Skip to main content
പൊലിമ പുതുക്കാട് നാലാം ഘട്ടത്തിലേക്ക്

പൊലിമ പുതുക്കാട് നാലാം ഘട്ടത്തിലേക്ക്

നാൽപതിനായിരം വനിതകളെ ഉൾക്കൊള്ളിച്ച് പുതുക്കാട് മണ്ഡലത്തിൽ സംഘടിപ്പിച്ച കാർഷിക പദ്ധതിയായ പൊലിമ പുതുക്കാടിന്റെ നാലാംഘട്ട തൈ നടീൽ ഉദ്ഘാടനം വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്തിലെ 14-ാംവാർഡിൽ കെ കെ രാമചന്ദ്രൻ എംഎൽഎ നിർവഹിച്ചു. വിഷു ചന്ത ലക്ഷ്യമിട്ടാണ് നാലാം ഘട്ടത്തിന് തുടക്കം ആകുന്നത്. 

ഭക്ഷ്യോത്പാദന രംഗത്ത് 
സ്വയംപര്യാപ്തത കൈവരിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ആശയം പ്രാവര്‍ത്തികമാക്കുന്നതിൻ്റെ ഭാഗമായാണ് പൊലിമ പുതുക്കാട് പദ്ധതിക്ക് തുടക്കമിട്ടത്. തദ്ദേശ സ്ഥാപനങ്ങള്‍, കുടുംബശ്രീ, കൃഷിവകുപ്പ്, സഹകരണ സ്ഥാപനങ്ങള്‍, തൊഴിലുറപ്പ് പദ്ധതി എന്നിവയുടെ ഫലപ്രദമായ സംയോജനം വഴിയാണ് പദ്ധതി നടപ്പിലാക്കി വരുന്നത്. കുടുംബശ്രീയുടെ അഗ്രി ന്യൂട്രിഗാര്‍ഡന്‍ പദ്ധതി മുഖേനയുള്ള സഹായങ്ങളും അംഗങ്ങള്‍ക്ക് നൽകുന്നുണ്ട്. ഭക്ഷ്യസുരക്ഷ, തരിശുഭൂമി കൃഷിയോഗ്യമാക്കല്‍, കൃഷിയോട് താത്പര്യം വര്‍ദ്ധിപ്പിക്കല്‍, മട്ടുപ്പാവ് കൃഷി തുടങ്ങിയവയാണ് പൊലിമയുടെ പ്രധാന ലക്ഷ്യങ്ങള്‍.  

കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ആർ രഞ്ജിത്ത്  അധ്യക്ഷനായി. വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജിതാ സുധാകരൻ, തൃക്കൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  സുന്ദരി മോഹൻദാസ്, കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ കവിത എം, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഹേമലത നന്ദകുമാർ, ഇ കെ സദാശിവൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, ഇഞ്ചക്കുണ്ട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ബൈജു തുടങ്ങിയവർ പങ്കെടുത്തു.

date