Skip to main content
ലോക്‌സഭ തിരഞ്ഞെടുപ്പ്

ലോക്‌സഭ തിരഞ്ഞെടുപ്പ് സ്ഥാനാര്‍ഥികളുടെ സംശയനിവാരണം നടത്തി തിരഞ്ഞെടുപ്പ് നിരീക്ഷകര്‍

കൊല്ലം ലോക്‌സഭ മണ്ഡലത്തിലെ സ്ഥാനാര്‍ഥികളുടെ പ്രതിനിധികളുമായി തിരഞ്ഞെടുപ്പ് നിരീക്ഷകര്‍ കൂടിക്കാഴ്ച നടത്തി. വരണാധികാരിയായ ജില്ല കലക്ടര്‍ എന്‍. ദേവിദാസിന്റെ ചേംബറില്‍ പൊതുനിരീക്ഷകനായ അരവിന്ദ് പാല്‍ സിംഗ് സന്ധു, പൊലിസ് നിരീക്ഷകന്‍ റാം തെങ്‌ലിയാന, ചിലവ് നിരീക്ഷകന്‍ ഡോ. എ. വെങ്കടേഷ് ബാബു എന്നിവരാണ് ആശയവിനിമയം നടത്തിയത്.

തിരഞ്ഞെടുപ്പ് ചട്ടങ്ങളെ കുറിച്ചുള്ള സംശയനിവാരണമാണ് ആദ്യം നടത്തിയത്. പോളിംഗ് സ്റ്റേഷനുകളില്‍ സ്ത്രീകള്‍ക്കും, അംഗപരിമിതര്‍ക്കും ഒരുക്കിയിട്ടുള്ള സൗകര്യങ്ങളും വിശദീകരിച്ചു. തപാല്‍വോട്ട് രേഖപ്പെടുത്തുന്നതിനുള്ള മാനദണ്ഡവും നിലവിലെ പുരോഗതിയും വിശദീകരിച്ചു.

ക്രമസമാധനപാലനത്തിനുള്ള സംവിധാനങ്ങള്‍ യോഗം വിലയിരുത്തി. പ്രശ്‌നബാധിതമെന്ന് കണ്ടെത്തിയ ബൂത്തുകളില്‍ അധിക സുരക്ഷയ്ക്കായി കേന്ദ്ര സേനയുടെ സേവനം വിനിയോഗിക്കും. സേനാംഗങ്ങളെ വിവിധ മേഖലകളില്‍ വിന്യസിച്ചുകഴിഞ്ഞു. സ്ഥാനാര്‍ഥികളുടെ സുരക്ഷ സംബന്ധിച്ച് എന്തെങ്കിലും ആശങ്കയുണ്ടെങ്കില്‍ പരിഹാരനടപടികള്‍ സ്വീകരിക്കും. ഓരോ പോളിംഗ്ബൂത്തിലും കുറഞ്ഞത് ഒരു പൊലിസ് ഉദ്യോഗസ്ഥ സേവനം ഉറപ്പാക്കും. സംസ്ഥാനത്ത് പൊതുവില്‍ സമാധാനന്തരീക്ഷമാണ് നിലനില്‍ക്കുന്നത്. ഉയര്‍ന്ന സാക്ഷരതാസാന്നിധ്യമാണ് ക്രമസമാധാനപാലനം സുഗമമാക്കുന്നതെന്നും വ്യക്തമാക്കി.

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അനധികൃത പണമിടപാടുകള്‍ നടക്കുന്നില്ലെന്ന് ഉറപ്പാക്കാനായി വിപുലസംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സ്റ്റാറ്റിക്-ഫ്‌ളൈയിംഗ്-വിഡിയോ സര്‍വൈലന്‍സ്-ആന്റി ഡിഫേസ്‌മെന്റ് സ്‌ക്വാഡുകളുടെ പ്രവര്‍ത്തനത്തിലൂടെയാണ് ചട്ടലംഘനം നടക്കുന്നില്ലെന്ന് ഉറപ്പാക്കുന്നത്. സ്ഥാനാര്‍ഥികളുടേതുള്‍പ്പടെ ചിലവുകള്‍ പ്രതിദിന പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. എല്ലാസ്ഥാനാര്‍ഥികള്‍ക്കും തുല്യ അവസരം ഉറപ്പാക്കുന്നതിനാണ് ചിലവുകള്‍ക്ക് നിശ്ചിത മാനദണ്ഡങ്ങള്‍ തയ്യാറാക്കിയത്.

പൊതുജനത്തിന്റെ പരാതി അതിവേഗത്തിലാണ് പരിഹരിക്കുന്നത്. സി-വിജില്‍ ആപ്പ് മുഖാന്തിരം പരാതികിട്ടി 100 മിനുട്ടിനകം തീര്‍പ്പാക്കുന്നരീതിയാണ് തുടരുന്നത്. ഇക്കാര്യത്തില്‍ കാലതാമസം ഒഴിവാക്കിയതുവഴി പരാതിപരിഹാരമാണ് ത്വരിതപ്പെടുത്തിയത്. മാധ്യമങ്ങള്‍വഴിയുള്ള വാര്‍ത്താവിതരണത്തിലും പരസ്യങ്ങളുടെ പ്രചാരണത്തിലും മാനദണ്ഡങ്ങള്‍ പാലിക്കുന്നുവെന്നും ഉറപ്പാക്കിയിട്ടുണ്ട്. നവമാധ്യമങ്ങള്‍ ഉള്‍പ്പടെയാണ് നിരീക്ഷണവിധേയമാക്കുന്നത്.

വിവിധ മേഖലകളില്‍ നിന്ന് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉയരുന്ന ആശങ്കകള്‍ ദൂരീകരിക്കുന്നതിനും സംശയനിവാരണത്തിനും കൂടിക്കാഴ്ച വേദിയായി. എല്ലാവര്‍ക്കും ഏതുസമയത്തും പരാതികള്‍ സമര്‍പിക്കാന്‍ അവസരമുണ്ടെന്ന് നിരീക്ഷകര്‍ അറിയിച്ചു. നിശ്ചിത സമയത്ത് ക്യാമ്പ് ഓഫീസായ പി. ഡബ്‌ള്യു. ഡി. റസ്റ്റ്ഹൗസില്‍ പരാതി നല്‍കാം. ഫോണ്‍ : അരവിന്ദ് പാല്‍ സിംഗ് സന്ധു-6282935772; റാം തെങ്‌ലിയാന-8281544704; ഡോ. എ. വെങ്കടേഷ് ബാബു-9952668687.  

date