Skip to main content

നെടുമങ്ങാട് ബാലസഭാ കലോത്സവവും, അവധിക്കാല ക്യാമ്പും

നെടുമങ്ങാട് നഗരസഭയുടെ ബാലസഭാ കലോത്സവം 'വർണ്ണ തുമ്പികളും', നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ  അവധിക്കാല ക്യാമ്പ് 'മിന്നാമിന്നിക്കൂട്ടവും' ഭക്ഷ്യ- പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ അനിൽ ഉദ്ഘാടനം ചെയ്തു. ജാതി-മത ചിന്തകൾക്കതീതമായി സ്‌നേഹവും ഐക്യവും സന്തോഷവും പങ്കുവയ്ക്കുന്ന വേദികൾ പുതുതലമുറയെ ശരിയായ ദിശയിൽ നയിക്കുമെന്ന് മന്ത്രി പറഞ്ഞു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ കുട്ടികൾക്കായി നടത്തുന്ന ഇത്തരം പദ്ധതികൾ മാതൃകാപരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  

നെടുമങ്ങാട് ടൗൺ ഹാളിൽ സംഘടിപ്പിച്ച ബാലസഭാ കലോത്സവത്തിൽ ചെയർപേഴ്സൺ സി. എസ് ശ്രീജ അധ്യക്ഷത വഹിച്ചു. രണ്ട് ദിവസങ്ങളിലായി സംഘടിപ്പിച്ച ബാലസഭാ കലോത്സവത്തിൽ ആദ്യദിനം കഥാരചന, ചിത്രരചന, പ്രശ്‌നോത്തരി മത്സരങ്ങളും രണ്ടാംദിനം ലളിതഗാനം, പ്രസംഗം, മാപ്പിളപാട്ട്, മിമിക്രി, കവിതാ പാരായണം, ദേശഭക്തി ഗാനം, നാടോടി നൃത്തം, ഒപ്പന, തിരുവാതിര, ശാസ്ത്രീയ സംഗീതം, സംഘഗാനം തുടങ്ങിയ ഇനങ്ങളിൽ മത്സരങ്ങളും നടന്നു. നഗരസഭയ്ക്ക് കീഴിലെ 39 വാർഡുകളിലെ ബാലസഭകളിൽ നിന്ന് 125 ഓളം കുട്ടികളാണ് കലോത്സവത്തിൽ പങ്കെടുത്തത്.  അഞ്ചു മുതൽ 12 വയസുവരെ ജൂനിയർ വിഭാഗത്തിലും 13 മുതൽ 18 വരെ സീനിയർ വിഭാഗത്തിലുമാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്.  

നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെയും നെടുമങ്ങാട് ഐ.സി.ഡി.എസിന്റെയും സംയുക്താഭിമുഖ്യത്തിലാണ് ദ്വിദിന അവധിക്കാല ക്യാമ്പ് മിന്നാമിന്നികൂട്ടം സംഘടിപ്പിച്ചത്. വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്ന സന്നദ്ധസംഘടന ആർ ട്രീ ഫൗണ്ടേഷന്റെ സഹകരണത്തോടെയാണ് ക്യാമ്പ് നടന്നത്. 
നെടുമങ്ങാട് ബ്ലോക്ക് കീഴിലുള്ള വിവിധ പഞ്ചായത്തുകളിലെ കൗമാര ക്ലബ്ബിൽ അംഗങ്ങളായ നൂറോളം കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു.  ഐസ് ബ്രേക്കിങ് സെക്ഷനുകൾ, മാനസിക-ശാരീരിക ആരോഗ്യം തുടങ്ങി വിവിധ വിഷയങ്ങളിൽ ബോധവത്കരണ ക്ലാസുകൾ, കരിയർ ഗൈഡൻസ്, മോട്ടിവേഷൻ ക്ലാസ് , വിവിധ മത്സരങ്ങൾ എന്നിവയും ക്യാമ്പിന്റെ ഭാഗമായി നടന്നു. 

ചടങ്ങുകളിൽ നെടുമങ്ങാട് നഗരസഭയുടെ വൈസ് ചെയർമാൻ എസ്. രവീന്ദ്രൻ, നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. വൈശാഖ്, വിവിധ സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷന്മാർ, മറ്റ് ജനപ്രതിനിധികൾ, ഐസിഡിഎസ് ജീവനക്കാർ എന്നിവരും പങ്കെടുത്തു.

date