Skip to main content

ഇലക്ട്രോണിക് മാധ്യമങ്ങളിലെ രാഷ്ട്രീയപരസ്യങ്ങള്‍ക്ക് എം.സി.എം.സി. സര്‍ട്ടിഫിക്കേഷനുണ്ടാകണം - ജില്ലാ കലക്ടര്‍

ഇലക്ട്രോണിക് മാധ്യമങ്ങളിലെ രാഷ്ട്രീയപരസ്യങ്ങള്‍ക്ക് മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിങ്ങ് കമ്മിറ്റിയുടെ (എം.സി.എം.സി.) മുന്‍കൂര്‍ സര്‍ട്ടിഫിക്കേഷന്‍ വാങ്ങണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും വരണാധികാരിയുമായ ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ് അറിയിച്ചു. മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്റ് മോണിറ്ററിംഗ് കമ്മിറ്റിയുടെ ചേമ്പറില്‍ ചേര്‍ന്ന അവലോകനയോഗത്തില്‍ അധ്യക്ഷതവഹിക്കുകയായിരുന്നു. വിദ്വേഷ-അപകീര്‍ത്തികരമായ പ്രചാരണം, തിരഞ്ഞെടുപ്പ് ചട്ടങ്ങള്‍ക്ക് അനുസൃതമായ മാധ്യമനിരീക്ഷണം, പരസ്യങ്ങള്‍ക്കും മറ്റുമുള്ള അനുമതി തുടങ്ങിയവയാണ് കമ്മിറ്റിയുടെ പ്രധാന ചുമതലകള്‍.  

ടി.വി./കേബിള്‍ ചാനലുകള്‍, ബള്‍ക്ക് എസ്.എം.എസ്., വോയിസ് മെസേജ്, ഇ-പേപ്പര്‍, പൊതുസ്ഥലങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്ന ഓഡിയോ/വീഡിയോ, ഇന്റര്‍നെറ്റ്-സോഷ്യല്‍മീഡിയ വെബ്‌സൈറ്റുകള്‍, സിനിമാതിയറ്റര്‍, റേഡിയോ എന്നിവയില്‍ നല്‍കുന്ന രാഷ്ട്രീയപരസ്യങ്ങള്‍ക്ക് പ്രീ- സര്‍ട്ടിഫിക്കേഷന്‍ നിര്‍ബന്ധമാണ്. വോട്ടെടുപ്പിന്റെ തലേദിവസവും വോട്ടെടുപ്പ് ദിവസവും പ്രസിദ്ധീകരിക്കുന്ന അച്ചടിമാധ്യമങ്ങളിലെ രാഷ്ട്രീയപരസ്യത്തിനും തെരഞ്ഞെടുപ്പ് കാര്യങ്ങള്‍ക്കും പ്രീ സര്‍ട്ടിഫിക്കേഷന്‍ ഉണ്ടയാരിക്കണം.

ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ ചെയര്‍പേഴ്‌സണായ എം.സി.എം.സി. സമിതിയാണ് അപേക്ഷ പരിശോധിച്ച് സര്‍ട്ടിഫിക്കേഷന്‍ നല്‍കുക. എം.സി.എം.സി. സര്‍ട്ടിഫിക്കേഷനില്ലാതെ പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കുകയോ സംപ്രേഷണം ചെയ്യുകയോ ചെയ്താല്‍ ജനപ്രാതിനിധ്യനിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരവും സുപ്രീകോടതി വിധിയുടെ ലംഘനം കണക്കിലെടുത്തും കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കും. എം.സി.എം.സി. സര്‍ട്ടിഫിക്കേഷന്‍ ലഭിച്ച പരസ്യങ്ങള്‍ മാത്രം സംപ്രേഷണം/പ്രസിദ്ധീകരിക്കാന്‍ മാധ്യമസ്ഥാപനങ്ങള്‍ ശ്രദ്ധിക്കണമെന്നും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.

യോഗത്തില്‍ എം.സി.എം.സി അംഗങ്ങളായ സബ്കലക്ടര്‍ മുകുന്ദ് ഠാക്കൂര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഡോ. രമ വി., ജില്ലാ ഇന്‍ഫര്‍മാറ്റിക്‌സ് ഓഫീസര്‍ ജിജി ജോര്‍ജ്, മീഡിയ നോഡല്‍ ഓഫീസര്‍ എല്‍. ഹേമന്ത് കുമാര്‍, മുതിര്‍ന്ന മാധ്യമപ്രതിനിധി ഇഗ്നേഷ്യസ് പെരേര എന്നിവര്‍ പങ്കെടുത്തു.

date