Skip to main content
.

തിരഞ്ഞെടുപ്പില്‍ പട്ടികവര്‍ഗ പങ്കാളിത്തം ഉറപ്പാക്കാന്‍ ഇടമലക്കുടിയില്‍ 'നങ്ക വോട്ട് ക്യാമ്പയിന്‍'

*എല്ലാവരും വോട്ട് ചെയ്താല്‍ ഊരുമൂപ്പന്മാര്‍ക്ക് ജില്ലാ കളക്ടറുടെ സമ്മാനം

ലോക്സഭ തിരഞ്ഞെടുപ്പില്‍ പട്ടികവര്‍ഗ വിഭാഗത്തിന്റെ സമ്പൂര്‍ണ്ണ പങ്കാളിത്തം ഉറപ്പാക്കാന്‍ ഇന്ത്യയിലെ ആദ്യത്തെ ഗോത്രവര്‍ഗ പഞ്ചായത്തായ ഇടമലക്കുടിയില്‍ 'നങ്ക വോട്ട് കാമ്പയ്ന്‍' സംഘടിപ്പിച്ചു. ജില്ലാഭരണകൂടവും ജില്ലാ ഇലക്ഷന്‍ വിഭാഗവും തിരഞ്ഞെടുപ്പ് ബോധവത്കരണ പരിപാടിയായ സ്വീപിന്റെ (സിസ്റ്റമാറ്റിക് വോട്ടേഴ്സ് എജ്യുക്കേഷന്‍ ആന്റ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍) ഭാഗമായി ആവിഷ്‌കരിച്ച കാമ്പയ്ന്‍ ഇടമലക്കുടിയല്‍ ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ് ഉദ്ഘാടനം ചെയ്തു.
വോട്ടര്‍പട്ടികയില്‍ പേരില്ലാത്ത മുഴുവന്‍ പട്ടികവര്‍ഗ വിഭാഗക്കാരെയും വോട്ടര്‍പട്ടികയില്‍ ചേര്‍ക്കുകയാണ് 'നങ്ക വോട്ട്' ക്മ്പയ്ന്റെ ലക്ഷ്യം. 'നങ്ക വോട്ട്' എന്നാല്‍ മന്നാന്‍ ഭാഷയില്‍ നമ്മുടെ വോട്ട് എന്നാണ് അര്‍ത്ഥം.
പരിപാടിയില്‍ ദേവികുളം സബ്കളക്ടര്‍ ജയകൃഷ്ണന്‍ വി.എം., ഇടുക്കി സബ്കളക്ടര്‍ ഡോ.അരുണ്‍ എസ്.നായര്‍ എന്നിവര്‍ കുടിനിവാസികളുമായി സംവദിക്കുകയും തെരഞ്ഞെടുപ്പ് ബോധവത്കരണ പരിപാടികള്‍ക്ക് നേതൃത്വം കൊടുക്കുകയും ചെയ്തു.
തുടര്‍ദിവസങ്ങളില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സമാനമായ കാമ്പയ്നുകള്‍ സംഘടിപ്പിക്കുകയും എല്ലാ പട്ടിക വര്‍ഗക്കാരുടെയും പേര് വോട്ടര്‍പട്ടികയില്‍ ചേര്‍ത്ത ജില്ലയായി മാറുകയും ചെയ്യുകയാണ് ലക്ഷ്യം. ദേവികുളം തഹസില്‍ദാരുടെ നേതൃത്വത്തില്‍ വിവിധ കുടികളിലെ 30 ഓളം പേരെ പരിപാടിയോടനുബന്ധിച്ച് വോട്ടര്‍പട്ടികയില്‍ ചേര്‍ത്തു.
ഊരിലെ മുഴുവന്‍ ആളുകളെയും തിരഞ്ഞെടുപ്പില്‍ പങ്കാളികളാക്കാന്‍ ഊരു മൂപ്പന്‍മാരുടെ കോണ്‍ക്ളേവും ജില്ലാ കളക്ടര്‍ ഇടമലക്കുടിയില്‍ വിളിച്ചു ചേര്‍ത്തു. എല്ലാ താലൂക്കിലും ഇത്തരത്തില്‍ മൂപ്പന്‍മാരുടെ കോണ്‍ക്ലേവ് വിളിച്ചു ചേര്‍ക്കാനും തിരഞ്ഞെടുപ്പില്‍ ഊരുകളിലെ എല്ലാവരുടെയും പങ്കാളിത്തം ഉറപ്പുവരുത്താനും ജില്ലാ ഭരണകൂടം പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. തങ്ങളുടെ ഊരുകളിലെ 18 വയസ്സു തികഞ്ഞ മുഴുവന്‍ ആളുകളെയും വോട്ടര്‍ പട്ടികയില്‍ ചേര്‍ക്കുകയും അവരില്‍ 100 ശതമാനം വോട്ടിംഗ് ഉറപ്പു വരുത്തുകയും ചെയ്യുന്ന മൂപ്പന്‍മാര്‍ക്ക് ജില്ലാ കളക്ടര്‍ പ്രത്യേക സമ്മാനം നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.
പരിപാടിയോടനുബന്ധിച്ച് കുട്ടികള്‍ക്കായി ചിത്രരചനയും വോട്ടിംഗ് യന്ത്രവും വോട്ടു ചെയ്യുന്ന രീതിയും പരിചയപ്പെടുത്താനായി മുതിര്‍ന്നവര്‍ക്ക് മോക് പോളും സംഘടിപ്പിച്ചിരുന്നു. ആവേശത്തോടെ മോക് പോളില്‍ പങ്കെടുത്ത കുടി നിവാസികള്‍ ലോകസഭ തിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാനെത്തുമെന്ന് ഉറപ്പു നല്‍കിയാണ് മടങ്ങിയത്.
സ്വീപ് പരിപാടിയുടെ ഭാഗമായി ഇടുക്കി ജില്ലയില്‍ കന്നി വോട്ടു ചെയ്യുന്നവര്‍ക്കായി കോളേജുകള്‍ കേന്ദ്രീകരിച്ച് 'ഫസ്റ്റ് വോട്ട് ചലഞ്ച്' കാമ്പയ്നും നടന്നു വരുന്നുണ്ട്. ആര്‍ട്ട് ഇന്‍സ്റ്റലേഷന്‍, മീം, പോസ്റ്റര്‍, റീല്‍സ് തുടങ്ങി വിവിധ പ്രായക്കാര്‍ക്കുളള നിരവധി മത്സരങ്ങളും തിരഞ്ഞെടുപ്പ് ബോധവത്ക്കരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. സ്വീപിന്റെ ഭാഗമായ മത്സരങ്ങളെയും മറ്റു പരിപാടികളെയും കുറിച്ചുളള വിവരം sveep_idukki എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വഴിയും ജില്ലാ കളക്ടറുടെ ഔദ്യാഗിക ഫേസ്ബുക്ക് പേജായ district collector Idukki വഴിയും ലഭ്യമാകും.

date