഹിച്ചത്. പ്രദേശത്തെ 150 ഓളം വരുന്ന കുടുംബങ്ങള്‍ക്ക് റോഡ് ഉപകാരപ്രദമാണ്. പ്രദേശവാസികളുടെ ഏറെ വര്‍ഷമായുള്ള ആവശ്യമാണ് യാഥാര്‍ത്ഥ്യമായത്. കടമ്പഴിപ്പുറം-ചെരട്ടിമല പ്രധാന പാതയുമായി ബന്ധിക്കുന്നതാണ് ക്ടായോട്ട്കാവ്-പ്ലാക്കുണ്ട് കോളനി റോഡ്. പരിപാടിയില്‍ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

ഫോട്ടോ: ക്ടായോട്ട്കാവ്-പ്ലാക്കുണ്ട് കോളനി റോഡിന്റെ ഉദ്ഘാടനം ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുനിത ജോസഫ് നിര്‍വഹിക്കുന്നു.

ഫോട്ടോ: ക്ടായോട്ട്കാവ്-പ്ലാക്കുണ്ട് കോളനി റോഡ്.

സ്വച്ഛതാ ഫോട്ടോസ് ആന്‍ഡ് ഫിലിം കോമ്പറ്റീഷന്‍: പൊതുജനങ്ങള്‍ക്കും പങ്കാളികളാകാം

സ്വച്ഛ് ഭാരത് മിഷ(ഗ്രാമീണ്‍)ന്റെ ഭാഗമായി ഒ.ഡി.എഫ് പ്ലസ് മോഡല്‍ വില്ലേജില്‍ നിര്‍മിച്ച ആസ്തികള്‍ പ്രദര്‍ശിപ്പിക്കുന്നതിന് പൊതുജനങ്ങള്‍ക്കായി സ്വച്ഛതാ ഫോട്ടോസ് ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നു. ക്യാമ്പയിന്റെ ഭാഗമായി 2023 ജൂണ്‍ 15 മുതല്‍ സെപ്റ്റംബര്‍ 15 വരെ ഒ.ഡി.എഫ് പ്ലസ് മോഡല്‍ വില്ലേജില്‍ സൃഷ്ടിച്ച ആസ്തികളുടെ ചിത്രങ്ങള്‍ MyGov.in എന്ന ലിങ്കില്‍ പങ്കുവക്കാം. സ്വച്ഛ് ഭാരത് മിഷന്‍ (ഗ്രാമീണ്‍) ഘടകത്തില്‍ സ്ഥാപിച്ച ആസ്തികളായ സോക്ക്പിറ്റ്, ബയോഗ്യാസ് പ്ലാന്റ്, ശുചിമുറി, ഗോബര്‍ദ്ധന്‍, എം.സി.എഫ്, ആര്‍.ആര്‍.എഫ്, തുമ്പൂര്‍മുഴി എന്നിവയുടെ ചിത്രങ്ങളാണ് പോര്‍ട്ടലില്‍ പങ്കുവക്കേണ്ടത്. ജനുവരി 26 വരെ പൊതുജനങ്ങള്‍ക്ക് ക്യാമ്പയിനില്‍ പങ്കെടുക്കാം. ഫോട്ടോസ് ക്യാമ്പയിന്‍ കൂടാതെ 2023 ജൂണ്‍ ഒന്ന് മുതല്‍ ഓഗസ്റ്റ് 15 വരെ ഒ.ഡി.എഫ് പ്ലസ് മോഡല്‍ വില്ലേജില്‍ സൃഷ്ടിച്ച ആസ്തികള്‍ പ്രദര്‍ശിപ്പിക്കുന്ന നാഷണല്‍ ലെവല്‍ ഫിലിം കോമ്പറ്റീഷനും സംഘടിപ്പിക്കുന്നുണ്ട്.

അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ പദ്ധതി ഗുണഭോക്താക്കള്‍ക്കായി അദാലത്ത്

സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ പദ്ധതിയില്‍ അംഗങ്ങളായ രണ്ടു വര്‍ഷത്തില്‍ കൂടുതല്‍ അംശാദായം മുടക്കം വരുത്തിയ ഗുണഭോക്താക്കള്‍ക്ക് അംശാദായം ഒടുക്കുന്നതിന് അദാലത്ത് നടത്തുന്നു. അംശാദായം പലിശ ഒഴിവാക്കി മാര്‍ച്ച് 12 നകം അഞ്ച് തവണകളായി ഒടുക്കുന്നതിനും അവസരമുണ്ട്. കൂടാതെ ക്ഷേമനിധിയില്‍ അംഗങ്ങളായിട്ടുള്ളവരുടെ വിവരങ്ങള്‍ ഓണ്‍ലൈന്‍ ഡാറ്റാ എന്‍ട്രി ചെയ്യുന്നതിനായി തയ്യാറാക്കിയ അപേക്ഷയോടൊപ്പം അംഗത്തിന്റെ ഫോട്ടോ, വയസ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് (സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ്/ ജനന സര്‍ട്ടിഫിക്കറ്റ്/ പാസ്‌പോര്‍ട്ട്/ഡ്രൈവിങ് ലൈസന്‍സ്) ക്ഷേമനിധി കാര്‍ഡ്, ക്ഷേമനിധി പാസ്ബുക്കിന്റെ ആദ്യത്തേയും അവസാനത്തേയും പേജ്, ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്ക് (ദേശസാല്‍കൃത ബാങ്ക് എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം അദാലത്തില്‍ നല്‍കാം. രാവിലെ 10 മുതല്‍ ഉച്ചക്ക് രണ്ട് വരെയാണ് അദാലത്ത് നടക്കുക. ഫോണ്‍: 0491 2505358.

അദാലത്ത് ദിവസങ്ങള്‍

ജനുവരി ഒന്ന്-തൃത്താല ആനക്കര സര്‍വ്വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ഹാള്‍
ജനുവരി നാല്-തൃത്താല കൂറ്റനാട് ബ്ലോക്ക് പഞ്ചായത്ത് ഹാള്‍
ജനുവരി എട്ട്-പട്ടാമ്പി കാര്‍ഷിക വികസന ബാങ്ക് ഹാള്‍
ജനുവരി 18-ഷൊര്‍ണൂര്‍ വാണിയംകുളം സര്‍വ്വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ഹാള്‍
ജനുവരി 20-ഷൊര്‍ണൂര്‍ എസ്.എന്‍.ഡി.പി ഹാള്‍, മുത്തപ്പന്‍ കോംപ്ലക്‌സ്
ജനുവരി 22-ഒറ്റപ്പാലം ഭവന നിര്‍മ്മാണ ഹാള്‍, കോര്‍ട്ട് റോഡ്  
ജനുവരി 25-ഒറ്റപ്പാലം ശ്രീകൃഷ്ണപുരം പഞ്ചായത്ത് കൃഷി ഭവന്‍
ജനുവരി 29- മണ്ണാര്‍ക്കാട് അലനല്ലൂര്‍ സര്‍വ്വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ഹാള്‍
ഫെബ്രുവരി രണ്ട്-മണ്ണാര്‍ക്കാട് ഗവ എംപ്ലോയീസ് ക്രെഡിറ്റ് സൊസൈറ്റി ഹാള്‍ (കെ.ടി.എം ഹൈസ്‌കൂള്‍ വഴി).

(തുടരും)

date