Skip to main content

വന്യ ജീവി ആക്രമണത്തില്‍ നിന്നു സംരക്ഷണമൊരുക്കണമെന്ന് ശിപാര്‍ശ ചെയ്യും: വനിതാ കമ്മീഷന്‍

ആറളം മേഖലയിലെ ജനങ്ങള്‍ക്ക് വന്യ ജീവികളുടെ ആക്രമണത്തില്‍ നിന്നു സംരക്ഷണം നല്‍കുന്നതിന് ആവശ്യമായ പദ്ധതി നടപ്പാക്കണമെന്ന് സംസ്ഥാന സര്‍ക്കാരിന് ശിപാര്‍ശ നല്‍കുമെന്ന് വനിതാ കമ്മീഷന്‍ അംഗം വി ആര്‍ മഹിളാമണി പറഞ്ഞു. പട്ടികവര്‍ഗ മേഖല ക്യാമ്പിന്റെ ഭാഗമായി ആറളം ഫാമിലെ ഗവ എച്ച് എസ് എസില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍. വന്യ ജീവി ശല്യം മൂലം ആറളം മേഖലയില്‍ കൃഷി നശിക്കുന്നുണ്ട്. ജനങ്ങള്‍ക്ക് തൊഴിലിന് പോകാനും പലപ്പോഴും ബുദ്ധിമുട്ട് നേരിടുന്നു. ആനയുടെ ആക്രമണത്തില്‍ 15 പേര്‍ മരണപ്പെട്ടിട്ടുണ്ട്. ഇവിടെയുള്ള കുട്ടികളെ സ്‌കൂളുകളില്‍ എല്ലാ ദിവസവും അയക്കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണം. വിദ്യാഭ്യാസ രംഗത്ത് കുട്ടികള്‍ക്ക് പഠിക്കുന്നതിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഭൗതിക സാഹചര്യങ്ങളും സംസ്ഥാന സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. വ്യാജമദ്യം, പുകയില എന്നിവ മൂലമുള്ള ഭീഷണികള്‍ക്കെതിരെ എല്ലാവരും ജാഗ്രത പുലര്‍ത്തണം. കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നത് ആശങ്കപ്പെടുത്തുന്നുണ്ട്. കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണം.
ആറളത്തെ ജനങ്ങള്‍ക്ക് ആവശ്യമായ സേവനങ്ങള്‍, ആനുകൂല്യങ്ങള്‍ സംബന്ധിച്ച അവബോധം എന്നിവ നല്‍കുന്നതിന് പട്ടിക വര്‍ഗ പ്രമോട്ടര്‍മാര്‍ മികച്ച പ്രവര്‍ത്തനം നടത്തണം. അവകാശങ്ങള്‍ തിരിച്ചറിയാനും അര്‍ഹതപ്പെട്ടത് ചോദിച്ചു വാങ്ങാനും പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് കഴിയണമെന്നും അവര്‍ പറഞ്ഞു.
ആറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ പി രാജേഷ് അധ്യക്ഷത വഹിച്ചു. വനിതാ കമ്മീഷന്‍ അംഗങ്ങളായ അഡ്വ. പി കുഞ്ഞായിഷ, അഡ്വ. ഇന്ദിരാ രവീന്ദ്രന്‍, കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിനോയ് കുര്യന്‍, ആറളം ഗ്രാമപഞ്ചായത്ത് അംഗം മിനി ദിനേശന്‍, മുന്‍ പഞ്ചായത്ത് പ്രസിഡണ്ട് കെ കെ ജനാര്‍ദ്ദനന്‍,
റിസര്‍ച്ച് ഓഫീസര്‍ എ ആര്‍ അര്‍ച്ചന എന്നിവര്‍ സംസാരിച്ചു. പട്ടികവര്‍ഗ മേഖലയില്‍ സര്‍ക്കാര്‍ നടത്തുന്ന പദ്ധതികള്‍ എന്ന വിഷയം ഇരിട്ടി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ എല്‍ പി പ്രദീപും ലഹരിയുടെ വിപത്ത് എന്ന വിഷയം വിമുക്തി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സുജിത്ത് തില്ലങ്കേരിയും അവതരിപ്പിച്ചു

date