Skip to main content

അത്യാധുനിക റിഗ് ഇടുക്കിക്ക് സ്വന്തം; കര്‍ഷകര്‍ക്ക് കുഴല്‍കിണര്‍ നിര്‍മാണം ഇനി അതിവേഗം

*ആദ്യ കുഴല്‍കിണര്‍ നിര്‍മ്മാണോദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിച്ചു
*505 അടിയോളം ആഴത്തില്‍ കുഴിക്കാം

ഇടുക്കി ജില്ലക്ക് അനുവദിച്ച അത്യാധുനിക കുഴല്‍ കിണര്‍ നിര്‍മാണ യൂണിറ്റ്  ഉപയോഗിച്ച് ആദ്യമായി നിര്‍മിക്കുന്ന കുഴല്‍കിണറിന്റെ നിര്‍മ്മാണോദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിച്ചു. കട്ടപ്പന താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് സെന്ററിന് വേണ്ടിയാണ് കുഴല്‍ കിണര്‍ നിര്‍മ്മിക്കുന്നത്. സമയബന്ധിതമായി കുഴല്‍കിണര്‍ നിര്‍മാണം പൂര്‍ത്തിയാക്കാനാവശ്യമായ നടപടികള്‍ സ്വീകരിച്ചതായി മന്ത്രി പറഞ്ഞു. ഇതുവഴി ആശുപത്രിയിലേക്ക് ഡയാലിസിസിന് ആവശ്യമായ ജലം ഉറപ്പാക്കും. കട്ടപ്പന താലൂക്ക് ആശുപത്രിയില്‍ കൂടുതല്‍ ഡയാലിസിസ് യൂണിറ്റ് ആരംഭിക്കുന്ന കാര്യം ആരോഗ്യവകുപ്പുമായി ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു.
    ഭൂജലവകുപ്പ് പ്ലാന്‍ ഫണ്ടില്‍ നിന്നും 79,238 രൂപ ചിലവഴിച്ചാണ് കുഴല്‍കിണര്‍ നിര്‍മാണം. രണ്ട് വാഹനങ്ങളിലായാണ് കുഴല്‍ കിണര്‍ യൂണിറ്റ് പ്രവര്‍ത്തിക്കുന്നത്. വാഹനം ചെല്ലുന്നിടത്ത് നിന്ന് നൂറു മീറ്റര്‍ അകലെ വരെ യൂണിറ്റ് ഉപയോഗിച്ച് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്താനാവും. 505 അടിയോളം ആഴത്തില്‍ റിഗ്ഗ് പ്രവര്‍ത്തിപ്പിക്കാനുള്ള സംവിധാനം ഇതിലുണ്ട്.
    ഭൂജല വകുപ്പിന്റെ അത്യാധുനിക സംവിധാനങ്ങളുള്ള പുതിയ ആറ് കുഴല്‍ കിണര്‍ നിര്‍മ്മാണ യൂണിറ്റുകളാണ് സംസ്ഥാനത്ത് ഫ്‌ളാഗ് ഓഫ് ചെയ്തത്. കാര്‍ഷിക ആവശ്യങ്ങള്‍ക്കും അതോടൊപ്പം കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശങ്ങളില്‍ ജലസ്രോതസുകള്‍ കൂടി പ്രയോജനപ്പെടുത്തി വേഗത്തില്‍ കുഴല്‍ കിണറുകള്‍ നിര്‍മ്മിക്കാനും പുതിയ  യൂണിറ്റുകള്‍ ഉപയോഗിച്ച് സാധിക്കും.
കുഴല്‍ കിണര്‍ നിര്‍മ്മാണത്തിനായി വകുപ്പിനെ സമീപിക്കുന്ന ചെറുകിട കര്‍ഷകര്‍ക്ക് സമയബന്ധിതമായി സേവനം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കിയത്.  12 ട്രക്കുകളിലായി ഘടിപ്പിച്ച ആറ് കുഴല്‍ കിണര്‍ നിര്‍മ്മാണ യൂണിറ്റുകളാണ് ഉള്ളത്. സംസ്ഥാന സര്‍ക്കാരിന്റെ ബജറ്റ് വിഹിതത്തില്‍ നിന്നും 6.74 കോടി രൂപ ചെലവഴിച്ചാണ് അത്യാധുനിക സംവിധാനങ്ങളുള്ളതും കുറഞ്ഞ സമയത്തില്‍ നിര്‍മ്മാണം പൂര്‍ത്തീകരിക്കുവാന്‍ സാധിക്കുന്നതുമായ റിഗ്ഗുകള്‍ വാങ്ങിയത്.
13 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വകുപ്പിന് പുതിയ റിഗ്ഗുകള്‍ ലഭിക്കുന്നത്. ഇന്‍ഡോറിലുള്ള ശ്രീകൃഷ്ണ എന്‍ജിനീയറിങ് ആന്‍ഡ് ഹൈഡ്രോളിക് കമ്പനിയാണ് റിഗ്ഗുകള്‍ നിര്‍മ്മിച്ചു നല്‍കിയിരിക്കുന്നത്.

ഇടുക്കി ജില്ലക്ക് അനുവദിച്ച അത്യാധുനിക കുഴല്‍ കിണര്‍ നിര്‍മാണ യൂണിറ്റ്  ഉപയോഗിച്ച് ആദ്യമായി നിര്‍മിക്കുന്ന കുഴല്‍കിണറിന്റെ നിര്‍മ്മാണോദ്ഘാടനം വീഡിയോ: https://we.tl/t-AQinLDkEJb

 

date