Skip to main content

പോസ്റ്റല്‍ വോട്ടിനുള്ള 12-ഡി ഫോമുകള്‍ വിതരണം തുടങ്ങി

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പോസ്റ്റല്‍ വോട്ട് ചെയ്യുന്നതിനുള്ള 12-ഡി ഫോമുകള്‍ (ഇംഗ്ലീഷ് ഫോമുകള്‍) ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ വിതരണം തുടങ്ങി. മലയാളത്തിലുള്ള ഫോമുകള്‍ മാര്‍ച്ച് 24 ഞായറാഴ്ച മുതല്‍ വിതരണം ചെയ്യും. 85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കും ഭിന്നശേഷിക്കാരായ വോട്ടര്‍മാര്‍ക്കുമാണ് 12-ഡി ഫോമുകള്‍ നല്‍കുന്നത്. വിജ്ഞാപന തീയ്യതിയായ മാര്‍ച്ച് 28ന് ശേഷമുള്ള അഞ്ച് ദിവസത്തിനുള്ളില്‍ ഇവ പൂരിപ്പിച്ച് നല്‍കണം. വോട്ടര്‍ പട്ടികയില്‍ 85+, പി ഡബ്ല്യു ഡി എന്ന് രേഖപ്പെടുത്തിയവര്‍ക്കാണ് അപേക്ഷിക്കാവുന്നത്.
പ്രായാധിക്യം കൊണ്ടുള്ള ബുദ്ധിമുട്ടുള്ളവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും പോളിംഗ് കേന്ദ്രത്തില്‍ പോകാതെ തന്നെ വോട്ട് ചെയ്യുന്നതിനുള്ള അവസരമാണ് ഒരുക്കുന്നത്. വോട്ടര്‍പട്ടികയില്‍ ഭിന്നശേഷിക്കാരായി ഫ്ളാഗ് ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിനായി ബി എല്‍ ഒ മാരുമായി ബന്ധപ്പെടാം. സെക്ടര്‍ ഓഫീസര്‍മാരുടെ നിരീക്ഷണത്തിലാണ് ബി എല്‍ ഒമാര്‍ വീടുകളില്‍ ഫോമുകള്‍ വിതരണം ചെയ്യുന്നത്.
തിരഞ്ഞെടുപ്പില്‍ തപാല്‍ വോട്ട് ചെയ്യാനുള്ള മുതിര്‍ന്ന പൗരന്‍മാരുടെ പ്രായപരിധി 80 വയസ്സിന് മുകളില്‍  എന്നുള്ളത് 85 വയസ്സിനു മുകളിലുള്ളവര്‍ക്കായി ഉയര്‍ത്തിയിട്ടുണ്ട്. 1961ലെ ഇലക്ഷന്‍ റൂള്‍ 27 എ യിലെ ക്ലോസി(ഇ)ല്‍ വരുത്തിയ ഭേദഗതി പ്രകാരമാണ് ഇത്. ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷന്റെ അഭിപ്രായം തേടിയ ശേഷം കേന്ദ്ര നിയമ മന്ത്രാലയമാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.
 

date