Skip to main content

പുതുവത്സരാഘോഷം : ജില്ലാ ഭരണകൂടം സുരക്ഷാ മുന്‍കരുതലുകളൊരുക്കുന്നു*

ജില്ലയില്‍ പുതുവത്സരത്തോടനുബന്ധിച്ച് പ്രത്യേക സുരക്ഷാ മുന്‍കരുതലുകളുമായി ജില്ലാ ഭരണകൂടം . ഇതിന്റെ ഭാഗമായി വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ ശക്തമായ പരിശോധന നിരീക്ഷണ സംവിധാനങ്ങള്‍ ജില്ലയിലുടനീളം ഏര്‍പ്പെടുത്തുമെന്ന് ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ് അറിയിച്ചു. ലഹരി ഉപയോഗം, അപകടകരമായ ഡ്രൈവിംഗ്, ഓഫ് റോഡ് ട്രക്കിംഗ്, സാഹസിക വിനോദമേഖലകള്‍ എന്നിവയിലാണ് സംയുക്ത പരിശോധനകളും നിരീക്ഷണ സംവിധാനങ്ങളും ഏര്‍പ്പെടുത്തുന്നത്. ജില്ലാ പൊലീസ് മേധാവി, റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍, ഡെപ്യൂട്ടി എക്സൈസ് കമ്മിഷണര്‍, ബന്ധപ്പെട്ട ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍മാര്‍, വൈല്‍ഡ് ലൈഫ് വാര്‍ഡന്‍മാര്‍ തുടങ്ങിയവര്‍ക്കാണ് കളക്ടര്‍ നിര്‍ദേശം നല്കിയത്.
മദ്യപിച്ച് വാഹനമോടിക്കല്‍, അമിതവേഗത, അപകടകരമായ ഡ്രൈവിംഗ് എന്നിവ പരിശോധിക്കുന്നതിനും റോഡുകളില്‍ നിയമലംഘനങ്ങള്‍ നടത്തുന്നില്ലന്ന് ഉറപ്പുവരുത്താനുമായി കൂടുതല്‍ ടീമുകളെ നിയോഗിക്കും. പുതുവര്‍ഷത്തോടനുബന്ധിച്ച് അക്രമ സംഭവങ്ങള്‍ ഒഴിവാക്കാന്‍ ആവശ്യമായ ചെയിന്‍ പെട്രോളിങ്, പരിശോധന എന്നിവ നടത്തും. പ്രധാന വിനോദസഞ്ചാര മേഖലകളുള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ ലഹരി ഉപയോഗ പരിശോധന നടത്തും .ലഹരി ഉപയോഗസാധ്യതയുള്ള കേന്ദ്രങ്ങള്‍ മുന്‍കൂട്ടി കണ്ട് ആവശ്യമായ മുന്നൊരുക്കം നടത്തും. വനമേഖലയോടടുത്ത് സ്ഥിതി ചെയ്യുന്ന വിനോദ സഞ്ചാരകേന്ദ്രങ്ങള്‍, വനപ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ ക്യാമ്പുകള്‍, ആഘോഷപരിപാടികള്‍, ട്രക്കിംഗ് എന്നിവ സംഘടിപ്പിക്കാന്‍ സാധ്യതയുള്ളതിനാല്‍ ഈ സ്ഥലങ്ങളില്‍ നിയമലംഘനം ഒഴിവാക്കാന്‍ കര്‍ശന പരിശോധനകളും നിയമനടപടികളും ഉണ്ടാകും . എല്ലാ മേഖലകളിലും വിവിധ വകുപ്പുകളുടെ സംയുക്തപരിശോധന നടത്തുന്നതിന് ജില്ലാഭരണകൂടം തയ്യാറെടുക്കുകയാണെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

date