Skip to main content

വനിതാദിന വിജയഗാഥയുമായി ‘സാഫ്’

സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍വിമന്‍ (സാഫ്) നടപ്പിലാക്കുന്ന പദ്ധതിയിലൂടെ വനിതാദിന അഭിമാനമായി മയ്യനാട് സ്വദേശിയായ അനിതയെന്ന സംരംഭക. ‘ദക്ഷിണ’ എന്ന പാചകസംഘത്തിലൂടെയാണ് ജീവിതവിജയവഴിയിലേക്കുള്ള യാത്രനടത്തിയത്. മീനില്‍നിന്ന് വ്യത്യസ്തആഹാരങ്ങള്‍ ഉണ്ടാക്കുന്നതിന് വിദഗ്ധ പരിശീലനം നേടിയാണ് ഇവര്‍ മുഖ്യധാരയിലെത്തിയത്. ദക്ഷിണയുടെ ഫിഷ് ഫിംഗര്‍, ഫിഷ് കട്‌ലെറ്റ്, ഫിഷ് മിക്‌സചര്‍ തുടങ്ങിയ രുചികളൊക്കെ ഏറെ അംഗീകരിക്കപ്പെട്ടു. കാറ്ററിംങ് യൂണിറ്റുതന്നെ നടത്തിയായിരുന്നു തുടര്‍മുന്നേറ്റം. കോവിഡ്കാലത്തുനടത്തിയ സേവനത്തിന്റെ പരിചയസമ്പത്ത് വലിയ പരിപാടികള്‍ക്ക് ഭക്ഷണമൊരുക്കുന്നതിന് പ്രയോജനപ്പെട്ടു.

ജില്ലയില്‍ നടത്തിയ മത്സ്യോത്സവം തുടങ്ങി പ്രധാന ജനകീയപരിപാടികളിലൊക്കെ രുചിക്കൂട്ടുകളൊരുക്കി അനിതയും കൂട്ടുകാരും ലാഭവഴിയിലേക്കെത്തുകയായിരുന്നു. ബദല്‍ജീവനോപാധി ഒരുക്കുകയെന്ന ഫിഷറീസ് വകുപ്പിന്റെ ദൗത്യമാണ് ദക്ഷിണയിലൂടെ വിജയതീരത്തെത്തിയത്. മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ ശാക്തീകരണത്തിനായി സര്‍ക്കാര്‍ സാഫ് വഴി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി വിനിയോഗിച്ചത് ഇവര്‍ക്ക് നേട്ടമായി. 1600 ചെറുകിട തൊഴില്‍സംരംഭങ്ങളാണ് സാഫിന്റേതായി പ്രവര്‍ത്തിച്ചുവരുന്നത്. 6000 വനിതാമത്സ്യതൊഴിലാളികളാണ് ഗുണഭോക്താക്കള്‍.

date