Skip to main content

മാനാഞ്ചിറ സ്‌ക്വയർ കൂടുതല്‍ സൗന്ദര്യവത്കരിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

 

സംസ്ഥാനത്ത് ഹെലി ടൂറിസം പദ്ധതി തുടങ്ങുന്നു

മാനാഞ്ചിറ സ്‌ക്വയർ കൂടുതല്‍ സൗന്ദര്യവത്കരിക്കുമെന്ന് വിനോദസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഇതിനായി വിനോദ സഞ്ചാര വകുപ്പ് ആദ്യഘട്ട നവീകരണത്തിനായി ഒരു കോടി രൂപ അനുവദിച്ചതായും മന്ത്രി പറഞ്ഞു.  കലക്ട്രേറ്റില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാനാഞ്ചിറ സ്‌ക്വയറും ബീച്ചും ദീപാലംകൃതമാക്കിയത് ജനങ്ങള്‍ വലിയ നിലയില്‍ സ്വീകരിച്ചതായും കോഴിക്കോട് നഗരത്തിലെ കൂടുതല്‍ ഇടങ്ങളെ സൗന്ദര്യവത്കരിക്കുമെന്നും 
മന്ത്രി പറഞ്ഞു. 
അതിന്റെ ഭാഗമായി സരോവരം മികവുറ്റ നിലയില്‍ മാറ്റിത്തീര്‍ക്കും. സരോവരം നവീകരണത്തിനായി രണ്ട് കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. ഇവിടെയെല്ലാം മറ്റു ടൂറിസം സാധ്യതകള്‍ ഉള്‍പ്പടെ നടപ്പാക്കി മുന്നോട്ട് പോകാനാണ് തീരുമാനം. പ്രവര്‍ത്തന രഹിതമായി കിടക്കുന്ന പാര്‍ക്കുകള്‍ ഉള്‍പ്പടെ പ്രവര്‍ത്തന ക്ഷമമാക്കാന്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

പാലങ്ങള്‍ ദീപാലംകൃതമാക്കുന്നതിന്റെ സംസ്ഥാനതല  ഉദ്ഘാടനം ജനുവരി 15 ന് ഫറൂക്കില്‍ നടക്കുമെന്നും മന്ത്രി പറഞ്ഞു.

ഹെലി ടൂറിസം പദ്ധതി 

പുറമെ നിന്നും കേരളത്തിലേക്ക് വരുന്ന സഞ്ചാരികള്‍ക്ക് സംസ്ഥാനത്തെ വിവിധ വിനോദ സഞ്ചാര മേഖലകളില്‍ വേഗത്തില്‍ എത്തിപ്പെടാനായി ഹെലി ടൂറിസം പദ്ധതി  നടപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു. ഇതിനായി ഹെലികോപ്റ്റര്‍ ഓപ്പറേറ്റര്‍ ഏജന്‍സികളുമായി ചര്‍ച്ച നടത്തി ഏകോപനം നിര്‍വ്വഹിക്കും. നിലവിലുള്ള ഹെലിപ്പാഡുകള്‍ കോര്‍ത്തിണക്കിയുള്ള സര്‍വ്വീസുകള്‍ വിഭാവനം ചെയ്യും. സുരക്ഷാ മാനദണ്ഡങ്ങള്‍ ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ബന്ധപ്പെട്ട ഏജന്‍സികളുടെ ഉത്തരവാദിത്വമായിരിക്കും. സേവനദാതാക്കള്‍ക്ക് ഉപഭോക്താക്കളിലേക്ക് എത്താനുള്ള എല്ലാ നിലയിലുമുള്ള സൗകര്യങ്ങളുമാണ്  ടൂറിസം വകുപ്പ് ഒരുക്കി നല്‍കുക.

ഹെലികോപ്റ്റര്‍ ഓപ്പറേറ്റര്‍മാരുടെ പാക്കേജുകള്‍, ട്രിപ്പുകള്‍ അതിന്റെ വിശദാംശങ്ങള്‍, ബുക്കിംഗ് ഉള്‍പ്പടെ കാര്യങ്ങള്‍ ടൂറിസം വകുപ്പ് മുന്‍ക്കൈയ്യെടുത്ത് നടപ്പാക്കും. ഇതിന് ഓപ്പറേറ്റര്‍മാരുമായി ധാരാണാ പത്രത്തില്‍ ഒപ്പുവെക്കുമെന്നും  മന്ത്രി കൂട്ടിച്ചേര്‍ത്തു.

പാലങ്ങള്‍ ദീപാലംകൃതമാക്കുന്നതിന്റെ സംസ്ഥാനതല  ഉദ്ഘാടനം ജനുവരി 14 നാണ് ഫറൂക്കിൽ നടക്കുക.

date