Skip to main content

കേച്ചേരിപുഴയുടെ പുനരുജ്ജീവനത്തിന്‌  പി കെ ബിജു എം പി യുടെ നേതൃത്വത്തില്‍ സമഗ്രപദ്ധതി

മാലിന്യനിക്ഷേപവും കയ്യേറ്റങ്ങളും മൂലം നീരൊഴുക്ക്‌ കുറയുകയും ജീര്‍ണാവസ്ഥയിലാവുകയും ചെയ്‌ത കേച്ചേരിപുഴയുടെ പുനരുജ്ജീവനത്തിന്‌ സമഗ്രപദ്ധതി ഒരുങ്ങുന്നു. ജനപ്രതിനിധികളുടെയും, ഉദ്യോഗസ്ഥരുടെയും, സന്നദ്ധപ്രവര്‍ത്തകരുടെയും പൊതുജനങ്ങളുടെയും പങ്കാളിത്തത്തോടെ ജനകീയ സംരംഭമായി കേച്ചേരിപ്പുഴയെ വീണ്ടെടുക്കുന്ന പ്രവൃത്തികളുമായി മുന്നോട്ടുപോകാന്‍ പി.കെ. ബിജു എം.പിയുടെ അധ്യക്ഷതയില്‍ മുളങ്കുന്നത്തുകാവ്‌ കിലയില്‍ ചേര്‍ന്ന അവലോകന യോഗം തീരുമാനിച്ചു. കേച്ചേരിപ്പുഴയുടെ ഗതിവഴികളും നദീതടവും വീണ്ടെടുക്കല്‍, മാലിന്യനിക്ഷേപം തടയല്‍ മാലിന്യ സംസ്‌ക്കരണം, ശുചീകരണം എന്നീ പ്രവര്‍ത്തികള്‍ ഉള്‍പ്പെട്ടതാണ്‌ പുനരുജ്ജീവന യജ്ഞം. കിലയക്കാണ്‌ പുനരുജ്ജീവന പ്രവര്‍ത്തനങ്ങളുടെ എകോപന ചുമതല. സെപ്‌തംബര്‍ 16 മുതല്‍ 20 വരെ 5 ദിവസങ്ങളിലായി പുഴയുമായി ബന്ധപ്പെട്ട എല്ലാ തോടുകളും കൈവഴികളും പഞ്ചായത്തുകളുടെയും മറ്റ്‌ തദ്ദേശഭരണസംവിധാനങ്ങളുടെയും നേതൃത്വത്തില്‍ വ്യത്തിയാക്കും. കുടുംബശ്രീപ്രവര്‍ത്തകരുടെയും തൊഴിലുറപ്പ്‌ തൊഴിലാളികളുടെയും,സന്നദ്ധപ്രവര്‍ത്തകരുടെയും നാട്ടുകാരുടെയും സഹകരണത്തോടെയാണ്‌ പഞ്ചായത്ത്‌-മുനിസിപ്പാലിറ്റി തലങ്ങളില്‍ പുഴ ശുചീകരണം നടത്തുക. സെപ്‌തംബര്‍ 25-ാം തീയതി സ്‌ട്രീം കമ്മറ്റികളുടെ രൂപീകരണവും അനുബന്ധ പരിശീലന ക്ലാസും കിലയില്‍ നടക്കും. പുഴയൊഴുകുന്ന എല്ലാ തദ്ദേശഭരണസ്ഥാപനങ്ങളിലും നീരൊഴുക്ക്‌ കമ്മറ്റി രൂപീകരിക്കും. കേരള കാര്‍ഷിക സര്‍വ്വകലാശാലയിലെ 53 വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ പുഴയുടെ മാപ്പിംഗ്‌ പൂര്‍ത്തീകരിച്ചു കഴിഞ്ഞിട്ടുണ്ട്‌. എല്ലാ പഞ്ചായത്തുകളിലും പുഴയുടെ അതിര്‍ത്തി തിരിക്കുന്നതിനുള്ള സര്‍വ്വേ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്‌. പുഴയുടെ സര്‍വ്വേക്ക്‌ പഞ്ചായത്തുകള്‍ ജില്ലാ സര്‍വ്വേ ഓഫീസര്‍ മുമ്പാകെ പദ്ധതി സമര്‍പ്പിക്കണമെന്നും ഒരുമാസംകൊണ്ട്‌ സര്‍വ്വേ പൂര്‍ത്തിയാക്കണമെന്നും പി.കെ. ബിജു എം.പി. യോഗത്തില്‍ നിര്‍ദ്ദേശം നല്‍കി. സര്‍വ്വേ വേഗത്തില്‍ പൂര്‍ത്തയാക്കാനായി സ്‌പെഷ്യല്‍ സര്‍വ്വേ ടീമിനെ ലഭ്യമാക്കാന്‍ കളക്‌ടറോട്‌ ആവശ്യപ്പെടുമെന്നും എം പി പറഞ്ഞു.
പഞ്ചായത്തുതലത്തിലുള്ള നീരൊഴുക്ക്‌ കമ്മറ്റിക്ക്‌ ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാന്‍ വിദഗ്‌ദരടങ്ങിയ കില സെല്‍ രൂപീകരിച്ചു. മാസത്തില്‍ ഒരുപ്രാവശ്യം ഈ കമ്മറ്റി യോഗംചേരും. എം.പി., ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്‍്‌റ്‌, ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്‍്‌റുമാര്‍, പഞ്ചായത്ത്‌-നഗരസഭാ ജനപ്രതിനിധികള്‍, കില സെല്‍ മെമ്പര്‍മാര്‍, ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങിയ മേല്‍നോട്ടസമിതിയായിരിക്കും പുനരുജ്ജീവന പ്രവര്‍ത്തികള്‍ വിലയിരുത്തുക. ആറുമാസത്തിലൊരിക്കല്‍ മേല്‍നോട്ടസമിതി യോഗം ചേരും. 
പുഴയിലെ വിവിധ ചിറകളുടെ അറ്റകുറ്റപ്പണികള്‍ക്ക്‌ അതത്‌ പഞ്ചായത്തുകള്‍ ചെറുകിട ജലസേചന വകുപ്പിന്‌ പദ്ധതി രൂപരേഖസമര്‍പ്പിക്കാന്‍ എം.പി. യോഗത്തില്‍ നിര്‍ദ്ദേശം നല്‍കി. പുഴയുടെ തീരങ്ങളിലെ അക്കേഷ്യയൂക്കാലിപ്‌റ്റസ്‌ തോട്ടങ്ങള്‍ ഒഴിവാക്കണമെന്നും വനംവകുപ്പ്‌ പദ്ധതിയുമായി സഹകരിക്കണം. കൃഷിവകുപ്പും, കുടുംബശ്രീയും ,ശുചിത്വമിഷനും, ജിസേചനവകുപ്പും, സോയില്‍ ആന്‍ഡ്‌ സര്‍വ്വേ വകുപ്പും, എംഎന്‍ആര്‍ഇജിഎസും ഉള്‍പ്പടെയുള്ള വകുപ്പുകള്‍ കേച്ചേരിപ്പുഴയുടെ പുനരുജ്ജീവനത്തിനാവശ്യമായ കര്‍മ്മപദ്ധതികള്‍ക്ക്‌ രൂപം നല്‍കണമെന്നും എം.പി. കൂട്ടിച്ചേര്‍ത്തു. പദ്ധതി നടത്തിപ്പില്‍ സര്‍ക്കാര്‍ വകുപ്പുകള്‍ തമ്മില്‍ എകോപനം വേണമെന്നും പഞ്ചായത്തുകളുടെയും മുനിസിപ്പാലിറ്റികളുടെയും വിവിധ വകുപ്പുകളുടെയും പദ്ധതികള്‍ കേച്ചേരിപ്പുഴയുടെ വീണ്ടെടുപ്പുകൂടി ലക്ഷ്യമിട്ടുള്ളതുകൂടിയായിരിക്കണമെന്നും, പുഴയുടെ വീണ്ടെടുപ്പെന്ന ലക്ഷ്യം വേഗത്തില്‍ പൂര്‍ത്തീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 
യോഗത്തില്‍ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്‍്‌റ്‌ മേരി തോമസ്‌, വടക്കാഞ്ചേരി നഗരസഭാ വൈസ്‌ചെയര്‍മാന്‍ അനൂപ്‌ കിഷോര്‍, വിവിധ തദ്ദേശസ്വയംഭരണ ജനപ്രതിനിധികള്‍, കില ഡയറക്ടര്‍ ജോയ്‌ ഇളമണ്‍, വിനോദ്‌കുമാര്‍ , ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date