ശേഷിക്കുന്ന ദുരിതാശ്വാസ വസ്തുക്കള്‍ പറവൂര്‍ താലൂക്കിലെ ദുരന്തബാധിതര്‍ക്ക്; വിതരണം ഇന്നും നാളെയും
കാക്കനാട്: ജില്ലയിലെ വിവിധ സംഭരണകേന്ദ്രങ്ങളില്‍ ശേഷിക്കുന്ന ദുരിതാശ്വാസ വസ്തുക്കള്‍ പറവൂര്‍ താലൂക്കിലെ ദുരന്തബാധിതരായ ബി.പി.എല്‍. കുടുംബങ്ങള്‍ക്കു നല്‍കാന്‍ ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള ഉത്തരവിട്ടു. ആദ്യം എത്തുന്നവര്‍ക്ക് ആദ്യം എന്ന ക്രമത്തില്‍ ഇന്നും നാളെയുമാണ് (സെപ്റ്റംബര്‍ 15, 16) വിതരണം. പറവൂര്‍ താലൂക്കിലെ 13 വില്ലേജുകളില്‍ രണ്ടു സെന്ററുകള്‍ വീതം വിതരണകേന്ദ്രങ്ങളായി തെരഞ്ഞെടുത്തിട്ടുണ്ട്. തെരഞ്ഞെടുത്ത 26 സ്‌കൂളുകള്‍വഴിയാണ് വിതരണം.
പറവൂരില്‍ സമൂഹം ഹൈസ്‌കൂള്‍, ജി.എല്‍.പി.സ്‌കൂള്‍ നന്ത്യാട്ടുകുന്നം, ചേന്ദമംഗലത്ത് ജി.എച്ച്.എസ്.എസ്.പാലിയംനട, ജി.യു.പി.എസ്.വടക്കുംപുറം, മൂത്തകുന്നത്ത് , ജി.എല്‍.പി.സ്‌കൂള്‍ വാവക്കാട്, എച്ച്.എം.വൈ.എച്ച്.എസ്.കോട്ടുവള്ളിക്കാട്, വരാപ്പുഴയില്‍ സെന്റ് മേരീസ് എല്‍.പി.എസ്. മുട്ടിനകം, ജി.എല്‍.പി.സ്‌കൂള്‍ ചിറക്കകം, വടക്കേക്കരയില്‍ എല്‍.പി.എസ്.കുഞ്ഞിത്തൈ, , ജി.എല്‍.പി.സ്‌കൂള്‍ ചിറ്റാറ്റുകര, ഏഴിക്കരയില്‍ ജി.എച്ച്.എസ്.ഏഴിക്കര, ജി.എല്‍.പി.സ്‌കൂള്‍ ഏഴിക്കര, ഏലൂരില്‍ ജി.എല്‍.പി.സ്‌കൂള്‍ ഏലൂര്‍, ജി.എച്ച്.എച്ച്.എസ്.പാതാളം, ആലങ്ങാട് ജി.എല്‍.പി.സ്‌കൂള്‍ പാനായിക്കുളം, ജി.എച്ച്.എസ്.എസ്.കൊങ്ങോര്‍പ്പിള്ളി, കടുങ്ങല്ലൂരില്‍ ജി.യു.പി.എസ്.കുറ്റിക്കാട്ടുകര, ജി.എല്‍.പി.സ്‌കൂള്‍ ഉളിയന്നൂര്‍, കുന്നുകരയില്‍ ജി.എല്‍.പി.സ്‌കൂള്‍ വയല്‍ക്കര, ജെ.ബി.എസ്.കുന്നുകര, കരുമാലൂരില്‍ ജി.എല്‍.പി.സ്‌കൂള്‍ മനക്കപ്പടി, സെറ്റില്‍മെന്റ് സ്‌കൂള്‍ ആലുവ, പുത്തന്‍വേലിക്കരയില്‍ ജി.എല്‍.പി.സ്‌കൂള്‍ ചാലാക്ക, പി.എസ്.എം.ജി.എല്‍.പി.എസ്.പുത്തന്‍വേലിക്കര, കോട്ടുവള്ളിയില്‍ ജി.യു.പി.എസ്.തത്തപ്പിള്ളി, ജി.യു.പി.എസ്.കോട്ടുവള്ളി എന്നിവയാണ് വിതരണകേന്ദ്രങ്ങള്‍.
പറവൂര്‍, ചേന്ദമംഗലം, വടക്കേക്കര, മൂത്തകുന്നം, ഏഴിക്കര, കോട്ടുവള്ളി, വരാപ്പുഴ വില്ലേജുകളിലെ വിതരണത്തിന് പറവൂര്‍ തഹസില്‍ദാരും ആലങ്ങാട്, കടുങ്ങല്ലൂര്‍, ഏലൂര്‍, കരുമാലൂര്‍, കുന്നുകര, പുത്തന്‍വേലിക്കര വില്ലേജുകളിലെ വിതരണത്തിന് പറവൂര്‍ ലാന്റ് റവന്യൂ തഹസില്‍ദാരും മേല്‍നോട്ടം വഹിക്കും.
വിവിധ സംഭരണകേന്ദ്രങ്ങളില്‍ എത്തിച്ചേര്‍ന്ന ദുരിതാശ്വാസ വസ്തുക്കളില്‍നിന്നും വിതരണത്തിനായി ജില്ലാ സപ്ലൈ ഓഫീസിന് നല്‍കിയവയില്‍ ശേഷിക്കുന്നവ നിഷ്‌കര്‍ഷിച്ചിട്ടുള്ള കേന്ദ്രത്തിലെത്തിക്കാനും കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. വിതരണം സുഗമമാക്കാന്‍ 15, 16 തീയതികളില്‍ ജീവനക്കാരെ പ്രത്യേകം നിയോഗിക്കാനും ജില്ലാ സപ്ലൈ ഓഫീസറോട് നിര്‍ദ്ദേശിച്ചു. വിതരണകേന്ദ്രങ്ങളായ സ്‌കൂളുകളുടെ ചുമതല അതത് വില്ലേജ് ഓഫീസറോ സ്‌പെഷ്യല്‍ വില്ലേജ് ഓഫീസറോ വഹിക്കണം. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍മാരെ കോ ഓര്‍ഡിനേറ്റര്‍മാരായും നിയോഗിച്ചു. തെരഞ്ഞെടുത്ത വില്ലേജുകളിലെയും സ്‌കൂളുകളിലെയും മുഴുവന്‍ ജീവനക്കാരും സംരംഭത്തില്‍ സപ്പോര്‍ട്ടിങ് സ്റ്റാഫായി പ്രവര്‍ത്തിക്കണം. ഓരോ വിതരണകേന്ദ്രത്തിലും 10 വീതം വളണ്ടിയര്‍മാരെ ഏര്‍പ്പെടുത്താന്‍ കുടുംബശ്രീയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
രാവിലെ ഒമ്പതു മുതല്‍ വൈകീട്ട് ആറുമണിവരെ വിതരണകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കും. പറവൂര്‍, ചേന്ദമംഗലം, ഏലൂര്‍, ആലങ്ങാട്, വടക്കേക്കര, കുന്നുകര, പുത്തന്‍വേലിക്കര, വരാപ്പുഴ, ഏഴിക്കര, കടുങ്ങല്ലൂര്‍, കരുമാലൂര്‍, കോട്ടുവള്ളി വില്ലേജുകളിലെ റേഷന്‍കടകളിലെ ബി.പി.എല്‍.കാര്‍ഡുടമകള്‍ വില്ലേജടിസ്ഥാനത്തില്‍ സാധനങ്ങള്‍ സ്‌കൂളുകളില്‍നിന്നും കൈപ്പറ്റണമെന്നും കളക്ടര്‍ അറിയിച്ചു.
- Log in to post comments