Skip to main content

പകര്‍ച്ചവ്യാധി:പ്രതിരോധം ഊര്‍ജ്ജിതമാക്കി ഹോമിയോപതി

 

 

പകര്‍ച്ച വ്യാധികള്‍ക്കെതിരെ പ്രതിരോധ നടപടികള്‍ ഊര്‍ജ്ജിതമാക്കി വിദ്യാലയങ്ങളില്‍ ഹോമിയോപതി വകുപ്പിന്റെ സേവനം. പകര്‍ച്ചവ്യാധികള്‍ക്കെതിരെ ജാഗ്രത പാലിക്കുക, പ്രതിരോധിക്കുക എന്ന സന്ദേശമുയര്‍ത്തിയാണ് സംസ്ഥാന ഹോമിയോപ്പതി വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.  ഇതിന്റെ ഭാഗമായി അടിമാലി ദേവിയാര്‍ വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക്  ഹോമിയോപതി വകുപ്പിന്റെ നേതൃത്വത്തില്‍ പ്രതിരോധ മരുന്നുകള്‍ വിതരണം ചെയ്തു. വിദ്യാലയത്തിലെ 500 ഓളം കുട്ടികള്‍ ആരോഗ്യ ക്യാമ്പയിന്റെ ഭാഗമായി നടന്ന പരിപാടിയില്‍ പങ്കെടുത്തു. അടിമാലി ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ കെ എസ് സിയാദ് പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ചില്ലിത്തോട് ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ ആര്‍ പ്രദീപ് പകര്‍ച്ച വ്യാധികളെ തടയുന്നതിനുള്ള പ്രതിരോധ മാര്‍ഗ്ഗങ്ങളെ സംബന്ധിച്ച്  ക്ലാസ് നയിച്ചു. പ്രതിരോധ മരുന്നുകള്‍ക്കൊപ്പം ജാഗ്രതപാലിക്കേണ്ട പ്രാധാനകാര്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ലഘുലേഖകളും വിദ്യാര്‍ത്ഥികള്‍ക്ക് കൈമാറി. സ്‌കൂള്‍ പി ടി എ പ്രസിഡന്റ് കെ പി റോയി അധ്യക്ഷത വഹിച്ച ചടങ്ങില്‍ പഞ്ചായത്തംഗം ബാബു ഉലകന്‍, എച്ച് എം ഇന്‍ ചാര്‍ജ്ജ് വാസന്തി തുടങ്ങിയവര്‍ പങ്കെടുത്തു. ഇരുമ്പുപാലം ഹോമിയോ ആശുപത്രിയുടെയും അടിമാലി ഗ്രാമപഞ്ചായത്തിന്റെയും സഹകരണത്തോടെയായിരുന്നു പരിപാടി സംഘടിപ്പിച്ചത്.

date